ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ഫൈനല്‍ പോരാട്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ തോല്‍പ്പിച്ചു അരങ്ങേറ്റ സീസണില്‍ തന്നെ ഗുജറാത്ത് ടൈറ്റന്‍സ് കിരീടം സ്വന്തമാക്കി. കലാശപോരാട്ടത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത രാജസ്ഥാന്‍ 131 റണ്‍സ് വിജയലക്ഷ്യമാണ് ഉയര്‍ത്തിയത്. വിജയലക്ഷ്യം പിന്തുടര്‍ന്ന ഗുജറാത്ത് ആദ്യം ഒന്ന് പതറിയെങ്കിലും 18.1 ഓവറില്‍ വിജയം നേടിയെടുത്തു.
ഫൈനല്‍ പോരാട്ടത്തിനു ശേഷം തന്‍റെ ടീമിനെയോര്‍ത്ത് അഭിമാനം ഉണ്ടെന്ന് സഞ്ചു സാംസണ്‍ പ്രതികരിച്ചു. 2008 ലെ കിരീട നേട്ടത്തിനു ശേഷം ഇതാദ്യമായാണ് രാജസ്ഥാന്‍ ഫൈനലില്‍ എത്തിയത്. ❝ഈ സീസൺ ഞങ്ങൾക്ക് ശരിക്കും സ്പെഷ്യലായിരുന്നു. കഴിഞ്ഞ രണ്ട്-മൂന്ന് സീസണുകളിൽ, എല്ലാ ആരാധകര്‍ക്കും വളരെ മോശപ്പെട്ടതാണ് നല്‍കിയത്. അവർക്ക് സന്തോഷകരമായ നിമിഷങ്ങൾ നല്‍കാന്‍ കഴിഞ്ഞു. എന്റെ ടീമിനെ ഓർത്ത് ശരിക്കും അഭിമാനിക്കുന്നു. മികച്ച യുവതാരങ്ങൾ, മികച്ച സീനിയര്‍ കളിക്കാര്‍. ഇന്ന് ഒരു മോശം ദിനമാണ്, പക്ഷേ എന്റെ ടീമിനെ ഓർത്ത് ശരിക്കും അഭിമാനിക്കുന്നു ❞ കളിക്ക് ശേഷം സാംസൺ പറഞ്ഞു.
കിരീടം നേടിയ ഗുജറാത്തിനെ സഞ്ചു സാംസണ്‍ അഭിനന്ദിച്ചു. ആദ്യ ക്വാളിഫയറില്‍ രാജസ്ഥാന്‍ തോല്‍പ്പിച്ചായിരുന്നു ഗുജറാത്ത് ഫൈനലില്‍ കടന്നത്. നേരത്തെ ലീഗ് ഘട്ടത്തിലും രാജസ്ഥാനെ ഗുജറാത്ത് ടൈറ്റന്‍സ് തോല്‍പ്പിച്ചിരുന്നു. സീസണിലെ തന്ത്രത്തെപ്പറ്റിയും വ്യക്തിഗത പ്രകടനത്തെപ്പറ്റിയും സഞ്ചു പറഞ്ഞു.
❝ലേലത്തില്‍ മികച്ച ബോളര്‍മാരെ വാങ്ങാന്‍ ശ്രമിച്ചു. അവരാണ് ടൂര്‍ണമെന്‍റ് വിജയിപ്പിക്കുക. ജോസ് ബട്ട്ലര്‍ 20 ഓവര്‍ തികച്ചു കളിക്കുന്നതിനാല്‍ റോളുകള്‍ വിത്യസ്തമായിരുന്നു. ജോസ് ബട്ട്ലറിനു ചുറ്റം വ്യത്യസ്തമായ ചിന്താഗതിയോടെ ബാറ്റര്‍മാര്‍ കളിച്ചു. എനിക്ക് ഭേദപ്പെട്ട സീസണായിരുന്നു ഇത്. നല്ല 30-കളും 40-കളും, നല്ല 20-കളും, അതിൽ സന്തോഷമുണ്ട്. ഗുജറാത്ത് ടൈറ്റൻസിന് വമ്പിച്ച അഭിനന്ദനങ്ങൾ, ഇന്ന് രാത്രി അവരായിരുന്നു വിജയത്തിന് അർഹര്‍ ❞ സഞ്ചു പറഞ്ഞു നിര്‍ത്തി.