ബാംഗ്ലൂർ ആ നാല് താരങ്ങളെ ലേലത്തിൽ സ്വന്തമാക്കണം. ഡിവില്ലിയേഴ്സിന്റെ തന്ത്രം ഇങ്ങനെ.

ഇത്തവണത്തെ ഐപിഎൽ ലേലത്തിന് മുന്നോടിയായി കേവലം 3 താരങ്ങളെ മാത്രമാണ് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് ഫ്രാഞ്ചൈസി സ്വന്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ സീസണുകളിലൊക്കെയും തങ്ങളുടെ സൂപ്പർ താരങ്ങളെ നിലനിർത്തിയ ബാംഗ്ലൂർ, ഇത്തവണ വ്യത്യസ്തമായ ഒരു തന്ത്രമാണ് ആവിഷ്കരിച്ചിരിക്കുന്നത്.

എന്നാൽ ബാംഗ്ലൂർ കൂടുതലായി ശ്രദ്ധിക്കേണ്ടത് ബോളർമാരിലാണ് എന്ന് തുറന്നുപറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് മുൻ ദക്ഷിണാഫ്രിക്കൻ താരം എ ബി ഡിവില്ലിയേഴ്സ്. ബോളർമാർക്ക് കൂടുതൽ മുൻഗണന നൽകി ബാംഗ്ലൂർ ലേലത്തെ നോക്കി കാണണം എന്നാണ് ഡിവില്ലിയേഴ്സ് പറയുന്നത്. ഇതിനായി ബാംഗ്ലൂർ ഏതൊക്കെ താരങ്ങളെ സ്വന്തമാക്കണമെന്നും ഡിവില്ലിയേഴ്സ് പറയുന്നു.

2024 ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പ്ലേയോഫിൽ എത്താൻ സാധിച്ചെങ്കിലും, കിരീടം സ്വന്തമാക്കുന്നതിൽ ബാംഗ്ലൂർ പരാജയപ്പെട്ടിരുന്നു. ഇതിന് ശേഷം ഇപ്പോൾ വിരാട് കോഹ്ലി, രജത് പട്ടിദാർ, യാഷ് ദയാൽ എന്നീ താരങ്ങളെ മാത്രമാണ് ബാംഗ്ലൂർ നിലനിർത്തിയിരിക്കുന്നത്. ഇത്തവണത്തെ ലേലത്തിൽ ബാംഗ്ലൂരിന് മുൻപിലുള്ള ആദ്യ ഓപ്ഷനുകളെയാണ് ഡിവില്ലിയേഴ്സ് ചൂണ്ടിക്കാട്ടിയത്. “എന്റെ കാഴ്ചപ്പാടിൽ ബാംഗ്ലൂരിന് മുൻപിലുള്ള ആദ്യ ഓപ്ഷനുകൾ യൂസ്വെന്ദ്ര ചഹൽ, കഗീസോ റബാഡ, ഭുവനേശ്വർ കുമാർ, രവിചന്ദ്രൻ അശ്വിൻ എന്നിവരാണ്. ലേലത്തിനായി അവശേഷിക്കുന്ന തുക വച്ച് ഇവരെ സ്വന്തമാക്കാനായി ഒരു വ്യക്തമായ പദ്ധതി ബാംഗ്ലൂർ ഉണ്ടാക്കണം. റബാഡയെ ലേലത്തിൽ ലഭിച്ചില്ലെങ്കിൽ മുഹമ്മദ് ഷാമിയെ ടീമിൽ എത്തിക്കാൻ ശ്രമിക്കണം. അവനെയും ലഭിച്ചില്ലെങ്കിൽ അർഷദീപ് സിംഗിലേക്ക് ശ്രദ്ധ ചെലുത്തണം. ഇത്തരത്തിലാണ് ബാംഗ്ലൂരിന്റെ ഓപ്ഷനുകൾ.”- ഡിവില്ലിയേഴ്സ് പറയുന്നു.

“ബാംഗ്ലൂർ ടീമിന് ഒരു ട്രോഫി ആവശ്യമില്ല. ട്രോഫിയെ കുറിച്ച് നമ്മൾ ഇനി ആലോചിക്കേണ്ടതില്ല. നമുക്കു വേണ്ടത് ചിന്നസ്വാമി സ്റ്റേഡിയത്തെ കൃത്യമായി മനസ്സിലാക്കാൻ സാധിക്കുന്ന ഒരു സന്തുലിതമായ ടീമാണ്. തന്ത്രങ്ങൾക്കനുസരിച്ച് ബോൾ ചെയ്യാനും അതിനനുസരിച്ച് മുൻപോട്ടു പോകാനും സാധിക്കുന്ന ഒരു ടീമിനെ കെട്ടിപ്പടുക്കാൻ കഴിയണം. മത്സരത്തെപ്പറ്റി കൃത്യമായി മനസ്സിലാക്കാൻ സാധിക്കുന്ന താരങ്ങളെ കണ്ടെത്തി ടീമിൽ ഉൾപ്പെടുത്തണം. അങ്ങനെ സംഭവിക്കുമ്പോൾ ട്രോഫി ടീമിലേക്ക് എത്തും.”- ഡിവില്ലിയേഴ്സ് കൂട്ടിച്ചേർക്കുന്നു.

2011 ഐപിഎൽ മുതൽ 2021 വരെ ബാംഗ്ലൂർ ടീമിന്റെ നിറസാന്നിധ്യമായിരുന്നു ഡിവില്ലിയേഴ്സ്. 2011ലും 2016ലും ഡിവില്ലിയേഴ്സിന്റെ മിന്നും പ്രകടനത്തിന്റെ കൂടെ ബലത്തിലാണ് ബാംഗ്ലൂർ ടൂർണമെന്റിന്റെ ഫൈനലിൽ എത്തിയത്. ഇത്തവണത്തെ ലേലത്തിൽ വലിയ തുക കയ്യിലുള്ളത് ബാംഗ്ലൂരിനെ സഹായിക്കും എന്നാണ് ഡിവില്ലിയേഴ്സ് കരുതുന്നത്. ഒരുപാട് തുക ബാംഗ്ലൂരിന് അവശേഷിക്കുന്നുണ്ട് എന്ന് ഡിവില്ലിയേഴ്സ് പറയുന്നു. അതുകൊണ്ടു തന്നെ ചഹലിനെ ബാംഗ്ലൂർ തിരികെ ടീമിലെത്തിക്കണമെന്ന് ഡിവില്ലിയേഴ്സ് കൂട്ടിച്ചേർക്കുന്നു.

Previous article2025 മെഗാലേലത്തിൽ രാജസ്ഥാൻ ലക്ഷ്യം വയ്ക്കുന്നവർ. രചിൻ രവീന്ദ്ര അടക്കം 6 പേർ ലിസ്റ്റിൽ.
Next articleകോഹ്ലിയും രോഹിതുമല്ല, ഇന്ത്യ- ഓസീസ് പരമ്പരയിൽ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുക ആ 2 താരങ്ങൾ. റിക്കി പോണ്ടിങ്ങിന്‍റെ പ്രവചനം.