ഐപിഎൽ പതിനഞ്ചാം സീസൺ തുടങ്ങാനിരിക്കെ ബിസിസിഐ ക്കെതിരെ ആഞ്ഞടിച്ച് മുൻ ഇന്ത്യൻ കോച്ച് രവി ശാസ്ത്രി. താൻ എന്തുകൊണ്ടാണ് കമൻ്റേറ്റർ റോളിൽ നിന്നും വിട്ടു നിന്നത് എന്ന കാര്യം വ്യക്തമാക്കിയിരിക്കുകയാണ് മുൻ ഇന്ത്യൻ കോച്ച്.
ബോർഡിന്‍റെ മണ്ടൻ തീരുമാനങ്ങൾ കാരണമാണ് താൻ വിട്ടുനിന്നത് എന്ന് രവി ശാസ്ത്രി പറഞ്ഞു. ഐപിഎല്ലിലൂടെ കമന്‍ററി ബോക്സിലേക്ക് തിരിച്ചുവരാൻ തയ്യാറെടുക്കുകയാണ് അദ്ദേഹം.
ഇന്ത്യൻ ടീമിന്‍റെ കോച്ച് ആയിരിക്കെ ഐപിഎൽ കമൻ്റേറ്റർ ആകുന്നതിന് വിലക്കേർപ്പെടുത്തിയ ബോർഡിന്‍റെ തീരുമാനത്തെ ആണ് ഇപ്പോൾ വിമർശിച്ചിരിക്കുന്നത്.
2017 ലായിരുന്നു രവിശാസ്ത്രി ഇന്ത്യൻ ടീമിൻറെ മുഖ്യ പരിശീലകൻ ആയത്.
ഇത്തവണത്തെ ഐപിഎൽ മുൻ സീസണുകളിനേക്കാൾ വാശിയേറിയതായിരിക്കും എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഐപിഎൽ ലേലത്തിൽ എല്ലാ ടീമുകളും തഴഞതോടെ സുരേഷ് റെയ്നയും കമൻ്റേറ്റർ റോളിൽ എത്തുന്നുണ്ട് . 35 വയസ്സുകാരനായ റെയ്നയ്ക്ക് രണ്ടു കോടി രൂപയായിരുന്നു അടിസ്ഥാന വില. 204 മത്സരങ്ങളിൽ നിന്നും 5228 റൺസ് നേടിയിട്ടുള്ള റയ്ന ഐപിഎല്ലിലെ എക്കാലത്തെയും മികച്ച റൺ വേട്ടക്കാരിൽ നാലാം സ്ഥാനത്താണ്.
ഐപിഎല്ലിലെ പതിനഞ്ചാം പതിപ്പിന് നിലവിലെ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിംഗ്സും രണ്ടു തവണ ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിലാണ് നേരിടുക. മാർച്ച് 26ന് മുംബൈയിൽ വെച്ചാണ് മത്സരം.