ഐപിഎല്ലിൻ്റെ പതിനഞ്ചാം പതിപ്പിന് നാളെ തുടക്കം ആവുകയാണ്. നിലവിലെ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിംഗ്സും കഴിഞ്ഞവർഷത്തെ രണ്ടാംസ്ഥാനക്കാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിൽ മുംബൈയിൽ വച്ചാണ് ആദ്യമത്സരം. എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന ടൂർണ്ണമെൻറ് ആണ് ഐപിഎൽ. ബാംഗ്ലൂരിൻ്റെ ബാറ്റിംഗ് ലൈനപ്പ് ആണ് ആകാംക്ഷയുണർത്തുന്ന കാര്യങ്ങളിലൊന്ന്. നായക സ്ഥാനമൊഴിഞ്ഞ വിരാട് കോഹ്ലി ഇത്തവണ ആർസിബി യുടെ ഏത് സ്ഥാനത്താകും ബാറ്റ് ചെയ്യുന്നത് എന്ന് കാണാനാണ് ആരാധകർ കാത്തിരിക്കുന്നത്.
ഓപ്പണിൽ ഇറങ്ങാതെ മൂന്നാം സ്ഥാനത്ത് ഇറങ്ങി ബാറ്റിംഗിൽ കൂടുതൽ ആഴം കണ്ടെത്താൻ ശ്രമിക്കണം എന്നാണ് പലരുടെയും വാദം. ഈ കാര്യത്തിന് തന്‍റെ അഭിപ്രായവുമായി എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ പരിശീലകൻ രവിശാസ്ത്രി.
“ടീമിൻറെ സന്തുലിതാവസ്ഥ പരിഗണിച്ചാണ് തീരുമാനം എടുക്കേണ്ടത്. ആർ സി ബി യുടെ മധ്യനിര എങ്ങനെ എന്ന് എനിക്കറിയില്ല. അവർക്ക് ശക്തമായ മധ്യനിര ബാറ്റ്സ്മാന്മാർ ഉണ്ടെങ്കിൽ കോഹ്ലി ഓപ്പൺ ചെയ്യുന്നതിൽ തടസ്സമില്ല.”-രവി ശാസ്ത്രി പറഞ്ഞു. എന്നാൽ കോഹ്‌ലി ഓപ്പൺ ചെയ്യുന്നത് തുടരണമെന്ന് ആർസിബി മുൻ നായകൻ ഡാനിയൽ വെട്ടോറി നേരത്തെ ആവശ്യപ്പെട്ടിരുന്നു.
“കോഹ്ലിയുടെ ബാറ്റിംഗ് പൊസിഷൻ എല്ലാ സീസണിലും ചർച്ചാവിഷയമാണ്. എന്നാൽ ഓപ്പണിങ് തന്നെയാണ് ഉചിതം എന്ന് എല്ലാ സീസണിലും ഒടുവിൽ വ്യക്തമാകുന്നു. പവർപ്ലേ ഓവറുകളിൽ കോഹ്ലി വിജയമാണ്.”-വെട്ടോറി പറഞ്ഞു