ക്രിക്കറ്റ് പ്രാന്തന്‍മാര്‍ ഫേസ്ബുക്ക് ഗ്രൂപ്പിലെ അംഗമായ സുരേഷ് വാരിയത്ത് എഴുതുന്നു.

“ഞാൻ ടെസ്റ്റിൽ അരങ്ങേറിയത് ഒരു ഫെബ്രുവരിയിൽ (1981) ന്യൂസിലാൻറിനെതിരെയായിരുന്നു. വിവാഹം വഴി ബാച്ചിലർ ലൈഫിൽ ക്ലീൻ ബൗൾഡാവുന്നതിനും ഫെബ്രുവരി (1990) തെരഞ്ഞെടുക്കപ്പെട്ടത് യാദൃശ്ചികം ” – ഗാവസ്കർ വഴി പരിചയപ്പെട്ട റിതു സിംഗിനെ ജീവിത പങ്കാളിയാക്കാൻ രവി ശാസ്ത്രി തീരുമാനമെടുത്തപ്പോൾ ഒരു പക്ഷേ ഹൃദയം തകർന്നത് ഇന്ത്യയിലെ ഒരു പാട് പെൺകുട്ടികളുടെയായിരിക്കും. ഇന്ത്യൻ ക്രിക്കറ്റിൻ്റെ 80 കളിലെ ഈ ഗ്ലാമർ ബോയ് യെ, മോസ്റ്റ് എലിജിബിൾ ബാച്ചിലറിനെ ഒരു പക്ഷേ പുരുഷൻമാരെന്ന പോലെ അത്രയും പെൺകുട്ടികളും ആരാധിച്ചിരുന്നു

കഴിഞ്ഞ ദിവസം, 1992 ലോകകപ്പിൽ ഇന്ത്യാ- ഇംഗ്ലണ്ട് മത്സരത്തിൻ്റെ ഹൈലൈറ്റ് കാണാനിടയായി. ഫിൽ ഡിഫ്രീറ്റസിൻ്റെ പന്തിൽ റിട്ടേൺ ക്യാച്ചിൽ നിന്ന് രക്ഷപ്പെട്ട ശാസ്ത്രിക്ക് തൻ്റെ ക്രീസിലേക്ക്‌ തിരിച്ചോടാൻ പോലുമാവാതെ റൺ ഔട്ടായി മുടന്തിക്കൊണ്ട് പവലിയനിലേക്ക് നടക്കുന്ന രംഗമുണ്ട്. ക്രിക്കറ്റ് പ്രേമികൾ ഒരു പോരാളിയിൽ നിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത, കാണാനാഗ്രഹിക്കാത്ത ഒരു രംഗം… സ്വാഭാവികമായും, 1990കൾക്കു ശേഷം കാൽമുട്ടിലെ പരിക്കുകൾ അലട്ടിയ ആ കരിയറിന് ആ ലോകകപ്പോടെ മുപ്പത്തൊന്നാം വയസ്സിൽ അകാല വിരാമം കുറിക്കേണ്ടി വന്നു.

“ശാസ്ത്രി ഒരിക്കലും വളരെയധികം പ്രതിഭാശാലി ആയിരുന്നില്ല. ലോക ക്രിക്കറ്റിൽ നിരന്തരം തിളങ്ങാനുള്ള പ്രതിഭയൊന്നും അയാൾക്കില്ലായിരുന്നു – പക്ഷേ അയാൾ പരിശ്രമശാലിയായിരുന്നു, ഇന്ത്യൻ ക്രിക്കറ്റിലെ അതികായനാവാൻ അയാൾക്കു കഴിഞ്ഞു “-

കപിൽ അടുത്തിടെ പറഞ്ഞ ഈ വാക്കുകൾ കടമെടുക്കാം…… ക്രിക്കറ്റിനെ 1992 ലോകകപ്പോടെ പിന്തുടരുന്ന ഇന്നത്തെ ഇന്ത്യൻ യുവത്വത്തിന് ഒരു പക്ഷേ അയാൾ 25 സ്ട്രൈക്ക് റേറ്റിൽ ഏകദിനം ഓപ്പൺ ചെയ്തിരുന്ന, ഫീൽഡിൽ മന്ദതയുടെ പര്യായമായ, സമകാലിക ക്രിക്കറ്റിൽ കോച്ചിങ്ങ് രംഗത്ത് “ഉറക്കം തൂങ്ങുന്ന” ഒരു മികച്ച കമൻ്റേറ്ററായിരിക്കാം…… പക്ഷേ ഒരൽപ്പം മുമ്പത്തെ ജനറേഷന് തീർച്ചയായും ഇന്ത്യൻ ക്രിക്കറ്റ് കണ്ട ഏറ്റവും കഠിനാധ്വാനിയായ, ഇന്ത്യയുടെ ആദ്യത്തെ സ്പിൻ ഓൾറൗണ്ടറായ, ഇന്ത്യയിലേക്കാൾ കൂടുതൽ വിദേശ പിച്ചുകളിൽ ബാറ്റുകൊണ്ട് തിളങ്ങുന്ന അവിഭാജ്യ ഘടകം തന്നെയായിരുന്നു മംഗലാപുരംകാരായ മാതാപിതാക്കൾക്ക് ബോംബെയിൽ ജനിച്ച, വിമൽ, ലൈഫ് ബോയ്, എയറിന്ത്യ എന്നിങ്ങനെ നീളുന്ന ബ്രാൻ്റുകളുടെ ഇന്ത്യൻ ക്രിക്കറ്റിലെ ആദ്യ കൊമേഴ്സ്യൽ അംബാസഡർ.

1980 കളിലെ ഒരു ശരാശരി ഇന്ത്യൻ ക്രിക്കറ്റ് പ്രേമിക്ക് ഓർമയുള്ള ഒരു ശാസ്ത്രിയുണ്ട്. തിലക് രാജിനെ ഒരോവറിൽ ആറു സിക്സറുകളടിക്കുന്ന, വിൻഡീസ് പേസ് ബാറ്ററികളെ നേരിട്ട് അവരുടെ മണ്ണിൽ സെഞ്ചുറി നേടുന്ന, ഗാവസ്കറുടെ നിർദ്ദേശ പ്രകാരം (പിന്നീട് ബാറ്റിങ്ങ് ഓർഡറിലെ ഈ അസ്ഥിരത അദ്ദേഹത്തിന് വിനയായി) ഓപ്പൺ ചെയ്ത് മാൻ ഓഫ് ദ് ടൂർണമെൻറായി ഔഡി കാറേറ്റു വാങ്ങുന്ന ബൗളിങ് ഓൾറൗണ്ടറെ, ഓസ്ട്രേലിയയെ വെറും 101 റൺസിലൊതുക്കി ഇന്ത്യക്ക് 107 റൺസിൻ്റെ കൂറ്റൻ വിജയം 5 വിക്കറ്റുകൾ നേടി സാധ്യമാക്കിയിട്ടും ശ്രീകാന്ത് മാൻ ഓഫ് ദ് മാച്ച് ഏറ്റുവാങ്ങുന്നതു നോക്കി നിൽക്കുന്ന അയാളെ, 1990 ൽ തുടർച്ചയായ ടെസ്റ്റുകളിൽ 187 ഉം 100 ഉം സ്കോർ ചെയ്തിട്ടും പുതിയ സെൻസേഷൻ സചിനും പുതിയ ക്യാപ്റ്റൻ അസ്ഹറിനും മുന്പിൽ പേരു വിട്ടു പോയവൻ, ഓസീസ് ബൗളിങ്ങ് നിരക്കെതിരെ ഇന്നിംഗ്സിൽ 206 റൺസ് നേടി ഷെയ്ൻ വോണിൻ്റെ അരങ്ങേറ്റം അവിസ്മരണീയമാക്കിക്കൊടുത്തയാൾ, ഹിർവാനിയുടെ ലോക റെക്കോർഡിന് നായകത്വം വഹിച്ചയാൾ …… ഓർമകൾ നിരവധിയാണ്. ഇതൊക്കെയുണ്ടെങ്കിലും ഇന്ന് ഓർക്കുമ്പോൾ രോമാഞ്ചം വരുന്ന ഒരിന്നിംഗ്സുണ്ട്…. നമുക്ക് ബ്രിജ് ടൗണിലേക്ക് പോകാം…

സച്ചിൻ്റെ അന്താരാഷ്ട്ര അരങ്ങേറ്റ ആകാമായിരുന്ന 1988 വിൻഡീസ് പര്യടനം (ഗാവസ്കർ അടക്കമുള്ളവരുടെ വിമർശനം കൊണ്ടു മാത്രമാണ് അന്നു സചിനെ ടീമിൽ എടുക്കാതിരുന്നത്) ഇന്ത്യക്ക് ദുരന്ത സ്മരണകളാണ് നൽകിയത്. നാട്ടിൽ ഹിർവാനിയുടെ മാസ്മരിക പ്രകടനത്തിൽ വിൻഡീസിനെ തോൽപ്പിച്ച ഓർമയിൽ വിമാനം കയറിയ ഇന്ത്യ, നാല് ടെസ്റ്റും അഞ്ച് ഏകദിനവും തോറ്റമ്പിയ ആ സീരീസ് ശ്രീകാന്തിന് സമ്മാനിച്ചത് എല്ലൊടിഞ്ഞ കയ്യും കേണലിന് ക്യാപ്റ്റൻസി നഷ്ടവും ആയിരുന്നു.

ഇതിനിടയിലും ഇന്ത്യക്ക് ആശ്വാസമായത് പുതുമുഖം സഞ്ജയ് മഞ്ഞ്ജ്രേക്കർ ടെക്നിക്കലി മികച്ച സെഞ്ചുറിയുമായി വരവറിയിച്ചതും, ഇന്ത്യയുടെ വിശ്വസനീയനായ ഓൾറൗണ്ടർ രവിശങ്കർ ശാസ്ത്രി ഫോമിലേക്ക് തിരിച്ചെത്തിയതുമായിരുന്നു. ലോകകപ്പ്, നാട്ടിൽ ന്യൂസിലാൻ്റ്, വിൻഡീസ് എന്നിവർക്കെതിരെ ബാറ്റു കൊണ്ടും ബോളു കൊണ്ടും നിറം മങ്ങി, ടീമിലെ സ്ഥാനം തന്നെ ചോദ്യം ചെയ്യപ്പെട്ട വേളയിലാണ് ഒരിക്കൽ ലോക ക്രിക്കറ്റ് “ചാമ്പ്യൻ ഓഫ് ചാമ്പ്യൻസ് ” എന്ന് വിശേഷിപ്പിച്ച ആ കഠിനാധ്വാനി സ്വന്തം ചാരത്തിൽ നിന്നും ഫീനിക്സ് പക്ഷിയെപ്പോലെ ഉയർത്തെഴുന്നേറ്റത്.

ആദ്യ ടെസ്റ്റ് തോറ്റ് രണ്ടാം ടെസ്റ്റിൽ ഇന്ത്യ മാർഷൽ, ബിഷപ്പ്, വാൽഷ്, അംബ്രോസ് പേസ് ആക്രമണത്തിൽ വീണ്ടും ആടിയുലഞ്ഞപ്പോൾ ആദ്യ ഇന്നിംഗ്സിൽ മഞ്ജ്ക്കേറുടെ സെഞ്ചുറിയും അസ്ഹറുദ്ദീൻ്റെ ഫിഫ്റ്റിയും വഴി 321 എന്ന തരക്കേടില്ലാത്ത സ്കോറിലെത്തി. മറുപടിയായി ക്രീസിലെത്തിയ വിൻഡീസ് ഗ്രീനിഡ്ജിലൂടെയും റിച്ചി റിച്ചഡ്സനിലൂടെയും തിരിച്ചടിച്ച് 377 എന്ന നിലയിൽ ആദ്യ ഇന്നിംഗ്സ് അവസാനിപ്പിച്ചു. ഇന്ത്യൻ നിരയിൽ 4 വിക്കറ്റ് നേടിയത് ശാസ്ത്രിയാണ്.

കളിയുടെ മൂന്നാം ദിവസത്തിൻ്റെ അന്ത്യയാമങ്ങൾ….. അരുൺലാൽ, സിദ്ദു, വെംഗ്സർക്കാർ എന്നിവരെ 50 റൺസിനുള്ളിൽ നഷ്ടപ്പെട്ട് ഒരു വൻ തകർച്ച മുന്നിൽ കണ്ട് വിശ്രമ ദിനത്തിനു പോകുമ്പോൾ, വൺ ഡൗൺ ഇറങ്ങി 17 റൺസുമായി കടിച്ച് തൂങ്ങി ഫോമിൻ്റെ ഏഴയലത്ത് പോലുമല്ലാത്ത ശാസ്ത്രിയും കൂട്ടിന് അസ്ഹറുദ്ദീനുമായിരുന്നു ക്രീസിൽ.

നാലാം ദിവസം ആദ്യ സെഷൻ…14 റൺസ് എടുത്ത അസ്ഹറിനെയും കപിലിനെയും മാർഷലും മഞ്ജ്രേക്കറിനെ അംബ്രോസും മടക്കിയപ്പോൾ 63/6 എന്ന നിലയിൽ കൂപ്പ് കുത്തിയ ഇന്ത്യക്കെതിരെ പിന്നീട് ചടങ്ങു തീർക്കാനാണ് റിച്ചർഡ്സ് തൻ്റെ പേസ് ബാറ്ററികളോട് നിർദ്ദേശിച്ചത്….. പക്ഷേ, ബാറ്റിങ്ങിൽ അത്യാവശ്യം ശോഭിക്കാൻ കഴിയുന്ന കിരൺ മോറെയെ കൂട്ടിനു കിട്ടിയ ശാസ്ത്രി കീഴടങ്ങാൻ തയ്യാറല്ലായിരുന്നു. അംബ്രോസ്, വാൽഷ്, മാർഷൽ, ബിഷപ്പ്, റിച്ചാർഡ്സ് നിരയെ നിർഭയം നേരിട്ട രണ്ടാളും ചേർന്ന് സ്കോർ മെല്ലെ മുന്നോട്ട് നയിച്ചു. അമ്പത് റൺസ് നേടിയ മോറെ സ്കോർ 195ൽ വീണെങ്കിലും, ഒമ്പതാം വിക്കറ്റിന് ചേതൻ ശർമയെ കൂട്ടുപിടിച്ച് ശാസ്ത്രി ഇന്നിംഗ്സ് മുന്നോട്ട് കൊണ്ടുപോയി.

ഒടുവിൽ, ആംബ്രോസിനെ സ്ക്വയർ കട്ട് ചെയ്ത് 12 ആം ബൗണ്ടറി നേടി ശാസ്ത്രി സെഞ്ചുറി തികയ്ക്കുമ്പോൾ സോബേഴ്‌സ്, ഗാവസ്കർ അടക്കമുള്ള വിദഗ്ധർ വാഴ്ത്തിയത് അദ്ദേഹത്തിൻ്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനം എന്നാണ്. രണ്ടാം ഇന്നിംഗ്സിൽ ഹെയ്ൻസിൻ്റെ സെഞ്ചുറി യോടെ മത്സരം ഇന്ത്യ 8 വിക്കറ്റിന് തോറ്റെങ്കിലും , ശാസ്ത്രിയായിരുന്നു മാൻ ഓഫ് ദ് മാച്ച്.

നിരവധി പരാജയങ്ങൾക്കും ഫോമില്ലായ്മയുടെ നീണ്ട ഇടവേളക്കും ശേഷം ഉള്ള രണ്ടാം വരവായിരുന്നു ശാസ്ത്രിക്ക് ഈ ഇന്നിങ്ങ്സ് . കടുപ്പമേറിയ വെസ്റ്റിന്ത്യൻ സാഹചര്യങ്ങളിൽ പൊരുതി നേടിയ ഈ സെഞ്ചുറി അദ്ദേഹത്തിൻ്റെ കരിയർ ബെസ്റ്റ് മാത്രമല്ല ആ സീരീസിലെ തന്നെ ഏറ്റവും മികച്ച പ്രകടനമായി കണക്കാക്കപ്പെടുന്നു.

വീണ്ടുമൊരിക്കൽക്കൂടി….. കരിയറിൻ്റെ അന്ത്യനാളുകൾ കണ്ട് ഒരിക്കലുമയാളിലെ ക്രിക്കറ്ററെ വിലയിരുത്തരുത്, ശാസ്ത്രിക്കുമുണ്ട് നിരവധി കഥകൾ പറയാൻ…… ചാരത്തിൽ നിന്നുയർത്തെഴുന്നേറ്റ ഫീനിക്സ് പക്ഷിയുടെ കഥകൾ

Previous articleഅവർ ഇന്ന്‌ ലോകത്തെ ബെസ്റ്റ് തന്നെ :വാനോളം പുകഴ്ത്തി സച്ചിൻ
Next articleഇന്ത്യൻ പരിശീലകനായി ദ്രാവിഡ്‌ എത്തിയേക്കില്ല :വീണ്ടും ട്വിസ്റ്റ്‌