ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ എല്ലാം കഴിഞ്ഞ ദിവസത്തെ ബിസിസിഐയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ്. ടി :20 ലോകകപ്പിനുള്ള 18 അംഗ സ്‌ക്വാഡിനെ ഇന്ത്യൻ സെലക്ഷൻ കമ്മിറ്റി പ്രഖ്യാപിച്ച ശേഷം അതേകുറിച്ചുള്ള ചർച്ചകൾ വളരെ ഏറെ സജീവമാണ്. ആരാധകർ എല്ലാം പ്രതീക്ഷിച്ച പല താരങ്ങളെയും ഒഴിവാക്കിയുള്ള ടീം പ്രഖ്യാപനത്തിൽ അശ്വിൻ, വരുൺ ചക്രവർത്തി എന്നിവർ സ്‌ക്വാഡിലേക്ക് ഇടം നേടിയത് ഞെട്ടൽ സൃഷ്ടിച്ചു. എന്നാൽ ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച് മുൻ നായകനും ഇതിഹാസ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനുമായ മഹേന്ദ്ര സിംഗ് ധോണി ടീമിനോപ്പം മെന്റർ റോളിൽ ചേരുമെന്ന കാര്യവും ബിസിസിഐയുടെ വക്താക്കൾ വിശദമാക്കി.
അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും കഴിഞ്ഞ വർഷം വിരമിച്ച ധോണിയുടെ രണ്ടാം വരവ് കൂടിയാണ് ഇത്. നിലവിൽ ചെന്നൈ സൂപ്പർ കിങ്‌സ് താരമായ ധോണിയുടെ വരവിനെ ക്രിക്കറ്റ് ലോകവും മുൻ ക്രിക്കറ്റ് താരങ്ങളും അടക്കം സ്വാഗതം ചെയ്തത് ശ്രദ്ധേയമായെങ്കിലും ധോണിയുടെ ഈ ഒരു വരവ് ഹെഡ് കോച്ച് രവി ശാസ്ത്രി എങ്ങനെ നോക്കിക്കാണും എന്നുള്ള സംശയങ്ങൾ വ്യാപകമായിരുന്നു.പക്ഷേ ഇപ്പോൾ കോവിഡ് ബാധിതനായി പൂർണ്ണ ഐസോലേഷനിനുള്ള രവി ശാസ്ത്രിയും മഹേന്ദ്ര സിങ് ധോണിയുടെ വരവിനെയും സ്ഥാനത്തെയും വാനോളം പുകഴ്ത്തി സംസാരിക്കുകയാണ്.
ധോണിയുടെ ഈ വരവ് ഇന്ത്യൻ ടീമിന്റെ ഡ്രസ്സിംഗ് റൂമിൽ അടക്കം മാറ്റങ്ങൾ കൊണ്ട് വരുമെന്ന് പറഞ്ഞ രവി ശാസ്ത്രി യുവ താരങ്ങൾക്ക് എല്ലാം ധോണി വൻ ഊർജമാണ് എന്നും വിശദീകരിച്ചു. “ടീം ഇന്ത്യക്ക് ഇതിനും മുകളിൽ എന്താണ് ആഗ്രഹിക്കാൻ കഴിയുക. ബിസിസിഐ ലോകകപ്പ് ഒരുക്കങ്ങളുടെ ഭാഗമായി കൊണ്ടുവന്ന വലിയ ഒരു നീക്കമാണ് ഇത്. ലോകകപ്പ് സ്‌ക്വാഡിലെ എല്ലാവർക്കും ഒരു പുതിയ എനർജി നൽകുവാൻ ധോണിക്ക് സാധിക്കും “ഹെഡ് കോച്ച് വാചാലനായി