ഐപിഎൽ 2023ലെ ചെന്നൈ സൂപ്പർ കിംഗ്സ് താരമായ ദീപക് ചാഹറിനെതിരെ വിമർശനവുമായി മുൻ ഇന്ത്യൻ പരിശീലകൻ രവിശാസ്ത്രി. ഈ സീസണിലെ മൂന്നാം മത്സരത്തിൽ കളിച്ചതിനു ശേഷം ചെന്നൈ സൂപ്പർ കിംഗ്സ് താരം ദീപക് ചാഹറിന് പരിക്കേറ്റിരുന്നു. ഇതാണ് ശാസ്ത്രീയെ പ്രകോപിപ്പിച്ചത്. കഴിഞ്ഞ സീസണിലും ദീപക് ചാഹർ പരിക്കു മൂലം കളിച്ചിരുന്നില്ല. മാത്രമല്ല ഇന്ത്യക്കായി ചാഹർ പരിക്കു മൂലം ഒരുപാട് മത്സരങ്ങളിൽ നിന്നും മാറി നിന്നിരുന്നു. ഈ സീസണിലെ ബാക്കിയുള്ള ചെന്നൈയുടെ മത്സരങ്ങളും ദീപക് ചാഹറിന് നഷ്ടമായേക്കും എന്നാണ് ഇപ്പോൾ റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ഈ സാഹചര്യത്തിലാണ് രവി ശാസ്ത്രിയുടെ വിമർശനം.
കഴിഞ്ഞ ഒന്നരവർഷമായി ദീപക് ചാഹർ തുടർച്ചയായി പരിക്കിന്റെ പിടിയിലാണ്. എപ്പോഴും അദ്ദേഹം ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ തന്നെയാണ്. അവിടെത്തന്നെ അദ്ദേഹം സ്ഥിരതാമസം ആക്കുന്നതാണ് നല്ലത് എന്നാണ് രവി ശാസ്ത്രി പറയുന്നത്. “നാഷണൽ ക്രിക്കറ്റ് അക്കാദമിയിലെ ഒരു സ്ഥിരം മെമ്പറായി ദീപക് ചാഹർ മാറിയിരിക്കുകയാണ്. ദീപക്കിനെ പോലെ മറ്റുചില മെമ്പർമാരും ഇപ്പോൾ അവിടെയുണ്ട്. അധികം വൈകാതെ തന്നെ അവിടുത്തെ ഉടമസ്ഥാവകാശം ഇവർക്ക് നൽകേണ്ടതാണ്. വീടുപോലെയാണ് അവർ നാഷണൽ ക്രിക്കറ്റ് അക്കാദമി കാണുന്നത്. വീട്ടിലേക്ക് നമുക്ക് എപ്പോൾ വേണമെങ്കിലും വരികയും പോകുകയും ചെയ്യാം. എന്നാൽ ഇതൊന്നും അത്ര നല്ല കാര്യമായി എനിക്ക് തോന്നുന്നില്ല. കാരണം ഇത്രമാത്രം പരിക്കേൽക്കാനുള്ള ക്രിക്കറ്റ് ഈ താരങ്ങൾ കളിക്കുന്നില്ല.
ദീപക് ചാഹറിനെ പോലെയുള്ളവർക്ക് തുടർച്ചയായി നാലു മത്സരങ്ങൾ കളിക്കാൻ പോലും സാധിക്കാതെ വരുന്നത് ദൗർഭാഗ്യം തന്നെയാണ്. അദ്ദേഹമൊന്നും നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ നിന്ന് വരേണ്ട കാര്യമില്ല. കുറച്ചു ദിവസങ്ങൾ കഴിയുമ്പോൾ അദ്ദേഹം വീണ്ടും അങ്ങോട്ട് തന്നെ പോകാനുള്ളതാണ്.”- രവി ശാസ്ത്രി പരിഹാസപൂർവ്വം പറയുന്നു.
“ഈ താരങ്ങളൊക്കെയും പൂർണമായും ഫിറ്റ്നസ് വീണ്ടെടുത്ത ശേഷമായിരിക്കണം എൻസിഎയിൽ നിന്ന് പോകേണ്ടത്. ഇങ്ങനെ താരങ്ങൾക്ക് പരിക്ക് പറ്റുന്നത് അവരെ മാത്രമല്ല അവരുടെ ടീമിനെയും ബാധിക്കുന്നുണ്ട്. ടീമുകളുടെ ക്യാപ്റ്റൻമാർക്ക് പലപ്പോഴും ഈ പരിക്കുകൾ ഒരു ബാധ്യതയാണ്. ഇപ്പോഴത്തെ കളിക്കാരുടെ ഫിറ്റ്നസിനെ കുറിച്ച് ആലോചിക്കുമ്പോൾ ശരിക്കും വിഷമമുണ്ട്. വെറും മൂന്നു മണിക്കൂറുള്ള ട്വന്റി20 മത്സരങ്ങൾ പോലും കളിക്കാൻ അവർക്ക് സാധിക്കുന്നില്ല. ആ സമയത്തിനുള്ളിൽ തന്നെ അവർക്ക് പരിക്ക് പറ്റുന്നു. ഈ സാഹചര്യം വളരെ അപലപനീയമാണ്.”- രവി ശാസ്ത്രി കൂട്ടിച്ചേർക്കുന്നു.
2022 ഐപിഎൽ സീസണിൽ പരിക്കുമൂലം ചാഹർ പൂർണമായും മാറുന്നിരുന്നു. ശേഷം വലിയ ഇടവേളക്ക് ശേഷമാണ് ചാഹർ ഇന്ത്യയുടെ ഏകദിന ടീമിലേക്ക് തിരിച്ചെത്തിയത്. കഴിഞ്ഞ ട്വന്റി20 ലോകകപ്പിൽ ഇന്ത്യയുടെ റിസർവ് താരമായി ദീപകിനെ നിർദ്ദേശിച്ചിരുന്നു. എന്നാൽ പരിക്കു മൂലം കളിക്കാൻ സാധിച്ചില്ല. ഇങ്ങനെ നിരന്തരം പരിക്ക് പിന്തുടരുന്ന ഒരു ക്രിക്കറ്ററായി ചാഹർ മാറിയിരിക്കുകയാണ്.