വീണ്ടും ദുരന്ത മുഖത്തേക്ക് കൈത്താങ്ങുമായി അഫ്ഗാനിസ്ഥാൻ താരം റാഷിദ് ഖാൻ. 2023 ഏകദിന ലോകകപ്പിൽ നിന്ന് തനിക്ക് ലഭിക്കുന്ന മുഴുവൻ മാച്ച് ഫീയും അഫ്ഗാനിസ്ഥാനിൽ ഭൂകമ്പം മൂലം ദുരിതമനുഭവിക്കുന്ന മുഴുവൻ കുടുംബങ്ങൾക്കും നൽകാൻ തയ്യാറായിരിക്കുകയാണ് റാഷിദ് ഖാൻ. അഫ്ഗാനിസ്ഥാന്റെ വെസ്റ്റേൺ പ്രവിശ്യകളിലാണ് വലിയ ഭൂകമ്പമുണ്ടായത്. 2000ലധികം ആളുകളെ ഈ വലിയ ഭൂകമ്പം ബാധിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ദുരന്ത മുഖത്തേക്ക് സഹായ ഹസ്തവുമായി താൻ എത്തുമെന്ന് റാഷിദ് ഖാൻ ഉറപ്പുനൽകിയിരിക്കുന്നത്.
തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് റാഷിദ് ഖാൻ ഇതേ സംബന്ധിച്ചുള്ള പ്രസ്താവന പുറത്തുവിട്ടത്. “അഫ്ഗാനിസ്ഥാന്റെ വെസ്റ്റേൺ പ്രവിശ്യകളിൽ ഭൂകമ്പം മൂലമുണ്ടായ വലിയ പ്രത്യാഘാതങ്ങളെ പറ്റി ഞാനറിയുന്നു. ഈ അവസരത്തിൽ വലിയ വിഷമം തന്നെയാണ് എനിക്കുള്ളത്. അതിനാൽ ഭൂകമ്പത്തിൽ ബാധിതരായ എല്ലാ ആളുകൾക്കും വേണ്ടി ഞാൻ എന്റെ ലോകകപ്പ് മാച്ച് ഫീസ് നൽകാൻ തീരുമാനിച്ചിരിക്കുകയാണ്. മാത്രമല്ല ഇതിനൊപ്പം ഭൂകമ്പ ബാധിതർക്കായി ഫണ്ട് കണ്ടെത്തുന്നതിന്റെ ഭാഗമായി ഒരു ക്യാമ്പയിൻ നടത്താനും ഞാൻ ശ്രമിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ സഹായിക്കാൻ സാധിക്കുന്നവർക്ക് ഒരു അവസരമാണ് ഈ ക്യാമ്പയിൻ.”- റാഷിദ് ഖാൻ ട്വിറ്ററിൽ കുറിച്ചു.
ഇതോടൊപ്പം തന്റെ ഫൗണ്ടേഷനിലൂടെ 100,000 യുഎസ് ഡോളർ ശേഖരിക്കാനും റാഷിദ് തയ്യാറാകുന്നു. ‘ദ റാഷിദ് ഖാൻ ഫൗണ്ടേഷ’ന്റെ ഭാവകമായാണ് ഭൂകമ്പത്തിൽ ദുരിതം അനുഭവിക്കുന്നവരുടെ ആശ്വാസത്തിനായി പെട്ടെന്ന് തന്നെ ഫണ്ട് കണ്ടെത്താൻ റാഷിദ് ഖാൻ ശ്രമിക്കുന്നത്. ഇതോടൊപ്പം സഹായിക്കാൻ മനസ്സുള്ള ആളുകളോട് കൂടുതൽ ഫണ്ട് സംഭാവന നൽകണമെന്നും റാഷിദ് ഖാൻ പറയുന്നു. ദുരിതം അനുഭവിക്കുന്ന കുടുംബങ്ങൾക്ക് അവരുടെ വേദന കുറയ്ക്കാൻ ഇത്തരത്തിൽ സാമ്പത്തിക സഹായങ്ങൾ ഗുണം ചെയ്യുമെന്നാണ് റാഷിദ് പറയുന്നത്.
2023 ഏകദിന ലോകകപ്പിൽ അത്ര മികച്ച തുടക്കമായിരുന്നില്ല അഫ്ഗാനിസ്ഥാൻ ടീമിന് ലഭിച്ചത്. ബംഗ്ലാദേശിനെതിരായ മത്സരത്തിൽ ആറ് വിക്കറ്റുകളുടെ പരാജയം അഫ്ഗാനിസ്ഥാൻ നേരിട്ടിരുന്നു. മത്സരത്തിൽ കേവലം 156 റൺസിന് അഫ്ഗാനിസ്ഥാൻ ഓൾഔട്ട് ആവുകയാണ് ഉണ്ടായത്. ശേഷം ബംഗ്ലാദേശ് ബാറ്റർമാർ ധർമ്മശാലയിലെ പിച്ചിൽ മികവ് പുലർത്തിയതോടെ അഫ്ഗാനിസ്ഥാൻ മത്സരത്തിൽ പരാജയമറിഞ്ഞു. കേവലം 34 ഓവറുകളിൽ മത്സരത്തിൽ വിജയം സ്വന്തമാക്കാൻ ബംഗ്ലാദേശിനെ സാധിച്ചു.