നല്ല പ്രകടനങ്ങൽ കാഴ്ചവെച്ചപ്പോഴും എല്ലാവരും എന്നെ വിമർശിച്ചു. വലിയ വിഷമമുണ്ടാക്കിയെന്ന് രാഹുൽ.

F77bI66a4AAf8BC scaled

ഏകദിന ലോകകപ്പിലെ ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ മത്സരത്തിൽ ഒരു തകർപ്പൻ ബാറ്റിംഗ് പ്രകടനമായിരുന്നു രാഹുൽ കാഴ്ചവെച്ചത്. ഇന്ത്യക്കായി സമ്മർദ്ദ സാഹചര്യത്തിൽ ക്രീസിലെത്തിയ രാഹുൽ വിരാട് കോഹ്ലിയുമൊത്ത് നാലാം വിക്കറ്റിൽ 165 റൺസിന്റെ വമ്പൻ കൂട്ടുകെട്ട് കെട്ടിപ്പടുക്കുകയുണ്ടായി. മത്സരത്തിൽ 115 പന്തുകൾ നേരിട്ട രാഹുൽ 97 റൺസ് നേടി പുറത്താവാതെ നിന്നു. ഇന്ത്യയുടെ 6 വിക്കറ്റ് വിജയത്തിൽ വലിയൊരു പങ്ക് തന്നെയാണ് രാഹുൽ വഹിച്ചത്. എന്നാൽ ഇതിനുമുൻപ് തനിക്ക് നേരെ വലിയ രീതിയിലുള്ള വിമർശനങ്ങൾ ഉയർന്നിരുന്നു എന്നാണ് രാഹുൽ പറയുന്നത്. തന്റെ പ്രകടനങ്ങൾ മികച്ചതായിരുന്നു സമയത്ത് പോലും തനിക്കെതിരെ വിമർശനങ്ങളുമായി പലരും രംഗത്തെത്തിയിരുന്നുവെന്നും, അത് തന്നെ വേദനിപ്പിച്ചിട്ടുണ്ടെന്നും രാഹുൽ പറയുകയുണ്ടായി.

പല സമയത്തും ആളുകൾ എന്തിനാണ് തന്നെ മാത്രം ഇത്രയധികം വിമർശിക്കുന്നത് എന്ന് ആലോചിച്ചു വിഷമിച്ചിട്ടുണ്ട് എന്നാണ് രാഹുൽ പറയുന്നത്. “എനിക്കെതിരെ ഒരുപാട് വിമർശനങ്ങൾ നിരന്തരം ഉയർന്നുകൊണ്ടിരുന്നു. എല്ലാ മത്സരങ്ങളിലും എല്ലാ സാഹചര്യത്തിലുമുള്ള എന്റെ പ്രകടനങ്ങൾ അവർ വിമർശിച്ചു. എന്തുകൊണ്ടാണ് ഇത്തരത്തിൽ സംഭവിക്കുന്നത് എന്നോർത്ത് ഞാൻ ആകുലനായിരുന്നു. കാരണം ആ സമയത്തും എന്റെ പ്രകടനങ്ങൾ അത്ര മോശമായിരുന്നില്ല. അതിനാൽ ആ വിമർശനങ്ങൾ എനിക്ക് ഒരുപാട് വേദന സമ്മാനിച്ചു.”- സ്റ്റാർ സ്പോർട്സിന് നൽകിയ അഭിമുഖത്തിൽ രാഹുൽ പറഞ്ഞു.

See also  സഞ്ജു മാജിക്. കിടിലൻ ത്രോയിൽ ലിവിങ്സ്റ്റൺ പുറത്ത്. (വീഡിയോ)

പരിക്കിന് ശേഷം ടീമിലേക്ക് തിരികെ എത്തിയപ്പോഴും വിമർശനങ്ങൾ വർദ്ധിച്ചിരുന്നു എന്നാണ് രാഹുൽ പറയുന്നത്. “ഒരു കളിക്കാരൻ എന്ന നിലയിൽ പരിക്കിലൂടെ കടന്നു പോകുമ്പോൾ വേദന അല്പം കൂടുതലാണ്. തിരികെ ടീമിലെത്തുക എന്ന ലക്ഷ്യത്തോടെയാണ് നമ്മൾ പിന്നീട് പ്രവർത്തിക്കുക. ഐപിഎല്ലിനിടെ എനിക്ക് പരിക്കേൽക്കുകയും, 4-5 മാസം മാറി നിൽക്കേണ്ടി വരികയും ചെയ്തിരുന്നു. ആ സമയത്ത് ലോകകപ്പിൽ കളിക്കാൻ സാധിക്കുമോ എന്നതുപോലും എനിക്ക് 100% ഉറപ്പില്ലായിരുന്നു. അതെന്റെ ക്രിക്കറ്റ് ജീവിതത്തിലെ വളരെ പ്രയാസകരമായ ഒരു സമയമായിരുന്നു.”- രാഹുൽ കൂട്ടിച്ചേർത്തു.

ലോകകപ്പിനായി താൻ എങ്ങനെയാണ് മനസ്സിനെ സജ്ജമാക്കിയതെന്നും രാഹുൽ വിവരിക്കുകയുണ്ടായി. “ഒരുപാട് വലിയ തയ്യാറെടുപ്പുകളാണ് ഞങ്ങൾ ലോകകപ്പിനായി നടത്തിയത്. എല്ലാ ദിവസവും രാവിലെ എഴുന്നേൽക്കുമ്പോൾ തന്നെ മനസ്സിൽ പറഞ്ഞിരുന്നത് എങ്ങനെയും ലോകകപ്പ് വിജയിക്കണമെന്ന് മാത്രമാണ്. അത് മാത്രമായിരുന്നു എന്റെ മനസ്സിലുള്ള പ്രചോദനവും. ഒരു ക്രിക്കറ്റർ എന്ന നിലയ്ക്ക് തങ്ങളുടെ നാട്ടിൽ നടക്കുന്ന ലോകകപ്പിൽ കളിക്കുക എന്നത് വളരെ സ്പെഷ്യലായ കാര്യമാണ്. അതിനാൽ തന്നെ ഞാൻ വളരെ ആവേശത്തിലാണ് ഇപ്പോൾ.”- രാഹുൽ പറഞ്ഞു വയ്ക്കുന്നു.

Scroll to Top