രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ചരിത്ര നേട്ടം സ്വന്തമാക്കി മുംബൈയുടെ പത്താം നമ്പര്‍ ബാറ്ററായ തനുഷ് കൊഡിയാനും അവസാന ബാറ്ററായ തുഷാര്‍ ദേശ്പാണ്ടയും. ഇരുവരും ബറോഡക്കെതിരായ മത്സരത്തില്‍ സെഞ്ചുറി നേടി. മത്സരം സമനിലയില്‍ അവസാനിച്ചപ്പോള്‍ ആദ്യ ഇന്നിംഗ്സ് ലീഡിന്‍റെ പിന്‍ബലത്തില്‍ മുംബൈ സെമിഫൈനലില്‍ എത്തി. തമിഴ്നാടാണ് സെമിഫൈനലില്‍ എതിരാളികള്‍.
മത്സരത്തില്‍ തനുഷ് കൊഡിയാന്‍ 129 പന്തില്‍ 120 റണ്ണാണ് നേടിയത്. 10 ഫോറും 4 സിക്സുമാണ് കൊഡിയാന്‍ നേടിയത്. മറുവശത്ത് തുഷാര്‍ ദേഷ്പാണ്ടേ 10 ഫോറിന്‍റേയും 8 സിക്സിന്‍റേയും അകമ്പടിയോടേ 129 പന്തില്‍ 123 റണ്‍ നേടി. ഇത് രണ്ടാം തവണെയാണ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ പത്താമനും പതിനൊന്നാമാനും സെഞ്ചുറി നേടുന്നത്.
ഇതിനു മുന്‍പ് 1946 ല്‍ സറേക്കെതിരെ ഇന്ത്യന്‍ താരങ്ങളായ ചന്തു സാര്‍വത്തും ഷട്ട് ബാനേര്‍ജിയുമാണ് ഈ നേട്ടത്തില്‍ എത്തിയത്.
രഞ്ജി ട്രോഫിയില്‍ ഒരു പതിനൊന്നാമന്‍റെ ഏറ്റവും ഉയര്‍ന്ന സ്കോറാണ് പിറന്നത്. അതേ സമയം രഞ്ജി ട്രോഫിയിലെ 10ാം വിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ട് എന്ന റെക്കോഡ് ഒരു റണ്ണിന് നഷ്ടമായി.
തുഷാര്‍ ദേഷ്പാണ്ടേ പുറത്തായപ്പോള്‍ ഇരുവരും ചേര്‍ന്ന് 232 റണ്‍സ് കൂട്ടുകെട്ട് ഉയര്‍ത്തിയിരുന്നു. മുംബൈക്കെതിരെ ഡല്‍ഹിയുടെ അജയ് ശര്‍മ്മ – മനീന്ദര്‍ സിംഗ് (1991-92) എന്നിവരുടെ പേരിലാണ് ഈ റെക്കോഡ്.