കോഹ്ലി മെസ്സിയെ പോലെ :വമ്പൻ മത്സരങ്ങളിൽ മികവ് കാണിക്കണം -ചർച്ചയായി മുൻ പാക് താരത്തിന്റെ അഭിപ്രായം

ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്മാനെന്ന വിശേഷണം കരിയറിൽ സ്വന്തമാക്കിയ ഇന്ത്യൻ നായകൻ വിരാട് കോഹ്ലിക്ക് വരാനിരിക്കുന്ന ഐസിസി ലോക ടെസ്റ്റ് ചാണപ്യൻഷിപ് ഫൈനൽ വളരെ നിർണായകമാണ്. ബാറ്റിങ്ങിൽ ഏറെ റെക്കോർഡുകൾ സ്വന്തമാക്കിയ കോഹ്ലി ക്യാപ്റ്റനെന്ന നിലയിലും വളരെ നേട്ടങ്ങളിലേക്ക് ടീമിനെ നയിച്ചിട്ടുണ്ട്. ജൂൺ പതിനെട്ടിന് ആരംഭിക്കുന്ന കിവീസ് ടീമിനെതിരായ ഫൈനലിൽ പ്രഥമ ടെസ്റ്റ് കിരീടം സ്വന്തമാക്കാനുള്ള തീവ്രശ്രമം തുടരുകയാണ് ഇന്ത്യൻ സംഘം. പക്ഷേ പ്രധാന മത്സരങ്ങളിൽ വിരാട് കോഹ്ലി ബാറ്റിങ്ങിൽ പരാജയമാകാറുണ്ട് എന്ന വിമർശനം ഒരിടവേളക്ക് ശേഷം വീണ്ടും ശക്തമാകുകയാണ്.

ഇന്ത്യൻ നായകൻ കോഹ്ലിക്ക് ഇതുവരെ തന്റെ ക്യാപ്റ്റൻസി മികവിൽ ടീമിന് ഒരു ഐസിസി കിരീടവും നേടികൊടുക്കാൻ കഴിഞ്ഞിട്ടില്ല.ഇന്ത്യൻ ക്രിക്കറ്റ്‌ ടീം കഴിഞ്ഞ കുറച്ച് കാലങ്ങളായി സെമിഫൈനലിലും ഫൈനലിലും തോൽക്കാറാണ് പതിവ്. ഇപ്പോൾ ഇതേ കുറിച്ച് സംസാരിക്കാവെ മുൻ പാക് താരം റമീസ് രാജ നടത്തിയ ഒരു വിമർശനമാണ് ക്രിക്കറ്റ്‌ ലോകത്ത് വലിയ ചർച്ചയാകുന്നത്. നായകൻ കോഹ്ലി അർജന്റീന ഫുട്ബോൾ നായകൻ ലയണൽ മെസ്സിയെ പോലെയാണ് എന്നും റമീസ് രാജ പരിഹസിച്ചു.

“എന്റെ അഭിപ്രായത്തിൽ ക്രിക്കറ്റിൽ താൻ എക്കാലത്തെയും മികച്ച താരം ആണെന്ന് തെളിയിക്കുവാൻ കോഹ്ലിക്ക് ലഭിക്കുന്ന അവസരമാണിത്. അർജന്റീന നായകൻ മെസ്സിയെ പോലെ കോഹ്ലി അടക്കം ചില വമ്പൻ താരങ്ങൾക്ക് പ്രധാന കിരീടങ്ങൾ നേടുവാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. നിർണായക മത്സരങ്ങളിൽ തിളങ്ങുകയെന്നത് ഒരു താരത്തിന്റെ മികവിനെ പരിശോധിക്കുന്ന ഒന്നാണ്. പ്രധാന മത്സരങ്ങളിൽ തിളങ്ങുന്നത് ഒരു താരത്തെ മറ്റുള്ളവരിൽ നിന്നും വളരെ ഏറെ വ്യത്യസ്തനാക്കുന്നു. വിൻഡീസ് ഇതിഹാസ താരം വിവിയൻ റിച്ചാർഡ്‌സ് അത്തരത്തിൽ ഒരു ബാറ്റ്സ്മാനാണ് ” റമീസ് രാജ വിശദമാക്കി.

അതേസമയം നീണ്ട നാളത്തെ സെഞ്ച്വറി വരൾച്ചക്ക് വിരാമം ഇടുവാൻ കോഹ്ലിക്ക് വരുന്ന ഫൈനലിൽ കഴിയുമെന്നും റമീസ് രാജ വിശ്വാസം പ്രകടിപ്പിച്ചു. “കോഹ്ലിയെ സംബന്ധിച്ചിടത്തോളം വരാനിരിക്കുന്ന ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനൽ ഒരു അവസരമാണ്.ദീർഘ കാലത്തെ സെഞ്ച്വറി ഇല്ലായ്മക്ക് ഒരു അവസാനം കുറിക്കാനും ഒപ്പം ടീമിനെ മുന്നിൽ നിന്ന് നയിച്ച് ജയിപ്പിക്കാനും “മുൻ പാക് താരം വാചാലനായി.

Previous articleസൗഹൃദ മത്സരത്തില്‍ വിജയവുമായി പോര്‍ച്ചുഗല്‍. റൊണാള്‍ഡോ ഗോള്‍ നേടി
Next articleഓസ്ട്രേലിയൻ ടീമിനെ നയിക്കാനോ ഞാനോ :ചിന്തിച്ചിട്ടേയില്ല അത് -തുറന്ന് പറഞ്ഞ് സ്റ്റാർ പേസർ