ഒരുപാട് യുവതാരങ്ങൾക്ക് ഇന്ത്യൻ ദേശീയ ടീമിലേക്കുള്ള വഴിതെളിച്ചിട്ടുള്ള ടൂർണമെന്റാണ് ഇന്ത്യൻ പ്രീമിയർ ലീഗ്. ഇന്ന് ഇന്ത്യൻ ടീമിനായി കളിക്കുന്ന പലരും ഐപിഎല്ലിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ആ സ്ഥാനത്തെത്തിയവരാണ്. 2023ലെ ഐപിഎല്ലിന്റെ തുടക്കത്തിൽ തന്നെ യുവതാരങ്ങളുടെ വമ്പൻ പ്രകടനങ്ങൾ കാണുകയുണ്ടായി. ചെന്നൈ സൂപ്പർ കിങ്സിനായി ഋതുരാജ് ഗൈക്കുവാഡ് നിറഞ്ഞാടിയപ്പോൾ, ഗുജറാത്തിനായി ശുഭമാൻ ഗിൽ കളം നിറയുകയായിരുന്നു. എന്നാൽ 2023ലെ ഐപിഎല്ലിൽ നിറസാന്നിധ്യമാകാൻ സാധ്യതയുള്ള മറ്റൊരു യുവതാരവും ആദ്യ മത്സരത്തിൽ കളിച്ചു. ഇന്ത്യയുടെ അണ്ടർ 19 ലോകകപ്പ് വിജയ ടീമിലെ സാന്നിധ്യമായിരുന്ന രാജ്വർത്തൻ ഹംഗർഗേക്കർ.
ആദ്യ മത്സരത്തിൽ ധോണി നയിക്കുന്ന ചെന്നൈ സൂപ്പർ കിംഗ്സിനായി ഒരു തകർപ്പൻ പ്രകടനം തന്നെയാണ് ഹംഗർഗേക്കർ കാഴ്ചവച്ചത്. മത്സരത്തിൽ ചെന്നൈയുടെ ആദ്യ ഇലവനിൽ സ്ഥാനം പിടിക്കാൻ ഹംഗർഗേക്കറിന് സാധിച്ചു. ആദ്യ ഓവർ അല്പം ടെൻഷനോടെ തന്നെയായിരുന്നു ഹംഗർഗേക്കർ മത്സരത്തിൽ എറിഞ്ഞത്. ആദ്യ ഓവറിൽ കുറച്ച് എക്സ്ട്രാ ബോളുകളും ഈ താരം വഴങ്ങുകയുണ്ടായി. എന്നാൽ അധികം താമസിക്കാതെ തന്നെ ഗുജറാത്തിന്റെ ആദ്യ വിക്കറ്റ് പിഴുത് ഹംഗർഗേക്കർ തന്റെ വരവറിയിച്ചു.
ചെന്നൈ നിരയിൽ മറ്റു ബോളർമാരൊക്കെയും പരാജയപ്പെട്ട സാഹചര്യത്തിൽ ഹംഗർഗേക്കർ അവർക്ക് പ്രതീക്ഷ നൽകുകയായിരുന്നു. ഗുജറാത്തിന്റെ ശക്തിയായിരുന്ന വൃദ്ധിമാൻ സാഹയുടെയും സായി സുദർശന്റെയും വിജയ് ശങ്കറിന്റെയും വിക്കറ്റുകൾ ഹംഗർഗേക്കർ വീഴ്ത്തുകയുണ്ടായി. മത്സരത്തിൽ നിശ്ചിത നാലോവറൂകളിൽ 36 റൺസ് വിട്ടു നൽകി മൂന്നു വിക്കറ്റുകളാണ് ഹംഗർഗേക്കർ നേടിയത്. ബാറ്റിങ്ങിന് അങ്ങേയറ്റം അനുകൂലമായ പിച്ചിൽ ഹംഗർഗേക്കറിന്റെ ഈ പ്രകടനം വളരെയധികം ശ്രദ്ധയകർഷിക്കുകയും ചെയ്തിട്ടുണ്ട്.
മത്സരശേഷം ചെന്നൈയുടെ നായകൻ ധോണി ഹംഗർഗേക്കറിന്റെ കഴിഞ്ഞ സമയങ്ങൾ ഉണ്ടായിട്ടുള്ള പുരോഗമനത്തെപ്പറ്റി സംസാരിക്കുകയുണ്ടായി. വരും മത്സരങ്ങളിലും ഈ യുവതാരം ഇത്തരത്തിലുള്ള പ്രകടനങ്ങൾ കാഴ്ചവയ്ക്കും എന്ന് തന്നെയാണ് പ്രതീക്ഷ. അങ്ങനെയെങ്കിൽ 2023ലെ ഐപിഎല്ലിന്റെ ഇന്ത്യൻ ടീമിലേക്കുള്ള സംഭാവനയായി ഹംഗർഗേക്കർ മാറിയേക്കാം. മത്സരത്തിൽ ചെന്നൈ പരാജയമറിഞ്ഞെങ്കിലും എടുത്തു പറയാവുന്ന ഒരു പോസിറ്റീവ് തന്നെയാണ് ഈ യുവതാരത്തിന്റെ പ്രകടനം.