ധോണിയും രോഹിതുമല്ല, മലയാളീ ക്യാപ്റ്റൻ ഇത്തവണ കപ്പെടുക്കും. മൈക്കിൾ വോണിന്റെ വമ്പൻ പ്രവചനം.

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിനാറാം സീസണിന് കൊടിയേറാൻ കേവലം മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. സീസണിലെ ആദ്യ മത്സരത്തിൽ ശക്തരായ ചെന്നൈ സൂപ്പർ കിങ്സ് നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസിനെയാണ് നേരിടുന്നത്. എന്നാൽ സീസൺ ആരംഭിക്കുന്നതിന് മുൻപ് തന്നെ പ്രവചനങ്ങളുമായി മുൻ ക്രിക്കറ്റ് താരങ്ങൾ രംഗത്ത് വന്നിട്ടുണ്ട്. ഇപ്പോൾ 2023 ഐപിഎല്ലിൽ ആര് വിജയികളാവും എന്ന് പ്രവചിച്ച് രംഗത്ത് വന്നിരിക്കുകയാണ് ഇംഗ്ലണ്ടിന്റെ മുൻനായകൻ മൈക്കിൾ വോൺ. മലയാളി താരം സഞ്ജു സാംസൺ നായകനായുള്ള രാജസ്ഥാൻ റോയൽസ് 2023ലെ ഐപിഎല്ലിൽ ജേതാക്കളാവും എന്നാണ് മൈക്കിൾ വോൺ പറയുന്നത്.

തന്റെ സാമൂഹ്യ മാധ്യമ അക്കൗണ്ടിലൂടെയായിരുന്നു മൈക്കിൾ വോൺ ഈ പ്രവചനം നടത്തിയത്. 2022 ഐപിഎൽ സീസണിലെ ഫൈനലിസ്റ്റുകളായിരുന്നു സഞ്ജു സാംസൺ നായകനായുള്ള രാജസ്ഥാൻ റോയൽസ് ടീം. ഇത്തവണ രാജസ്ഥാൻ കപ്പുയർത്തും എന്ന് മൈക്കിൾ വോൺ വിശ്വസിക്കുന്നു. “ഐപിഎൽ തുടങ്ങുന്നതിനായി ഞാൻ കാത്തിരിക്കുകയാണ്. ക്രിക്ബസ് ടീമിനൊപ്പമാണ് ഞാൻ ഇത്തവണ ഐപിഎല്ലിന് ഉണ്ടാവുക. ഞാൻ ഇത്തവണ പ്രതീക്ഷ വയ്ക്കുന്നത് രാജസ്ഥാൻ റോയൽസ് ടീമിലാണ്. മെയ് അവസാനം അവർ കപ്പുയർത്തുമെന്ന് ഞാൻ വിശ്വസിക്കുന്നു.”- മൈക്കിൾ വോൺ തന്റെ ട്വിറ്റെറിൽ കുറിച്ചു.

Rajasthan royals ipl final

2008ലെ ഐപിഎല്ലിന്റെ ആദ്യ സീസണിലെ ജേതാക്കളായിരുന്നു രാജസ്ഥാൻ റോയൽസ്. എന്നാൽ പിന്നീട് കിരീടമൊന്നും നേടാൻ രാജസ്ഥാൻ റോയൽസിന് സാധിച്ചിട്ടില്ല. 2022ലെ സീസണിൽ സഞ്ജു സാംസന്റെ നേതൃത്വത്തിൽ രാജസ്ഥാൻ ഫൈനലിൽ എത്തിയിരുന്നു. എന്നാൽ ഫൈനലിൽ ഹർദിക്ക് പാണ്ട്യ നയിക്കുന്ന ഗുജറാത്ത് ടൈറ്റൻസ് ടീമിനോട് സഞ്ജു പടയ്ക്കു പരാജയം ഏറ്റുവാങ്ങേണ്ടി വരികയായിരുന്നു. എന്നാൽ ഇത്തവണ കൂടുതൽ ആത്മവിശ്വാസത്തോടെ തന്നെയാണ് സഞ്ജുവിന്റെ പടയിറങ്ങുന്നത്. ഏപ്രിൽ രണ്ടിന് സൺറൈസേഴ്സ് ഹൈദരാബാദിനെതിരെയാണ് രാജസ്ഥാന്റെ ആദ്യ മത്സരം നടക്കുന്നത്.

2022ലെ മികച്ച പ്രകടനം രാജസ്ഥാൻ റോയൽസിന് ഇത്തവണയും ആത്മവിശ്വാസം നൽകുന്നുണ്ട്. കഴിഞ്ഞ സീസണിൽ ലീഗ് റൗണ്ടിൽ 14 മത്സരങ്ങളിൽ 9 എണ്ണത്തിലും വിജയം കാണാൻ രാജസ്ഥാൻ ടീമിന് സാധിച്ചിരുന്നു. പോയിന്റ്സ് ടേബിളിൽ രണ്ടാം സ്ഥാനക്കാരായി ആയിരുന്നു രാജസ്ഥാൻ ക്വാളിഫയറിൽ എത്തിയത്. ക്വാളിഫയറിൽ ബാംഗ്ലൂർ ടീമിനെ തകർത്തു തരിപ്പണമാക്കി ഫൈനലിലെത്താനും രാജസ്ഥാന് സാധിച്ചിരുന്നു. ഇത്തവണയും ഇതുപോലെ മികവാർന്ന പ്രകടനങ്ങൾ തന്നെയാണ് രാജസ്ഥാൻ പ്രതീക്ഷിക്കുന്നത്.

Previous articleമെസ്സിയുടെ “ചെണ്ട”ബ്രസീൽ; കണക്കുകളിൽ റൊണാൾഡോയെക്കാൾ കേമൻ മെസ്സി തന്നെ. മെസ്സിയുടെയും റൊണാൾഡോയുടെയും ഗോളുകളുടെ കണക്കുകൾ പരിശോധിക്കാം..
Next articleഓരോ വർഷം കഴിയുമ്പോളും സഞ്ജു അത്ഭുതപെടുത്തുന്നു. വൻ പ്രശംസയുമായി ഇംഗ്ലണ്ട് താരം.