2023ലെ ഐപിഎൽ അടുത്തെത്തിയ സാഹചര്യത്തിൽ മലയാളി താരം സഞ്ജു സാംസന്റെ വെടിക്കെട്ട് കാണാനായി കാത്തിരിക്കുകയാണ് ക്രിക്കറ്റ് ലോകം. 2022ലെ സീസണിൽ രാജസ്ഥാൻ റോയൽസിനെ ഫൈനലിലെത്തിച്ച നായകനാണ് സഞ്ജു സാംസൺ. ഫൈനലിൽ ഗുജറാത്ത് ടീമിനോട് പരാജയപ്പെട്ടെങ്കിലും ഈ വർഷം ആ ക്ഷീണം മാറ്റാനുള്ള മുന്നൊരുക്കങ്ങൾ രാജസ്ഥാൻ തുടങ്ങിക്കഴിഞ്ഞു. ഇതിന്റെ ഭാഗമായി കഠിനമായ പരിശീലനത്തിലാണ് സഞ്ജു ഇപ്പോൾ. തങ്ങളുടെ ഹോം ഗ്രൗണ്ടായ സവായി മാൻസിഗ് സ്റ്റേഡിയത്തിൽ എല്ലാം മറന്നുകൊണ്ട് ഷോട്ടുകൾ ഉതിർക്കുന്ന സഞ്ജു സാംസനെയാണ് വീഡിയോകളിൽ കാണാൻ സാധിക്കുന്നത്.
കഴിഞ്ഞദിവസം രാജസ്ഥാൻ റോയൽസ് തങ്ങളുടെ ഔദ്യോഗിക സാമൂഹ്യ മാധ്യമ അക്കൗണ്ടിലൂടെ ഏറ്റവും പുതിയ പരിശീലന വീഡിയോ പുറത്തുവിട്ടിരുന്നു. രാജസ്ഥാൻ റോയൽസ് താരങ്ങളായ രവിചന്ദ്രൻ അശ്വിനും യൂസുവേന്ദ്ര ചഹലും അടക്കമുള്ളവർ ക്യാമ്പിൽ എത്തിച്ചേർന്നതിന്റെ വീഡിയോയാണ് രാജസ്ഥാൻ പുറത്തുവിട്ടത്. ഒപ്പം സഞ്ജു സാംസൺ പരിശീലനത്തിനിടെ വമ്പൻ ഷോട്ടുകൾ കളിക്കുന്നതും വീഡിയോയിൽ കാണാൻ സാധിക്കും. തനിക്കു മുൻപിലേക്ക് വരുന്ന ഓരോ പന്തും ഏറ്റവും ദൂരത്തിലേക്ക് സിക്സറായി നിക്ഷേപിക്കുന്ന സഞ്ജുവാണ് വീഡിയോയുടെ ഉള്ളടക്കം തന്നെ.
ഇതോടൊപ്പം സഞ്ജുവിനായി ഗാലറിയിൽ ആർപ്പുവിളിക്കുന്ന ആരാധകരും വീഡിയോയുടെ ആകർഷണമാണ്. ഒപ്പം പരിശീലനശേഷം തന്റെ ആരാധകർക്കടുത്ത് ചെന്ന് ഓട്ടോഗ്രാഫും സെൽഫിയും നൽകിയ ശേഷമാണ് സഞ്ജു സാംസൺ തിരികെ മടങ്ങിയത്. സഞ്ജുവിന്റെ ഈ ലാളിത്യപരമായ പെരുമാറ്റവും മൈതാനത്തെ വമ്പൻ ഷോട്ടുകളുമടങ്ങുന്ന വീഡിയോ നിമിഷങ്ങൾക്കകം തന്നെ സാമൂഹ്യ മാധ്യമങ്ങൾ കീഴടക്കുകയുണ്ടായി. വരാനിരിക്കുന്ന സീസണിൽ സഞ്ജു എത്രമാത്രം പ്രതീക്ഷ വയ്ക്കുന്നുണ്ടെന്ന് കാണിക്കുന്ന വീഡിയോ കൂടിയായിരുന്നു ഇത്.
2023ൽ ഏകദിന ലോകകപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ രാജസ്ഥാൻ റോയൽസിനായി മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിൽ മാത്രമേ സഞ്ജുവിന് ഇന്ത്യയുടെ സ്ക്വാഡിൽ എത്തിപ്പെടാൻ സാധിക്കൂ. ഏകദിന ക്രിക്കറ്റിലെ മികച്ച റെക്കോർഡുകൾ കൊണ്ട് സഞ്ജു നേരത്തെ ശ്രദ്ധ നേടിയിരുന്നെങ്കിലും, ഇന്ത്യൻ ടീമിൽ അവസരങ്ങൾ വളരെ കുറവ് തന്നെയാണ് ലഭിച്ചത്. എന്നാൽ ഇതിനെല്ലാം പരിഹാരം കാണാൻ ഒരു മികച്ച ഐപിഎൽ സീസണിലൂടെ സാധിക്കും എന്ന ആത്മവിശ്വാസത്തിൽ തന്നെയാണ് സഞ്ജു. മാർച്ച് 31നാണ് ഈ വർഷത്തെ ഐപിഎൽ ആരംഭിക്കുന്നത്.