ഇന്നലെ നടന്ന ഐപിഎൽ മിനി ലേലത്തില്‍ 2 മലയാളി താരങ്ങളെ സ്വന്തമാക്കി രാജസ്ഥാൻ റോയൽസ്. ആദ്യഘട്ടത്തിൽ മലയാളി താരങ്ങളെ വിളിച്ചപ്പോൾ ആരും വാങ്ങിയില്ല. എന്നാൽ രണ്ടാംഘട്ടത്തിൽ രാജസ്ഥാൻ റോയൽസ് രണ്ട് മലയാളി താരങ്ങളെ തങ്ങളുടെ ടീമിൽ എത്തിക്കുകയായിരുന്നു. ചെന്നൈ സൂപ്പർ കിംഗ്സിൽ കളിച്ച പരിചയമുള്ള കെ എം ആസിഫിനെയാണ് ആദ്യം 30 ലക്ഷം രൂപ മുടക്കി രാജസ്ഥാൻ ടീമിൽ എത്തിച്ചത്.
സൂപ്പർ താരത്തിനെ വാങ്ങിച്ചതിന് പിന്നാലെ 20 ലക്ഷം രൂപയ്ക്ക് ഓൾറൗണ്ടറായ അബ്ദുൽ ബാസിത്തിനെയും രാജസ്ഥാൻ വിളിച്ചെടുത്തു. കേരള ക്രിക്കറ്റ് ആരാധകർക്ക് സന്തോഷം നൽകുന്ന വാർത്തയാണ് സഞ്ജുവിന് ഒപ്പം രണ്ട് മലയാളി താരങ്ങൾ രാജസ്ഥാൻ റോയൽസ് ടീമിൽ എത്തിയത്. മലയാളി വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ വിഷ്ണു വിനോദിനെ സ്വന്തമാക്കിയത് 5 തവണ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ് ആണ്. 20 ലക്ഷം രൂപക്കാണ് മുംബൈ വിഷ്ണുവിനെ ടീമിൽ എത്തിച്ചത്. ഇതേ തുകക്ക് 2021ൽ താരത്തെ ഡൽഹി ക്യാപിറ്റൽസ് വാങ്ങിച്ചിരുന്നു.
ഡെത്ത് ഓവറുകളിൽ ഫിനിഷറായും അറ്റാക്കിങ് മിഡിൽ ഓർഡർ ബാറ്ററായ വിഷ്ണുവിനെ ഉപയോഗിക്കാം. ഇന്ത്യയുടെ താരങ്ങൾ മാത്രമല്ല ഇംഗ്ലണ്ടിന്റെ താരമായ യുവ ഓൾ റൗണ്ടർ വിൽ ജാക്സും ലേലത്തിൽ തിളങ്ങി. താരത്തിന്റെ അടിസ്ഥാന വില 1.50 കോടി രൂപയായിരുന്നു. എന്നാൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ താരത്തെ സ്വന്തമാക്കിയത് 3.20 കോടിക്കാണ്. ഇംഗ്ലീഷ് യുവ ഓൾറൗണ്ടറെ സ്വന്തമാക്കാൻ കഴിഞ്ഞ തവണത്തെ രണ്ടാം സ്ഥാനക്കാരായ രാജസ്ഥാൻ അവസാന നിമിഷം വരെ ഉണ്ടായിരുന്നു.
24 കാരനായ ഓൾറൗണ്ടർ ഇംഗ്ലണ്ടിനുവേണ്ടി രണ്ട് 20-20യും രണ്ട് ടെസ്റ്റുകളും ആണ് ഇതുവരെ കളിച്ചിട്ടുള്ളത്. അതേ സമയം ഇന്ത്യൻ സീനിയർ താരമായ മനീഷ് പാണ്ഡെയെ ഡൽഹി ക്യാപിറ്റൽസ് 2.40 കോടിക്ക് സ്വന്തമാക്കി. വിവ്രാന്ത് ശർമ്മയാണ് ഇന്ത്യൻ താരങ്ങളിൽ വമ്പൻ തുക ലഭിച്ചവരിൽ ഒരാൾ. സൺറൈസേഴ്സ് ഹൈദരാബാദ് ആണ് 20 ലക്ഷം രൂപ മാത്രം അടിസ്ഥാന വില ഉണ്ടായിരുന്ന ഓൾറൗണ്ടറെ 2.60 കോടിക്ക് ടീമിൽ എത്തിച്ചത്. താരത്തിന് വേണ്ടി സജീവമായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് അവസാന നിമിഷം വരെയുണ്ടായിരുന്നു