ഐപിഎൽ 2023ൽ മികച്ച തുടക്കമാണ് രാജസ്ഥാൻ റോയൽസ് ടീമിന് ലഭിച്ചിരിക്കുന്നത്. സീസണിലെ ആദ്യ മൂന്നു കളികളിൽ രണ്ടു മത്സരങ്ങളിലും വമ്പൻ വിജയം നേടാൻ രാജസ്ഥാന് സാധിച്ചിട്ടുണ്ട്. വെടിക്കെട്ട് പ്രകടനം കാഴ്ചവയ്ക്കുന്ന ബാറ്റിംഗ് മുൻനിരയും അവസരത്തിനൊത്ത് ഉയരുന്ന ബോളിങ് നിരയുമാണ് രാജസ്ഥാന്റെ ശക്തി. എന്നിരുന്നാലും മധ്യ ഓവർ ബാറ്റിംഗിൽ രാജസ്ഥാന് കുറച്ചധികം പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്. ഇതിൽ പ്രധാനപ്പെട്ട ഒന്ന് ബാറ്റർ റിയാൻ പരഗിന്റെ മോശം ഫോമാണ്. ആദ്യ മൂന്ന് കളികളിലും നിരാശാജനകമായ പ്രകടനമായിരുന്നു പരാഗ് കാഴ്ചവച്ചത്. അതിനാൽതന്നെ അടുത്ത മത്സരങ്ങളിൽ റിയാൻ പരാഗ് ടീമിന് പുറത്തായിരിക്കും എന്ന സൂചനകൾ ലഭിക്കുന്നുണ്ട്.
അങ്ങനെ പരാഗ് ടീമിന് പുറത്തേക്ക് പോയാൽ പകരമായി രാജസ്ഥാൻ റോയൽസ് ടീമിലെത്താൻ സാധ്യതയുള്ള ഒരു മലയാളി താരമുണ്ട്. ഇത്തവണത്തെ ഐപിഎല്ലിലൂടെ രാജസ്ഥാൻ ടീമിലെത്തിയ മലയാളി താരം അബ്ദുൽ ബാസിത്. സമീപകാലത്ത് ആഭ്യന്തര ക്രിക്കറ്റിൽ വളരെ മികച്ച പ്രകടനങ്ങളാണ് ബാസിത് കാഴ്ച വെച്ചിട്ടുള്ളത്. പരഗിന് പകരം വയ്ക്കാൻ സാധിക്കുന്ന ഒരുഗ്രൻ ബാറ്റിംഗ് ഓൾറൗണ്ടറാണ് ബാസിത്. കേരളത്തിനായി കഴിഞ്ഞ സമയങ്ങളിൽ മികവാർന്ന ബാറ്റിംഗ് പ്രകടനം ബാസിത് കാഴ്ചവെച്ചിട്ടുണ്ട്. അതിനാൽതന്നെ ഈ 24 കാരനെ രാജസ്ഥാൻ തങ്ങളുടെ ടീമിൽ ഉൾപ്പെടുത്താൻ സാധ്യതകൾ ഏറെയാണ്.
ഇന്ത്യയുടെ ആഭ്യന്തര സീസണിൽ മികവാർന്ന പ്രകടനമായിരുന്നു അബ്ദുൽ ബാസിത് കാഴ്ചവച്ചത്. സൈദ് മുഷ്തഖ് അലി ട്രോഫിയിലും വിജയ് ഹസാരെ ട്രോഫിയിലുമൊക്കെ അബ്ദുൽ ബാസിത് നിറഞ്ഞാടിയിരുന്നു. ശേഷം ബാസിതിനെ ഇക്കുറി ലേലത്തിലൂടെ രാജസ്ഥാൻ റോയൽസ് സ്വന്തമാക്കുകയായിരുന്നു. 20 ലക്ഷം രൂപയായിരുന്നു ബാസിതിന്റെ അടിസ്ഥാന തുക. മറ്റു ടീമുകളൊന്നും ബാസിത്തിനുവേണ്ടി രംഗത്ത് വരാത്ത സാഹചര്യത്തിൽ 20 ലക്ഷം രൂപയ്ക്ക് തന്നെ രാജസ്ഥാന് ബാസിതിനെ ലഭിക്കുകയുണ്ടായി. വരും മത്സരങ്ങളിലും പരാഗ് മോശം പ്രകടനങ്ങൾ ആവർത്തിക്കുകയാണെങ്കിൽ ബാസിത് ടീമിൽ അരങ്ങേറാൻ സാധ്യതയുണ്ട്.
നിലവിൽ മലയാളി താരങ്ങളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമാണ് രാജസ്ഥാൻ റോയൽസ് ടീം. മലയാളി താരം സഞ്ജു സാംസൺ നായകനായ ടീമിൽ ആദ്യ മത്സരങ്ങളിൽ മലയാളിയായ കെഎം ആസിഫ് കളിച്ചിരുന്നു. എന്നാൽ ഇരു മത്സരങ്ങളിലും ശ്രദ്ധേയമായ ബോളിംഗ് പ്രകടനം കാഴ്ചവയ്ക്കാൻ ആസിഫിന് സാധിച്ചില്ല. ശേഷം മൂന്നാം മത്സരത്തിൽ രാജസ്ഥാൻ ആസിഫിനെ ഒഴിവാക്കുകയായിരുന്നു. എന്നിരുന്നാലും പരഗിന് പകരം അബ്ദുൽ ബാസിത് ടീമിലെത്തിയാൽ കേരളത്തിനു തന്നെ അതൊരു അഭിമാനം നിമിഷമാണ്.