വളരെ ആവേശഭരിതമായ നിമിഷങ്ങളിലൂടെയാണ് ഇത്തവണത്തെ ഇന്ത്യൻ പ്രീമിയർ ലീഗ് കടന്നുപോകുന്നത്. ഒരുപാട് പുതിയ താരങ്ങളുടെ ഉയർച്ചയും പല മികച്ച താരങ്ങളുടെ പതനവും ഈ ഐപിഎല്ലിൽ കാണുകയുണ്ടായി. ഇത്തവണത്തെ ഐപിലൂടെ ഇന്ത്യൻ ക്രിക്കറ്റിന് ലഭിച്ചിരിക്കുന്ന ഏറ്റവും വലിയ ഗുണം യുവതാരങ്ങളുടെ പ്രകടനമാണ്. ഒരുപാട് യുവ ഇന്ത്യൻ താരങ്ങൾ കസറുകയുണ്ടായി. ഇത് ഇന്ത്യൻ ടീമിന് എത്രമാത്രം ഗുണമായി മാറും എന്ന് സംസാരിക്കുകയാണ് മുൻ ഇന്ത്യൻ താരം സുരേഷ് റെയ്‌ന ഇപ്പോൾ. ഇന്ത്യൻ ഇടംകയ്യൻ ബാറ്റർമാരുടെ മികവാണ് ഇത്തവണത്തെ ഐപിഎല്ലിന്റെ പ്രത്യേകത എന്ന റെയ്ന പറയുന്നു.
“ഇത്തവണത്തെ ഐപിഎൽ സാക്ഷിയാകുന്നത് ഇന്ത്യൻ ഇടംകയ്യൻ ബാറ്റർമാരുടെ മികച്ച പ്രകടനങ്ങൾക്കാണ്. രാജസ്ഥാന്റെ ഓപ്പണർ ജെയിസ്വാൾ, മുംബൈയുടെ ഓപ്പണർ ഇഷാൻ കിഷൻ എന്നിവർ ടീമുകൾക്ക് മികച്ച തുടക്കമാണ് ഇത്തവണ നൽകിയിരിക്കുന്നത്. മാത്രമല്ല മധ്യനിരയിൽ കൊൽക്കത്തൻ താരം റിങ്കു സിംഗ്, മുംബൈ താരം തിലക് വർമ്മ തുടങ്ങിയവരും മികച്ച ഫോമിൽ കളിക്കുന്നുണ്ട്. ഇതൊക്കെയും ഇന്ത്യയ്ക്ക് വളരെ പ്രതീക്ഷകൾ നൽകുന്നു. അതിനാൽ തന്നെ ഇവർ ഇന്ത്യൻ ടീമിന്റെ സ്ഥിര സാന്നിധ്യമാകും എന്ന കാര്യത്തിൽ എനിക്ക് സംശയമില്ല. ഇവരുടെ ഈ മികച്ച ഫോം ഇന്ത്യയ്ക്ക് പുതിയ കോമ്പിനേഷനുകൾ പരീക്ഷിക്കാൻ ഒരുപാട് അവസരങ്ങൾ നൽകുന്നുണ്ട്.”- റെയ്ന പറയുന്നു.
ഇതോടൊപ്പം അടുത്ത സീസണിൽ ചെന്നൈ സൂപ്പർ കിങ്സിനെ ആര് നയിക്കുമെന്ന കാര്യത്തിലും റെയ്‌ന തന്റെ അഭിപ്രായം രേഖപ്പെടുത്തുകയുണ്ടായി. “ഈ സീസണിൽ ധോണി വിരമിക്കുകയാണെങ്കിൽ രവീന്ദ്ര ജഡേജയാണ് ചെന്നൈയുടെ നായകനാകാൻ സാധ്യത. പക്ഷേ മൂന്നു വർഷങ്ങൾക്കുശേഷം ക്യാപ്റ്റൻസി ഋതുരാജിന്റെ കൈകളിലെത്തും. ചെന്നൈ ഋതുരാജിനെയാണ് ഭാവി ക്യാപ്റ്റനായി കാണുന്നത്.”- റെയ്‌ന പറയുന്നു.
ഇതിനൊപ്പം മഹേന്ദ്ര സിംഗ് ധോണിയുടെ ഈ ഐപിഎല്ലിനെ ഫോമിനെ പറ്റിയും റെയ്‌ന സംസാരിക്കുകയുണ്ടായി. ഇത്തവണത്തെ ചെന്നൈ ടീം എന്തായാലും ഫൈനൽ കളിക്കും എന്നാണ് റെയ്‌നയുടെ പ്രവചനം. ധോണിയുടെ മികച്ച പ്രകടനങ്ങൾ ചെന്നൈയ്ക്ക് ആവേശം നൽകുന്നുണ്ടെന്നും,ധോണിയുടെ അവസാന സീസണായി ഇത് മാറില്ല എന്ന് വിശ്വസിക്കുന്നുവെന്നും റെയ്ന പറയുന്നു.