ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസണിലെ ഏറ്റവും മികച്ച ബാറ്റിങ് പ്രകടനങ്ങളിൽ ഒന്നാണ് ഇന്നലെ ചെന്നൈ സൂപ്പർ കിങ്സിനെതിരായ നിർണായക മത്സരത്തിൽ പഞ്ചാബ് കിങ്‌സ് നായകൻ ലോകേഷ് രാഹുൽ പുറത്തെടുത്തത്. സീസണിലെ ടീമിന്റെ മോശം പ്രകടനങ്ങളുടെ പേരിൽ രൂക്ഷ വിമർശനം കേൾക്കാറുള്ള രാഹുൽ പക്ഷേ തന്റെ ബാറ്റിങ് മികവ് ഒരിക്കൽ കൂടി ആവർത്തിക്കുന്നതാണ് ഇന്നലെ കാണുവാൻ സാധിച്ചത്. ചെന്നൈയുടെ എല്ലാ ബൗളർമാരെയും ബൗണ്ടറികൾ മാത്രം പായിച്ച രാഹുൽ അതിവേഗ അർദ്ധ സെഞ്ച്വറിയും സ്വന്തമാക്കിയാണ് ഈ സീസണിലെ ടോപ് റൺസ് സ്കോറർ പദവി കരസ്ഥമാക്കിയത്.കൂടാതെ താരം ഓറഞ്ച് ക്യാപ്പിനും അർഹനായി. ഇന്നലെ കളിയിൽ വെറും 42 പന്തിൽ 7 ഫോറും 8 സിക്സും അടക്കം 98 റൺസ് അടിച്ച താരം അപൂർവ്വമായ റെക്കോർഡുകൾ കൂടി സ്വന്തം പേരിൽ കുറിച്ചു. വീണ്ടും ഒരിക്കൽ കൂടി ഒരു ഐപിൽ സീസണിൽ താരം പഞ്ചാബ് ടീമിന്റെ ബാറ്റിങ് കരുത്ത് ആയി മാറിയെങ്കിലും ടീം പ്ലേഓഫ് പോലും കാണാതെ പുറത്തായി.
2021ലെ ഐപിൽ സീസണിൽ 600 റൺസ് പിന്നിട്ട ആദ്യത്തെ താരമായ രാഹുൽ ചില നേട്ടങ്ങൾ കൂടി സ്വന്തം പേരിൽ കുറിച്ചു. ചെന്നൈക്ക് എതിരായ ഇന്നലെത്തെ മാസ്മരിക ബാറ്റിങ് പ്രകടനത്തോടെ പഞ്ചാബ് ടീമിന്റെ എക്കാലത്തെയും മികച്ച റൺസ് സ്കോറർ കൂടിയായി താരം മാറി.പഞ്ചാബ് ടീമിനായി ഇതുവരെ 2483 റൺസാണ് രാഹുൽ അടിച്ചെടുത്തത്. മുൻ പഞ്ചാബ് താരവും ഓസ്ട്രേലിയൻ സ്റ്റാർ ഓപ്പണർ കൂടിയായ ഷോൺ മാർഷ് റെക്കോർഡാണ് ഇന്നലെ രാഹുലിന്റെ ബാറ്റിങ് മികവിൽ തകർന്നത്.പഞ്ചാബ് ടീമിനായി 2477 റൺസാണ് ഷോൺ മാർഷ് അടിച്ചെടുത്തത്.
അതേസമയം ഇന്നലെ രാഹുലിന് മറ്റൊരു ഐപിൽ സെഞ്ച്വറിക്ക് അരികിൽ തന്റെ ഇന്നിങ്സ് അവസാനിപ്പിക്കേണ്ടി വന്നു എങ്കിലും മറ്റൊരു റെക്കോർഡിൽ കൂടി പങ്കാളിയാവുകയാണ് താരം ഇപ്പോൾ. ഏറ്റവും കൂടുതൽ തവണ ഐപിഎല്ലിൽ 90 റൺസ് പിന്നിട്ട താരമായി രാഹുൽ മാറി. ഐപിൽ കരിയറിൽ അഞ്ചാം തവണ 90പ്ലസ് റൺസ് ഒരു കളിയിൽ നേടിയ താരം ഈ നേട്ടത്തിൽ ഓപ്പണിങ് ബാറ്റ്‌സ്മാൻ ഡേവിഡ് വാർണർക്ക് ഒപ്പം എത്തി. 5 തവണയാണ് വാർണർ ഡൽഹി, ഹൈദരാബാദ് ടീമുകളിൽ കളിക്കവേ 90 പ്ലസ് റൺസ് നേടിയത്. കൂടാതെ ഈ ഐപിൽ സീസണിൽ 13 കളികളിൽ നിന്നും രാഹുൽ 626 റൺസ് നേടി. 30 സിക്സറുകൾ ഈ സീസണിൽ പായിച്ച താരം 6 ഫിഫ്റ്റി പ്ലസ് സ്കോറും നേടി