ഈ മാസം അവസാനം യുഎഇയിൽ വച്ചാണ് ഏഷ്യാകപ്പ് അരങ്ങേറുന്നത്. ഇപ്പോഴിതാ ഏഷ്യാകപ്പിന് ഒരുങ്ങുന്ന ഇന്ത്യൻ ടീമിന് കനത്ത തിരിച്ചടിയാണ് ലഭിച്ചിരിക്കുന്നത്. ഇന്ത്യൻ മുഖ്യ പരിശീലകനായ രാഹുൽ ദ്രാവിഡിന് കോവിഡ് സ്ഥിരീകരിച്ചിരിക്കുകയാണ്.
വെസ്റ്റിൻഡീസുമായുള്ള ഇന്ത്യൻ പര്യടത്തിനുശേഷം വിശ്രമത്തിൽ ആയിരുന്നു ദ്രാവിഡ്. ആ പരമ്പരക്ക് ശേഷം നടന്ന സിംബാബ്വേ പരമ്പരയിൽ ഇന്ത്യയെ പരിശീലിപ്പിച്ചത് മുൻ ഇന്ത്യ താരം വിവിഎസ് ലക്ഷ്മണായിരുന്നു. ഒക്ടോബറിൽ ഓസ്ട്രേലിയയിൽ വച്ച് നടക്കുന്ന 20-20 ലോകകപ്പിന് മുമ്പായി ഇന്ത്യ കളിക്കുന്ന പ്രധാന ടൂർണമെൻ്റ് ആണ് ഏഷ്യാകപ്പ്.
കോവിഡ് സ്ഥിരീകരിച്ചതിനാൽ ദ്രാവിഡിന് എപ്പോൾ ടീമിനൊപ്പം ചേരാൻ സാധിക്കുമെന്നത് വ്യക്തമല്ല. ഏഷ്യാകപ്പിൽ ഇന്ത്യയുടെ ആദ്യ മത്സരത്തിന്റെ എതിരാളികൾ ചിരവൈരികളായ പാക്കിസ്ഥാനാണ്. ആരോഗ്യപ്രശ്നങ്ങൾ ഉള്ളതിനാൽ ദ്രാവിഡ് ഇന്ത്യൻ ടീമിനൊപ്പം ഏഷ്യാകപ്പിന് ഉണ്ടാകില്ലെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.
ദ്രാവിഡിന്റെ അഭാവത്തിൽ ഇന്ത്യയെ വി വി എസ് ലക്ഷ്മൺ തന്നെയായിരിക്കും പരിശീലിപ്പിക്കാൻ സാധ്യത. അദ്ദേഹത്തിൻ്റെ കൂടെ ബാറ്റിങ് കോച്ചായ വിക്രം റാത്തൗർ, ബൗളിങ് കോച്ചായ പരസ് മംബ്രെ എന്നിവരും ഉണ്ടാകും. ഓഗസ്റ്റ് 28നാണ് പാകിസ്താനെതിരെയുള്ള ഇന്ത്യയുടെ ആദ്യ മത്സരം.