ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യൻ ടീമിനെ നയിച്ച പന്ത് ബാറ്റുകൊണ്ട് തിളങ്ങാത്തത് ഒരുപാട് വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. ഇപ്പോഴിതാ കടുത്ത വിമർശനങ്ങൾക്കിടയിലും താരത്തിനെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ ടീമിൻ്റെ മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡ്. താരം ഇന്ത്യൻ ടീമിൻ്റെ അഭിവാജ്യഘടകം ആണെന്നാണ് രാഹുൽ ദ്രാവിഡ് പറഞ്ഞത്.
ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയിൽ പന്ത് തിളങ്ങാതിരുന്നപ്പോൾ ഫിനിഷറുടെ റോളിൽ ദിനേശ് കാർത്തിക് നിറഞ്ഞാടി. ഇതോടെയാണ് ഇന്ത്യൻ ടീമിൽ നിന്നും പന്തിനെ പുറത്താക്കണമെന്ന ചർച്ചകൾ സാമൂഹ്യ മാധ്യമങ്ങളിൽ സജീവമായത്. എന്നാൽ ഇതിനെല്ലാം മറുപടിയായി ദ്രാവിഡ പറഞ്ഞത് അടുത്ത കുറച്ചു മാസങ്ങളിൽ ട്വൻ്റി-20 പരമ്പരകളിൽ പന്ത് എന്തുതന്നെയായാലും ഉണ്ടാകും എന്നാണ്.
“വ്യക്തിപരമായി പറയുകയാണെങ്കിൽ അവൻ കുറച്ചുകൂടെ റൺസ് സ്കോർ ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നുണ്ട്. പക്ഷേ എനിക്ക് അവനെ കുറിച്ച് ആശങ്കയില്ല. തീർച്ചയായും അടുത്ത കുറച്ച് മാസങ്ങളിൽ ഇന്ത്യയുടെ ട്വൻ്റി 20 ടീമിൽ അവൻ എന്തുതന്നെയായാലും ഉണ്ടാകും.”ദ്രാവിഡ് പറഞ്ഞു.
” വിമർശിക്കാൻ എനിക്ക് താല്പര്യമില്ല. മധ്യ ഓവറുകളിൽ കളി മുന്നോട്ട് കൊണ്ടുപോകുവാൻ ആക്രമിച്ചു കളിക്കുന്ന ആളുകളെ ആവശ്യമാണ്. ചിലപ്പോൾ രണ്ടോ മൂന്നോ മത്സരങ്ങളിലെ പ്രകടനം അടിസ്ഥാനമാക്കി ആരെയും വിലയിരുത്താൻ സാധിക്കില്ല. അവൻ ഇന്ത്യൻ ബാറ്റിങ് നിരയുടെ അവിഭാജ്യ ഘടകമാണ്. അവന് ശക്തിയുണ്ടെന്നതും ഒരു ഇടങ്കയൻ ബാറ്റ്സ്മാൻ ആണെന്നതും പ്രധാനമാണ്. മധ്യ ഓവറുകളിൽ മികച്ച പ്രകടനം അവൻ ഞങ്ങൾക്കായി പുറത്തെടുത്തിട്ടുണ്ട്. ” രാഹുൽ ദ്രാവിഡ് പറഞ്ഞു
ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയിൽ നാല് കളികളിൽ നിന്ന് 57 റൺസ് മാത്രമാണ് പന്ത് നേടിയത്.അതേസമയം, അടുത്തമാസം ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരം കടുത്ത വെല്ലുവിളി ആയിരിക്കുമെന്ന് രാഹുൽ ദ്രാവിഡ് പറഞ്ഞു. മികച്ച ഫോമിൽ കളിക്കുന്ന ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തുന്നത് എളുപ്പമാകില്ല.