ക്രിക്കറ്റ് ആരാധകർ എല്ലാം ഇപ്പോൾ ഐപിൽ ആവേശത്തിലാണ്. ആരാകും വരാനിരിക്കുന്ന ടി :20 ക്രിക്കറ്റ് ലോകകപ്പ് കിരീടം നേടുകയെന്നുള്ള ചർച്ചകൾ കൂടി വളരെ സജീവമായിരിക്കെ ഇന്ത്യൻ ടീമിൽ മാറ്റങ്ങളുടെ കാലമാണ് വരുന്നത്. ടി :20 ക്രിക്കറ്റ് ലോകകപ്പിന് ശേഷം ഇന്ത്യൻ ടീം ടി :20 ക്യാപ്റ്റൻ സ്ഥാനത്ത് നിന്നും താൻ ഒഴിയികയാണെന്ന് ക്യാപ്റ്റൻ വിരാട് കോഹ്ലി വിശദമാക്കി കഴിഞ്ഞു. ടി :20 ലോകകപ്പ് കിരീടം കരസ്ഥമാക്കി നായക കുപ്പായം അഴിക്കാനുള്ള കോഹ്ലിയുടെ ആഗ്രഹങ്ങൾക്ക് പുറമേ വളരെ ഏറെ നിർണായകമായ മറ്റൊരു കാര്യം ആരാകും അടുത്ത ഇന്ത്യൻ ഹെഡ് കോച്ച് എന്നതാണ്.
നിലവിലെ പരിശീലക ടീമിനെ മൊത്തത്തിൽ മാറ്റാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് ഇതിനകം ഈ വിഷയത്തിൽ ചർച്ചകൾ സജീവമാക്കി കഴിഞ്ഞു. രവി ശാസ്ത്രിയുടെ പിൻഗാമി റോളിൽ മറ്റൊരു മുൻ ഇന്ത്യൻ താരത്തെ കൊണ്ടുവരണം എന്നാണ് ഇന്ത്യൻ ക്രിക്കറ്റ് ബോർഡിൽ സജീവം എങ്കിൽ പോലും ജയവർദ്ധന അടക്കം ഇതിഹാസ താരങ്ങളെയും കോച്ചിന്റെ റോളിലേക്ക് ബിസിസിഐ നിലവിൽ പരിഗണിക്കുന്നുണ്ട്.
എന്നാൽ ലോകകപ്പിന് ശേഷം തുടക്കം കുറിക്കുന്ന ന്യൂസിലാൻഡിന് എതിരായ പരമ്പരയിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ആരാകും പരിശീലിപ്പിക്കുക എന്നതും പ്രധാനമാണ്. പ്രധാന പരിശീലകനെ കണ്ടെത്താൻ അൽപ്പം കൂടി സമയം വേണ്ടിവരുമെന്നാണ് ബിസിസിഐയിലെ അധികൃതർ വ്യക്തമാക്കുന്നത്. മുൻ താരങ്ങളിൽ ചിലരുമായി ചർച്ചകൾ നടത്താനും ബാറ്റിങ്, ബൗളിംഗ് കോച്ച് റോളുകളിൽ കൂടുതൽ പ്രാവീണ്യമുള്ള പരിശീലകരെ കൊണ്ടുവരുവാനും ചില ചർച്ചകൾ നടത്തണമെന്നാണ് സൂചന. അതിനാൽ ന്യൂസിലാൻഡിനെതിരായ പരമ്പരയിൽ താത്കാലികമായി ഒരു പരിശീലകനെ നിയമിക്കാനാണ് ചില സാഹചര്യങ്ങൾ കൂടി പരിഗണിച്ച് ബിസിസിഐ ആലോചിക്കുന്നത്.
അതേസമയം ഇപ്പോൾ ലഭിക്കുന്ന ചില ദേശീയ മാധ്യമ റിപ്പോർട്ടുകൾ പ്രകാരം മുൻ ഇന്ത്യൻ നായകനും ഒപ്പം നിലവിലെ നാഷണൽ ക്രിക്കറ്റ് അക്കാഡമിയുടെ ചെയർമാനുമായ രാഹുൽ ദ്രാവിഡാകും വരുന്ന കിവീസ് പരമ്പരയിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പരിശീലിപ്പിക്കും. ഇതിന് ദ്രാവിഡ് സമമ്മതം മൂളിയെന്നാണ് ചില റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.ടി :20 ക്രിക്കറ്റ് ലോകകപ്പിന് ശേഷമാണ് കിവീസ് ടീമിനെതിരെ ഇന്ത്യ ടെസ്റ്റ്, ടി :20 പരമ്പര കളിക്കുക. നേരത്തെ ദ്രാവിഡ് ഇന്ത്യൻ സീനിയർ ടീം പരിശീലകനായി എത്തും എന്നുള്ള സൂചനകളുണ്ടായിരുന്നു എങ്കിലും താരം എതിർപ്പ് അറിയിച്ചു.
മുൻപ് ഇന്ത്യൻ അണ്ടർ 19 ക്രിക്കറ്റ് ടീമിനെ ഐസിസി ലോകകപ്പിൽ പരിശീലിപ്പിച്ച ദ്രാവിഡ് മികച്ച ഒരു മെന്റർ കൂടിയാണ്. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ശ്രീലങ്കക്ക് എതിരായ ഏകദിന, ടി :20 പരമ്പരയിൽ പരിശീലക കുപ്പായം അണിഞ്ഞതും രാഹുൽ ദ്രാവിഡാണ്