ഇന്ത്യന്‍ യുവതാരം ഇഷാന്‍ കിഷന്‍ ക്രിക്കറ്റില്‍ നിന്നും വിട്ടു നില്‍ക്കുന്നതിന്‍റെ അനിശ്ചിതത്വം തുടരുകയാണ്. അവസാനമായി നവംബര്‍ 28 നാണ് ഇഷാന്‍ കിഷന് ദേശിയ ടീമിനായി കളിച്ചത്. പിന്നീട് ടീമില്‍ നിന്നും അവധിയെടുത്ത ഇഷാന്‍ കിഷന്‍ ക്രിക്കറ്റ് ലോകത്ത് നിന്നും അകന്നു നില്‍ക്കുകയാണ്.
ഇഷാന്‍ കിഷനെ സെലക്ഷന് പരിഗണിക്കണമെങ്കില്‍ ക്രിക്കറ്റ് കളിച്ച് തുടങ്ങണമെന്ന് രാഹുല്‍ ദ്രാവിഡ് മത്സര ശേഷം പറഞ്ഞു. ഇഷാന്‍ കിഷനാവട്ടെ ഡൊമസ്റ്റിക്ക് മത്സരത്തില്‍ ഇതുവരെ ഭാഗമായിട്ടില്ലാ.
“ആർക്കും എല്ലാവർക്കും തിരിച്ചുവരാനുള്ള അവസരമുണ്ട്. നമ്മൾ ആരെയും ഒന്നിൽ നിന്നും പുറത്താക്കിയട്ടില്ലാ. ഇഷാൻ കിഷൻ പോയതിനെക്കുറിച്ച് കൂടുതൽ പറയാന്‍ ഞാൻ ആഗ്രഹിക്കുന്നില്ല. എനിക്ക് കഴിയുന്നത്ര നന്നായി വിശദീകരിക്കാൻ ഞാൻ ശ്രമിച്ചു”
”അവൻ ഒരു വിശ്രമം ആവശ്യപ്പെട്ടു. അത് നൽകുന്നതിൽ ഞങ്ങൾ സന്തുഷ്ടരായിരുന്നു, അവൻ എപ്പോഴെങ്കിലും മടങ്ങി വരാന്‍ തയ്യാറായാല്‍ കുറച്ച് ക്രിക്കറ്റ് കളിച്ച് മടങ്ങിവരണം, തീരുമാനം അവന്‍റേതാണ്, ”ദ്രാവിഡ് കൂട്ടിച്ചേർത്തു.
ഇഷാന്‍ കിഷന് ദേശിയ ടീമിലേക്ക് മടങ്ങി വരുവാനുള്ള സാധ്യതകള്‍ മങ്ങുകയാണ്. നിലവില്‍ കെ.എസ് ഭരതാണ് ടെസ്റ്റ് ടീമിന്‍റെ വിക്കറ്റ് കീപ്പര്‍. ബാക്കപ്പായി ധ്രുവ് ജൂരലും സ്ക്വാഡിലുണ്ട്. വൈറ്റ് ബോള്‍ ക്രിക്കറ്റിലാവട്ടെ സഞ്ചു സാംസണും ജിതേഷ് ശര്‍മ്മയും ഉണ്ട്. പുറത്ത് പരിക്കില്‍ നിന്നും ഭേദമായികൊണ്ടിരിക്കുന്ന റിഷഭ് പന്തും കാത്തിരിക്കുകയാണ്.