ഇന്ത്യൻ ടീമിൽ നിന്ന് രഹാനെയെ അന്ന് ധോണി പുറത്താക്കി. ഇപ്പോൾ ചെന്നൈയിൽ എന്തിന് കളിപ്പിക്കുന്നു?? സേവാഗ് ചോദിക്കുന്നു..

ചെന്നൈ സൂപ്പർ കിംഗ്സിന്റെ മുംബൈയ്ക്കെതിരായ മത്സരത്തിൽ ഒരു ഉഗ്രൻ ബാറ്റിംഗ് പ്രകടനമായിരുന്നു അജിയ രഹാനെ കാഴ്ചവച്ചത്. മത്സരത്തിൽ ചെന്നൈക്കായി മൂന്നാമനായിറങ്ങിയ രഹാനെ വെടിക്കെട്ട് തീർക്കുകയായിരുന്നു. കേവലം 19 പന്തുകളിൽ നിന്നാണ് രഹാനെ മത്സരത്തിൽ അർത്ഥസെഞ്ച്വറി പൂർത്തീകരിച്ചത്. മത്സരത്തിൽ 27 പന്തുകളിൽ 61 റൺസായിരുന്നു രഹാനയുടെ സമ്പാദ്യം. ഇന്നിംഗ്സിൽ ഏഴ് ബൗണ്ടറികളും മൂന്ന് സിക്സറുകളും ഉൾപ്പെട്ടു. എന്നാൽ രഹാനെയുടെ ഈ ഇന്നിങ്സിന് ശേഷം വലിയൊരു പരാമർശവുമായി രംഗത്ത് വന്നിരിക്കുകയാണ് മുൻ ഇന്ത്യൻ താരം വീരേന്ദ്ര സേവാഗ്. രഹാനെ മൈതാനത്ത് വളരെ സ്ലോ ആയതിന്റെ പേരിൽ മുൻപ് മഹേന്ദ്ര സിംഗ് ധോണി അദ്ദേഹത്തെ ഇന്ത്യൻ ടീമിൽ നിന്ന് പുറത്താക്കിയിട്ടുണ്ട് എന്ന ആരോപണമാണ് സേവാഗ് ഉന്നയിക്കുന്നത്.

ഇങ്ങനെയുള്ളപ്പോൾ ധോണി എന്തിനാണ് രഹാനെ ഇപ്പോൾ ചെന്നൈ ടീമിൽ കളിപ്പിക്കുന്നത് എന്ന് ചോദിക്കുകയാണ് വീരേന്ദർ സേവാഗ്. “ചെന്നൈ എന്ത് കണ്ടിട്ടാണ് രഹാനെയെ ടീമിൽ എടുത്തിരിക്കുന്നത്? മുൻപ് ഇന്ത്യൻ ടീമിൽ രഹാനെയെ കളിപ്പിക്കാൻ ധോണിക്ക് താല്പര്യം ഉണ്ടായിരുന്നില്ല. എല്ലാ കളിക്കാർക്കും ആവശ്യം ആത്മവിശ്വാസമാണ്. ഞാൻ ചോദിക്കുന്നത് ധോണിയോടാണ്. കാരണം നേരത്തെ അദ്ദേഹം ദേശീയ ടീമിന്റെ ക്യാപ്റ്റനായിരുന്ന സമയത്ത് രഹാനയെ ടീമിൽ നിന്നും ഒഴിവാക്കിയിരുന്നു.”- സേവാഗ് പറയുന്നു.

Dhoni 1

മൈതാനത്തെ സ്ലോ നേച്ചറും സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യാനുള്ള ബുദ്ധിമുട്ടുമായിരുന്നു ധോണി അന്ന് രഹാനെയെ ടീമിൽ നിന്ന് മാറ്റി നിർത്താൻ ഉണ്ടായ കാരണം എന്ന് സേവാഗ് പറയുന്നു. എന്നാൽ ഇപ്പോൾ ധോണിക്ക് രഹാനെയുടെ അനുഭവസമ്പത്ത് ആവശ്യമായി വന്നിരിക്കുകയാണ്. അതുകൊണ്ടുതന്നെയാണ് മുംബൈയ്ക്കെതിരായ മത്സരത്തിൽ ചെന്നൈ രഹാനെയെ മൂന്നാമനായി ഇറക്കിയത് എന്ന് സേവാഗ് അവകാശപ്പെടുന്നു. ക്രിക്ക്ബസിന്റെ ഷോയിൽ സംസാരിക്കുകയായിരുന്നു മുൻ ഇന്ത്യൻ ഓപ്പണർ.

2015ലെ ഇന്ത്യയുടെ ബംഗ്ലാദേശിനെതിരായ പരമ്പരയെ കുറിച്ചാണ് സേവാഗ് പറയുന്നത്. അന്ന് അജിൻക്യ രഹാനയ്ക്ക് പകരം അമ്പട്ടി റായുഡുവിനെ ആയിരുന്നു ധോണി ഏകദിന ടീമിലേക്ക് കൊണ്ടുവന്നത്. എന്നാൽ നിലവിൽ രഹാനെയുടെ ഫോം വളരെയേറെ സംസാരവിഷയമായിട്ടുണ്ട്. കഴിഞ്ഞ രഞ്ജി ട്രോഫിയിലടക്കം വമ്പൻ പ്രകടനങ്ങൾ തന്നെ രഹാനെ കാഴ്ചവച്ചിരുന്നു. ശേഷമാണ് ഐപിഎല്ലിലെ ചെന്നൈക്കായുള്ള തന്റെ അരങ്ങേറ്റം മത്സരത്തിലും രഹാനെ ഈ വമ്പൻ പ്രകടനം പുറത്തെടുത്തത്.

Previous articleനെഞ്ചിടിപ്പ് കൂട്ടിയ നിമിഷങ്ങള്‍. അവസാന ഓവറില്‍ സംഭവിച്ചത് ഇങ്ങനെ
Next articleരഹാനെ ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പ് ഫൈനൽ ടീമിലേക്ക്. തിരികെ എത്തുന്നത് ഒരു വർഷത്തെ ഇടവേളക്ക് ശേഷം.