ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ മികച്ച ബാറ്റിംഗ് പ്രകടനമായിരുന്നു അജിങ്ക്യ രഹാനെ കാഴ്ചവച്ചത്. ഓസ്ട്രേലിയ ആദ്യ ഇന്നിങ്സിൽ നേടിയ 469 റൺസ് പിന്തുടർന്നിറങ്ങിയ ഇന്ത്യ പതറുന്ന സമയത്താണ് രഹാനെ ക്രീസിലെത്തിയത്. ശേഷം ഇന്ത്യക്കായി 89 റൺസിന്റെ നിർണായകമായ ഇന്നിംഗ്സാണ് രഹാനെ കളിച്ചത്. ഇതോടെ ഇന്ത്യ ആദ്യ ഇന്നിങ്സിൽ 296 എന്ന ഭേദപ്പെട്ട സ്കോറിൽ ഫിനിഷ് ചെയ്യുകയുണ്ടായി. എന്നിരുന്നാലും നിലവിൽ ഓസ്ട്രേലിയക്ക് തന്നെയാണ് മത്സരത്തിൽ മുൻതൂക്കമുള്ളത്. പക്ഷേ ഇന്ത്യക്ക് ഇനിയും മത്സരത്തിൽ വിജയിക്കാനാവും എന്നാണ് അജിങ്ക്യ രഹാനെ പറയുന്നത്.
“മത്സരത്തിൽ ഓസ്ട്രേലിയ അല്പം മുന്നിലാണ് എന്നത് വാസ്തവം. പക്ഷേ ഇന്ത്യയെ സംബന്ധിച്ച് കളിയിൽ സജീവമായി നിൽക്കുക എന്നതാണ് പ്രധാനം. ഓരോ സെഷനിലും മികച്ച പ്രകടനം പുറത്തെടുക്കുക. നാലാം ദിവസത്തെ ആദ്യ മണിക്കൂർ വളരെ നിർണായകമാണ്. എന്നിരുന്നാലും ക്രിക്കറ്റിൽ രസകരമായ രീതിയിൽ സംഭവങ്ങൾ ഉണ്ടാവാറുണ്ട്. ജഡേജ മൂന്നാം ദിവസം നന്നായി പന്തെറിഞ്ഞു. വരും ദിവസങ്ങളിലും പേസ് ബോളർമാരെ വിക്കറ്റ് നന്നായി സഹായിക്കും എന്നാണ് ഞാൻ കരുതുന്നത്.”- രഹാനെ പറയുന്നു.
ഇതോടൊപ്പം തനിക്കേറ്റ പരിക്കേനെപ്പറ്റിയും രഹാനെ സംസാരിക്കുകയുണ്ടായി. “പരിക്ക് എനിക്ക് വേദന നൽകുന്നുണ്ട്. എന്നിരുന്നാലും അത് എന്നെ സാരമായി ബാധിച്ചിട്ടില്ല. നന്നായി കൈകാര്യം ചെയ്യാൻ എനിക്ക് സാധിക്കുന്നുണ്ട്. രണ്ടാം ഇന്നിങ്സിൽ എന്റെ ബാറ്റിംഗിനെ ആ പരിക്ക് ബാധിക്കുമെന്ന് ഞാൻ കരുതുന്നില്ല. ആദ്യ ഇന്നിങ്സിൽ ഞാൻ ബാറ്റ് ചെയ്ത രീതി എനിക്ക് ഒരുപാട് സന്തോഷം നൽകുന്നു. കുറഞ്ഞത് 320-330 റൺസെങ്കിലും നേടാനായിരുന്നു ഞങ്ങൾ ശ്രമിച്ചത്. അതിനാൽ തന്നെ മൂന്നാം ദിവസം ഞങ്ങൾക്ക് അനുകൂലമായതായാണ് എനിക്ക് തോന്നുന്നത്.”- രഹാനെ പറഞ്ഞു.
മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ ഇന്ത്യ പൂർണ്ണമായും തകർന്ന സമയത്തായിരുന്നു രഹാനെയെത്തിയത്. പിന്നീട് ഷർദുൽ താക്കൂറിനൊപ്പം ചേർന്ന് ഏഴാം വിക്കറ്റിൽ 107 റൺസിന്റെ കൂട്ടുകെട്ട് കെട്ടിപ്പടുക്കാൻ രഹാനേക്ക് സാധിച്ചു. ഈ കൂട്ടുകെട്ടാണ് ഇന്ത്യൻ ഇന്നിങ്സിൽ വളരെ നിർണായകമായത്. രണ്ടാം ഇന്നിങ്സിലും ഇത്തരത്തിൽ മികച്ച പ്രകടനം രഹാനെ കാഴ്ചവെക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. എന്നിരുന്നാലും ആദ്യ ഇന്നിങ്സിൽ ഇന്ത്യയുടെ മുൻനിര ചീട്ടുകൊട്ടാരം പോലെ തകർന്നത് ഇന്ത്യയ്ക്ക് നിരാശ സമ്മാനിച്ചിരുന്നു.