ലോകകപ്പ് ടീമിൽ ഇന്ത്യയ്ക്ക് ആവശ്യം കീപ്പർമാരെ. സഞ്ജു അടക്കം 5 പേർ ലിസ്റ്റിൽ.

Pant Jitesh Samson

ഇന്ത്യയിലെ പല യുവതാരങ്ങളെ സംബന്ധിച്ചും വളരെ നിർണായകമായ ഒരു ഇന്ത്യൻ പ്രീമിയർ ലീഗ് സീസനാണ് വരാനിരിക്കുന്നത്. ഐപിഎല്ലിന് ശേഷം 2024 ട്വന്റി20 ലോകകപ്പ് നടക്കുന്നതിനാൽ തന്നെ പല യുവതാരങ്ങൾക്കും നിർണായകമായ ഒരു ഐപിഎല്ലായി ഇത് മാറുകയും ചെയ്യും. നിലവിൽ ഇന്ത്യയുടെ ട്വന്റി20 ടീമിൽ നിലനിൽക്കുന്ന ഒരു പ്രധാന പ്രശ്നം സ്ഥിരമായി ഒരു വിക്കറ്റ് കീപ്പർ ബാറ്ററില്ല എന്നതാണ്.

എന്നാൽ ഈ ഐപിഎല്ലിലൂടെ ഈ പ്രശ്നത്തിന് പരിഹാരം കാണാൻ സാധിക്കും എന്ന പ്രതീക്ഷയിലാണ് ബിസിസിഐ. നിലവിൽ റിഷഭ് പന്ത്, കെഎൽ രാഹുൽ, ദ്രുവ് ജൂറൽ, സഞ്ജു സാംസൺ, ജിതേഷ് ശർമ എന്നിവരാണ് 2024 ട്വന്റി20 ലോകകപ്പിലെ ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ആവാനുള്ള റേസിൽ പ്രധാനികൾ.

ഇതിൽ ക്രിക്കറ്റ് ലോകം വളരെയധികം പ്രതീക്ഷയോടെ ഉറ്റുനോക്കുന്നത് പന്തിന്റെ ഐപിഎല്ലിലെ പ്രകടനമാണ്. കഴിഞ്ഞ സമയങ്ങളിൽ ഐപിഎല്ലിൽ മികവ് പുലർത്താൻ പന്തിന് സാധിച്ചിരുന്നു. എന്നാൽ പിന്നീടുണ്ടായ വാഹനാപകടത്തെ തുടർന്ന് പന്തിന് വളരെക്കാലമായി ക്രിക്കറ്റിൽ നിന്ന് മാറി നിൽക്കേണ്ടി വന്നിട്ടുണ്ട്. ശേഷം പന്ത് 2024 ഇന്ത്യൻ പ്രീമിയർ ലീഗിലൂടെ തിരികെ എത്തുകയാണ്.

ലീഗിൽ മികച്ച പ്രകടനം പുറത്തെടുത്താൽ മാത്രമേ ഇന്ത്യയുടെ ട്വന്റി20 ലോകകപ്പിനുള്ള സ്ക്വാഡിന്റെ വിക്കറ്റ് കീപ്പറായി പന്തിന് കളിക്കാൻ സാധിക്കൂ. ഇതോടൊപ്പം ഒരു മധ്യനിര ബാറ്റർ എന്ന നിലയ്ക്ക് ഐപിഎല്ലിൽ തന്റെ സ്ട്രൈക്ക് റേറ്റ് ഉയർത്താനും പന്ത് ശ്രമിക്കേണ്ടതുണ്ട്.

ഐപിഎല്ലിലൂടെ മികവ് പുലർത്തിയാൽ കെഎൽ രാഹുലിനും ഇന്ത്യയുടെ ടീമിന്റെ വിക്കറ്റ് കീപ്പറായി മാറാൻ സാധിക്കും. അങ്ങനെയെങ്കിൽ നാലാം നമ്പറിൽ ആയിരിക്കും കെ എൽ രാഹുലിനെ ഇന്ത്യ പരീക്ഷിക്കുക. ഇതുവരെ നാലാം നമ്പറിൽ ഇന്ത്യയ്ക്കായി കേവലം 21 ഇന്നിങ്സുകൾ മാത്രമേ രാഹുലിന് കളിക്കാൻ സാധിച്ചിട്ടുള്ളൂ. 2023 മെയിലാണ് അവസാനമായി രാഹുൽ ട്വന്റി20 മത്സരം കളിച്ചത്. ഇന്ത്യയ്ക്ക് മധ്യനിരയിൽ ഒരു ക്ലാസ് വിക്കറ്റ് കീപ്പർ ബാറ്ററെയാണ് ആവശ്യമെങ്കിൽ രാഹുൽ മികച്ച ഓപ്ഷൻ തന്നെയാണ്.

See also  ചെന്നൈയെ പൂട്ടിക്കെട്ടി ലക്നൗ. രാഹുൽ - ഡികോക്ക് പവറിൽ 8 വിക്കറ്റുകളുടെ വിജയം.

വിക്കറ്റ് കീപ്പർമാർക്കുള്ള റേസിൽ മറ്റൊരു പ്രധാനപ്പെട്ട താരം സഞ്ജു സാംസനാണ്. ഇഷാൻ കിഷൻ അടക്കമുള്ളവർ ഇന്ത്യയുടെ ലൈം ലൈറ്റിൽ നിന്ന് പോയ സാഹചര്യത്തിൽ സഞ്ജു സാംസൺ ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്ററായി ടീമിൽ എത്തിയേക്കാം. പല സമയങ്ങളിലും ഇന്ത്യൻ ടീമിൽ സ്ഥിരത പുലർത്താൻ സഞ്ജുവിന് സാധിക്കാറില്ല. അതാണ് സഞ്ജുവിനെ ലോകകപ്പ് ടീമിൽ നിന്ന് അകറ്റിനിർത്തുന്നത്. എന്നിരുന്നാലും ഈ ഐ.പി.എല്ലിൽ മികവ് പുലർത്തിയാൽ സഞ്ജുവിനും ടീമിന്റെ ഭാഗമാകാൻ സാധിക്കും.

ഐപിഎല്ലിൽ പഞ്ചാബ് കിങ്സിന്റെ നിർണായക താരങ്ങളിൽ ഒരാളായ ജിതേഷ് ശർമയാണ് ട്വന്റി20 ലോകകപ്പിനുള്ള വിക്കറ്റ് കീപ്പർമാരുടെ റേസിലെ മറ്റൊരു താരം. ഇതിനോടകം തന്നെ ഇന്ത്യൻ പ്രീമിയർ ലീഗൽ മികവ് പുലർത്താൻ ജിതേഷിന് സാധിച്ചിട്ടുണ്ട്.

ഐപിഎല്ലിൽ 24 ഇന്നിങ്സുകൾ കളിച്ച ജിതേഷ് ഇതുവരെ 169.30 എന്ന ഉയർന്ന ശരാശരിയിൽ 342 റൺസ് സ്വന്തമാക്കി കഴിഞ്ഞു. രാജസ്ഥാന്റെ ഫിനിഷർ ജൂറലാണ് വിക്കറ്റ് കീപ്പർമാരുടെ ലിസ്റ്റിലെ മറ്റൊരു പ്രധാന താരം. മധ്യനിരയിൽ നിർണായകമായ ഇന്നിംഗ്സുകൾ കാഴ്ചവയ്ക്കാൻ ഇതിനോടകം തന്നെ ജൂറലിനും സാധിച്ചിട്ടുണ്ട്. ഈ രണ്ടു താരങ്ങളും വിക്കറ്റ് കീപ്പർ ഫിനിഷർ റോളിൽ ഇന്ത്യയുടെ ട്വന്റി20 ടീമിലെത്താൻ സാധിക്കുന്ന താരങ്ങളാണ്.

Scroll to Top