ഇന്ത്യയുടെ വെറ്ററൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ ലോകകപ്പിനുള്ള ടീമിലേക്ക് എത്തിയേക്കും എന്ന വലിയ സൂചന നൽകി ഇന്ത്യൻ നായകൻ രോഹിത് ശർമ. ഓസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തിന് മുന്നോടിയായി നടത്തിയ വാർത്ത സമ്മേളനത്തിനാണ് രോഹിത് ശർമ രവിചന്ദ്രൻ അശ്വിന്റെ ലോകകപ്പ് സ്ക്വാഡിലേക്കുള്ള എൻട്രിയെ പറ്റി സൂചന നൽകിയത്. നിലവിൽ ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലൂടെ രവിചന്ദ്രൻ അശ്വിൻ ഇന്ത്യയുടെ ഏകദിന ടീമിലേക്ക് തിരികെ എത്തിയിരിക്കുകയാണ്.
ആദ്യ രണ്ടു മത്സരങ്ങളിലും ഭേദപ്പെട്ട ബോളിംഗ് പ്രകടനമാണ് അശ്വിൻ കാഴ്ചവച്ചത്. ഈ സാഹചര്യത്തിൽ അശ്വിന്റെ ക്ലാസും പരിചയസമ്പന്നതയും യാതൊരു കാരണവശാലും അവഗണിക്കാൻ സാധിക്കില്ല എന്നാണ് രോഹിത് ശർമ പറഞ്ഞത്. ലോകകപ്പിൽ അശ്വിന്റെ പരിചയസമ്പന്നത ഇന്ത്യക്ക് വലിയ മുൻതൂക്കം നൽകുമെന്നും രോഹിത് പറയുകയുണ്ടായി.
“രവിചന്ദ്രൻ അശ്വിന്റെ ക്ലാസ് ഞങ്ങൾക്ക് യാതൊരു കാരണവശാലും അവഗണിക്കാൻ സാധിക്കില്ല. മാത്രമല്ല വലിയ രീതിയിൽ അനുഭവസമ്പത്തും അശ്വിനുണ്ട്. കഴിഞ്ഞ മത്സരങ്ങളിലൊക്കെയും അശ്വിൻ നന്നായി പന്തെറിഞ്ഞു. ചില വൈവിധ്യമാർന്ന പന്തുകൾ അശ്വിൻ മത്സരങ്ങളിൽ എറിയുകയും ചെയ്തിട്ടുണ്ട്. ഇത്തരത്തിൽ അവസരങ്ങൾ ലഭിക്കുകയാണെങ്കിൽ, ബാക്കപ്പ് കളിക്കാർ ടീമിൽ തയ്യാറായി ഇരിക്കുന്നത് ഇന്ത്യൻ ടീമിനെ സംബന്ധിച്ച് വലിയ ഗുണമുണ്ടാക്കും.”- രോഹിത് ശർമ പറഞ്ഞു.
ഇതിനൊപ്പം നിലവിലെ ഇന്ത്യയുടെ സാഹചര്യങ്ങളെ പറ്റിയും രോഹിത് വിശദീകരിക്കുകയുണ്ടായി. ഐസിസി റാങ്കിങ്ങിൽ ഒന്നാം സ്ഥാനക്കാരായി ലോകകപ്പിലേക്ക് കടക്കുന്നത് വലിയ പോസിറ്റീവാണ് നൽകുന്നത് എന്ന് രോഹിത് പറഞ്ഞു. എന്നിരുന്നാലും അക്കാര്യം വലിയ ഗൗരവത്തിൽ എടുക്കേണ്ടതില്ല എന്നും രോഹിത് പറയുകയുണ്ടായി. വരും മത്സരങ്ങളിലൊക്കെയും മികച്ച രീതിയിൽ കളിക്കാനും എതിർ ടീമുകളെ സമ്മർദ്ദത്തിലാക്കി പരാജയപ്പെടുത്താനുമാണ് തങ്ങൾ ആഗ്രഹിക്കുന്നത് എന്നാണ് രോഹിത് പറയുന്നത്. അതുകൊണ്ടുതന്നെ യാതൊരു സമയത്തും റാങ്കിങ്ങിനും പോയിന്റിനും വേണ്ടി തങ്ങൾ കളിക്കില്ല എന്നും രോഹിത് വ്യക്തമാക്കി.
ഓസ്ട്രേലിയക്കെതിരായ ആദ്യ രണ്ടു മത്സരങ്ങളിലും വലിയ വിജയം നേടാൻ ഇന്ത്യയ്ക്ക് സാധിച്ചിരുന്നു. ശേഷം രാജ്കോട്ടിൽ നടക്കുന്ന മൂന്നാം മത്സരത്തിനായി തയ്യാറെടുക്കുകയാണ് ഇന്ത്യ. ലോകകപ്പിന് മുൻപുള്ള ഇന്ത്യയുടെ അവസാന മത്സരമാണ് രാജ്കോട്ട് നടക്കുന്നത്. അതിനാൽ തന്നെ എല്ലാ ശക്തിയുമുള്ള ടീമിനെയാവും രാജ്കോട്ടിൽ ഇന്ത്യ മൈതാനത്തിറക്കുക. ആദ്യ മത്സരങ്ങളിൽ ടീമിൽ നിന്നും മാറി നിന്ന സീനിയർ താരങ്ങളൊക്കെയും അവസാന മത്സരത്തിനായി ടീമിലേക്ക് തിരികെ എത്തിയിട്ടുണ്ട്.