അശുതോഷിന്‍റെ അവിശ്വസിനീയ പോരാട്ടം വിഫലം. തിരിച്ചുവരവുമായി മുംബൈ. 9 റണ്‍സ് വിജയം.

പഞ്ചാബ് കിങ്സിനെതീരായ മത്സരത്തിൽ ത്രസിപ്പിക്കുന്ന വിജയം സ്വന്തമാക്കി മുംബൈ ഇന്ത്യൻസ്. ജയപരാജയങ്ങൾ മാറിമറിഞ്ഞ മത്സരത്തിൽ 9 റൺസിന്റെ വിജയമാണ് മുംബൈ സ്വന്തമാക്കിയത്. മുംബൈക്കായി മത്സരത്തിൽ ബാറ്റിംഗിൽ തിളങ്ങിയത് സൂര്യകുമാർ യാദവായിരുന്നു.

ബോളിംഗിൽ പേസർമാരായ ജസ്പ്രീത് ബൂമ്രയും ജെറാൾഡ് കൊയെറ്റ്സിയും 3 വിക്കറ്റുകൾ വീതം വീഴ്ത്തി മികവ് പുലർത്തിയപ്പോൾ മുംബൈ ത്രസിപ്പിക്കുന്ന വിജയം നേടുകയായിരുന്നു. ഈ ഇന്ത്യൻ പ്രീമിയർ ലീഗിലെ മുംബൈയുടെ മൂന്നാം വിജയമാണ് മത്സരത്തിൽ പിറന്നത്.

മത്സരത്തിൽ ടോസ് നേടിയ പഞ്ചാബ് ബോളിങ് തെരഞ്ഞെടുക്കുകയായിരുന്നു. മുംബൈയുടെ ഓപ്പണർ ഇഷാൻ കിഷനെ തുടക്കത്തിൽ തന്നെ പുറത്താക്കാൻ പഞ്ചാബിന് സാധിച്ചു. എന്നാൽ രോഹിത് ശർമയും സൂര്യകുമാർ യാദവും ക്രീസിൽ ഉറയ്ക്കുന്നതാണ് കാണാൻ സാധിച്ചത്. ഇരുവരും ചേർന്ന് രണ്ടാം വിക്കറ്റിൽ 81 റൺസിന്റെ കൂട്ടുകെട്ടാണ് കെട്ടിപ്പടുത്തത്.

രോഹിത് 25 പന്തുകളിൽ 36 നേടി. രോഹിത് പുറത്തായ ശേഷവും സൂര്യകുമാർ യാദവ് ആക്രമണം അഴിച്ചുവിടുന്നതാണ് കാണാൻ സാധിച്ചത്. മത്സരത്തിൽ 53 പന്തുകൾ നേരിട്ട് സൂര്യകുമാർ 7 ബൗണ്ടറികളും 3 സിക്സറുകളുമടക്കം 78 റൺസാണ് നേടിയത്.

പിന്നാലെയെത്തിയ തിലക് 18 പന്തുകളിൽ 34 റൺസുമായി മികച്ച ഫിനിഷിംഗ് നൽകിയതോടെ മുംബൈയുടെ സ്കോർ ഉയർന്നു. നിശ്ചിത 20 ഓവറുകളിൽ 7 വിക്കറ്റ് നഷ്ടത്തിൽ 192 റൺസ് സ്വന്തമാക്കാൻ മുംബൈ ഇന്ത്യൻസിന് സാധിച്ചു. മറുവശത്ത് പഞ്ചാബിനായി 3 വിക്കറ്റുകൾ നേടിയ ഹർഷൽ പട്ടേലാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത്.

മറുപടി ബാറ്റിംഗ് ആരംഭിച്ച പഞ്ചാബ് കിംഗ്സിന് ഒരു ദുരന്ത തുടക്കം തന്നെയാണ് മത്സരത്തിൽ ലഭിച്ചത്. നായകൻ സാം കരൻ(6), പ്രഭസിമ്രാൻ(0), റൂസോ(1), ലിവിങ്സ്റ്റൺ(1) എന്നിവർ തുടക്കത്തിൽ തന്നെ കൂടാരം കയറിയതോടെ പഞ്ചാബ് തകർന്നുവീണു. കേവലം 14 റൺസ് സ്വന്തമാക്കുന്നതിനിടെ 4 വിക്കറ്റുകളാണ് പഞ്ചാബിന് നഷ്ടമായത്.

ശേഷം പഞ്ചാബിനായി ക്രീസിലുറച്ചത് ശശാങ്ക് സിംഗാണ്. 25 പന്തുകൾ മത്സരത്തിൽ നേരിട്ട ശശാങ്ക് 2 ബൗണ്ടറികളും 3 സിക്സറുകളുമടക്കം 41 റൺസ് നേടി. ഒപ്പം എട്ടാമനായി ക്രീസിലെത്തിയ അശുതോഷ് ശർമ വമ്പൻ വെടിക്കെട്ടുമായി പഞ്ചാബിനായി തിളങ്ങി. മുംബൈ ഇന്ത്യൻസ് വിജയം ഉറപ്പിച്ച മത്സരത്തിൽ വമ്പൻ തിരിച്ചടിയാണ് ആശുതോഷ് നൽകിയത്.

തനിക്ക് ലഭിച്ച അവസരങ്ങളിലൊക്കെയും പന്ത് ബൗണ്ടറി കടത്താൻ താരത്തിന് സാധിച്ചു. കേവലം 23 പന്തുകളിൽ നിന്നാണ് തന്റെ അർധ സെഞ്ച്വറി പൂർത്തീകരിച്ചത്. ഹർപ്രീറ്റ് ബ്രാറിനൊപ്പം ചേർന്ന് എട്ടാം വിക്കറ്റിൽ 57 റൺസിന്റെ കൂട്ടുകെട്ടാണ് അശുതോഷ് കെട്ടിപ്പടുത്തത്. മത്സരത്തിൽ 28 പന്തുകൾ നേരിട്ട അശുതോഷ് 61 റൺസ് സ്വന്തമാക്കുകയുണ്ടായി.

എന്നാൽ അശുതോഷ് പുറത്തായതിനു ശേഷം പഞ്ചാബ് പതറുന്നതാണ് കാണാൻ സാധിച്ചത്. മത്സരത്തിന്റെ അവസാന 2 ഓവറുകളിൽ 2 വിക്കറ്റുകൾ ശേഷിക്കെ 23 റൺസ് ആയിരുന്നു പഞ്ചാബിന് വിജയിക്കാൻ വേണ്ടിയിരുന്നത്. ശേഷം 19ആം ഓവറിലെ നാലാം പന്തിൽ ഹർപ്രിറ്റ് ബ്രാർ കൂടി വീണതോടെ പഞ്ചാബ് മത്സരത്തിൽ പരാജയത്തിലേക്ക് നീങ്ങി. പക്ഷേ പതിനൊന്നാമനായി ക്രീസിലേത്തിയ റബാഡ ആദ്യ പന്തിൽ തന്നെ സിക്സർ നേടിയതോടെ പഞ്ചാബിന്റെ വിജയലക്ഷ്യം അവസാന ഓവറിൽ 12 റൺസായി മാറി. ശേഷം അവസാന ഓവറിലെ ആദ്യ പന്തിൽ റബാഡ റണ്ണൗട്ട് ആയതോടുകൂടി മത്സരത്തിൽ മുംബൈ വിജയം നേടുകയായിരുന്നു.

Previous articleഇമ്പാക്ട് പ്ലയർ നിയമം ഓൾറൗണ്ടർമാരെ ഇല്ലാതാക്കുന്നു. വിമർശനവുമായി രോഹിത് ശർമ.
Next article“ആ പഞ്ചാബ് താരത്തിന്റെ പ്രകടനം എന്നെ ഞെട്ടിച്ചു.. ഇന്ത്യയുടെ ഭാവി വാഗ്ദാനമാണ് അവൻ”- തുറന്ന് പറഞ്ഞ് പാണ്ഡ്യ.