2024 ഇന്ത്യൻ പ്രീമിയർ ലീഗിന്റെ മിനി ലേലം അവസാനിച്ചിരിക്കുകയാണ്. ഫ്രാഞ്ചൈസികളൊക്കെയും തങ്ങൾക്ക് ആവശ്യമായ കളിക്കാരെ ഇതിനോടകം തന്നെ തിരഞ്ഞെടുത്തു കഴിഞ്ഞു. ചില ഫ്രാഞ്ചൈസികൾ വലിയ തുകയ്ക്ക് താരങ്ങളെ സ്വന്തമാക്കിയപ്പോൾ മറ്റു ചിലർക്ക് ചെറിയ തുകയ്ക്ക് താങ്കൾക്ക് ആവശ്യമായ താരങ്ങളെ ലഭിക്കുകയുണ്ടായി.
എന്നാൽ ലേലത്തിനിടെ പഞ്ചാബ് കിംഗ്സ് ടീമിന് സംഭവിച്ച ഒരു മണ്ടത്തരമാണ് ഇപ്പോൾ വലിയ രീതിയിൽ ശ്രദ്ധ നേടിയിരിക്കുന്നത്. ലേലത്തിൽ ഹർഷൽ പട്ടേൽ, ക്രിസ് വോക്സ് തുടങ്ങിയ താരങ്ങളെ വലിയ തുകയ്ക്ക് തന്നെ ടീമിൽ എത്തിക്കാൻ പഞ്ചാബിന് സാധിച്ചിരുന്നു. എന്നാൽ ഇതിനിടെ വലിയൊരു മണ്ടത്തരവും പഞ്ചാബ് കാട്ടുകയുണ്ടായി.
ഇന്ത്യയുടെ അൺക്യാപ്ഡ് കളിക്കാരനായ ശശാങ്ക് സിംഗ് ലേലത്തിൽ ഉൾപ്പെട്ടിരുന്നു. ഈ സമയത്ത് പഞ്ചാബ് കിംഗ്സ് രംഗത്തെത്തുകയും 20 ലക്ഷം രൂപയ്ക്ക് ശശാങ്ക് സിംഗിനെ തങ്ങളുടെ ടീമിൽ ചേർക്കുകയും ചെയ്തു. എന്നാൽ ശശാങ്ക് സിംഗിന്റെ ലേലം കഴിഞ്ഞതിന് ശേഷമാണ് പഞ്ചാബ് തങ്ങൾക്ക് പറ്റിയ അബദ്ധം മനസ്സിലാക്കിയത്.
തങ്ങൾ ഉദ്ദേശിച്ച കളിക്കാരനെയല്ല താങ്കൾക്ക് ലഭിച്ചത് എന്ന് പഞ്ചാബിന് മനസ്സിലായി. ശേഷം ലേലം നടത്തിയ മല്ലികാ സാഗറിനോട് ഇക്കാര്യം പഞ്ചാബ് ഒഫീഷ്യൽസായ പ്രീതി സിന്റ, സഞ്ജയ് ബംഗാർ തുടങ്ങിയവർ പറയുകയുണ്ടായി. എന്നാൽ ലേല സമയത്ത് ഹാമർ താഴെ വരികയും തുക നിർണയിക്കുകയും ചെയ്തതിനാൽ തന്നെ ശശാങ്ക് സിംഗിന്റെ ലേലം ക്യാൻസൽ ചെയ്യാൻ സാധിക്കില്ല എന്ന് മല്ലിക സാഗർ പറഞ്ഞു.
ഇതോടെ അവിചാരിതമായി ശശാങ്ക് സിംഗിന് ഐപിഎല്ലിൽ പഞ്ചാബ് കിംഗ്സ് ടീമിൽ അവസരം ലഭിക്കുകയായിരുന്നു. ഇതേപോലെ ലേലത്തിന് ഇടയ്ക്ക് ഡൽഹി ക്യാപിറ്റൽസ് ടീമിനും വലിയ രീതിയിലുള്ള ഒരു അബദ്ധം പറ്റുകയുണ്ടായി. ലേലത്തിനിടെ സുമിത്ത് വർമയുടെ പേര് എത്തിയിരുന്നു. ഡൽഹി സുമിത്ത് വർമയ്ക്കായി ലേലത്തിൽ ഉൾപ്പെടുകയുണ്ടായി.
പിന്നീടാണ് തങ്ങൾക്ക് ആവശ്യം സുമിത്ത് കുമാറിനെയാണ് എന്നവർ മനസ്സിലാക്കിയത്. എന്നാൽ ലേലം നടക്കുമ്പോൾ തന്നെ ഇക്കാര്യം അവർ മല്ലിക സാഗറിനെ അറിയിക്കുകയും ലേലം ക്യാൻസൽ ചെയ്യുകയും ചെയ്തു.
ഇത്തരത്തിൽ കുറച്ചധികം അബദ്ധങ്ങൾ ചില ടീമുകൾക്ക് ലേലത്തിൽ സംഭവിച്ചു. എന്നിരുന്നാലും പ്രധാന ടീമുകളൊക്കെയും പൂർണമായ കണക്കുകൂട്ടലുകളോടെയാണ് ലേല സ്ഥലത്ത് പ്രവേശിച്ചത്. ചെന്നൈ സൂപ്പർ കിംഗ്‌സും മുംബൈ ഇന്ത്യൻസും തുടങ്ങിയ ടീമുകൾ തങ്ങൾക്ക് വേണ്ട കളിക്കാരുടെ കൃത്യമായ ഒരു ലിസ്റ്റ് തയ്യാറാക്കിയിരുന്നു. ശേഷം അവർക്കായി മാത്രമാണ് ഇരു ടീമുകളും രംഗത്തെത്തിയത്. എന്നാൽ അശ്രദ്ധപരമായ മറ്റു ടീമുകളുടെ ഇത്തരം അബദ്ധങ്ങളും ലേലദിവസം വലിയ ശ്രദ്ധയാകർഷിച്ചു.