ധോണിയുടെ കീഴിൽ കളിക്കാൻ സാധിക്കുമെന്ന് സ്വപ്നം പോലും കണ്ടിരുന്നില്ല. മനസ് തുറന്ന് സമീർ റിസ്വി.

dhoni finish ipl 2023

2024 ഇന്ത്യൻ പ്രീമിയർ ലീഗിന്റെ മിനി ലേലത്തിൽ എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ് ഉത്തർപ്രദേശ് ബാറ്ററായ സമീർ റിസ്വി. കേവലം 20 ലക്ഷം രൂപയായിരുന്നു ഈ 20കാരന്റെ ലേലത്തിലെ അടിസ്ഥാന തുക. എന്നാൽ ചെന്നൈ സൂപ്പർ കിംഗ്സ് 8.4 കോടി രൂപയ്ക്കാണ് ലേലത്തിൽ ഈ യുവതാരത്തെ സ്വന്തമാക്കിയത്.

കഴിഞ്ഞ സമയങ്ങളിൽ ആഭ്യന്തര ലീഗുകളിൽ പുറത്തെടുത്ത വമ്പൻ പ്രകടനങ്ങളാണ് സമീർ റിസ്വിക്ക് മഹേന്ദ്ര സിംഗ് ധോണിയുടെ കീഴിൽ കളിക്കാൻ അവസരം നൽകിയത്. ധോണിയെ പോലെ ഒരു ഇതിഹാസ താരത്തിന്റെ കീഴിൽ അണിനിരക്കാൻ സാധിക്കുന്നതിലെ സന്തോഷം സമീർ റിസ്വി വെളിപ്പെടുത്തുകയുണ്ടായി.

ഒരു യുവതാരത്തെ എന്തു വില കൊടുത്തും വലിയ താരമാക്കി മാറ്റാൻ സാധിക്കുന്ന നായകനാണ് മഹേന്ദ്ര സിംഗ് ധോണി എന്ന് റിസ്വി പറയുകയുണ്ടായി. “മഹേന്ദ്ര സിംഗ് ധോണിയുടെ നേതൃത്വത്തിൽ കളിക്കുക എന്നത് എല്ലാവരുടെയും ഒരു സ്വപ്നമാണ്. ആദ്യ ഐപിഎല്ലിൽ ധോണി എന്ന നായകന്റെ കീഴിൽ കളിക്കാൻ പറ്റുക എന്നതിലും മികച്ചതായി മറ്റെന്തുണ്ട്? ഞാൻ സ്വപ്നത്തിൽ പോലും വിചാരിക്കാത്ത കാര്യങ്ങളാണ് ഈ നടന്നതൊക്കെയും. എനിക്ക് അദ്ദേഹത്തെ കാണാൻ സാധിക്കും. അദ്ദേഹത്തോടൊപ്പം സമയം ചിലവഴിക്കാനും അവസരം ലഭിക്കും. മാത്രമല്ല അദ്ദേഹത്തോടൊപ്പം കളിക്കാനും സാധിക്കും. ഏതു കളിക്കാരനെയും വളരെ മികച്ച ഒരു താരമാക്കി മാറ്റാൻ അദ്ദേഹത്തിന് സാധിക്കും. എനിക്കും അത്തരമൊരു അവസരമാണ് വന്നിരിക്കുന്നത്.”- റിസ്വി പറഞ്ഞു.

Read Also -  "അഭിഷേക് ശർമയ്ക്കെതിരെ പന്തെറിയാൻ ഞാൻ ഭയക്കുന്നു"- പാറ്റ് കമ്മിൻസ് തുറന്ന് പറയുന്നു.

“ചെന്നൈ സൂപ്പർ കിങ്സ് ഒരു ചാമ്പ്യൻ ടീമാണ് എന്ന കാര്യം എല്ലാവർക്കും അറിയാം. ഇന്ത്യൻ പ്രീമിയർ ലീഗിൽ ഏറ്റവുമധികം കിരീടങ്ങൾ സ്വന്തമാക്കിയ ടീമുകളിൽ ഒന്നാണ് ചെന്നൈ. ടീമിന്റെ അന്തരീക്ഷത്തെ സംബന്ധിച്ച് ഞാൻ ഒരുപാട് കാര്യങ്ങൾ കേട്ടിട്ടുണ്ട്. ഇപ്പോൾ എനിക്ക് അവർക്കൊപ്പം ചേരാൻ ഒരു വലിയ അവസരം തന്നെ വന്നിരിക്കുന്നു. മികച്ച ഒരു താരമാകാനും മികച്ച ഒരു മനുഷ്യനാകാനും ചെന്നൈ സൂപ്പർ കിംഗ്സ് ടീമിലൂടെ സാധിക്കും എന്നാണ് ഞാൻ കരുതുന്നത്.”- റിസ്വി കൂട്ടിച്ചേർത്തു.

“ലേലത്തിൽ ലഭിച്ച ഇത്തരം വലിയ തുകകൊണ്ട് എന്ത് ചെയ്യണം എന്ന് എനിക്കറിയില്ല. ഞാൻ എന്തായാലും ആ തുക എന്റെ രക്ഷകർത്താക്കൾക്ക് നൽകും. ആ തുക കൊണ്ട് എന്ത് ചെയ്യണമെന്ന് അവർ തന്നെ തീരുമാനിക്കട്ടെ.”- റിസ്വി പറഞ്ഞു വെക്കുന്നു. ഇത്തവണത്തെ ഉത്തർപ്രദേശിന്റെ ട്വന്റി20 ലീഗിൽ വളരെ മികച്ച പ്രകടനങ്ങളായിരുന്നു ഈ താരം കാഴ്ചവെച്ചത്. 10 മത്സരങ്ങളിൽ നിന്ന് 455 റൺസാണ് റിസ്വി ഉത്തർപ്രദേശിനായി സ്വന്തമാക്കിയത്. 50 റൺസിന് മുകളിൽ ശരാശരിയിൽ കളിക്കാൻ ടൂർണമെന്റിൽ റിസ്വിയ്ക്ക് സാധിച്ചിരുന്നു. മാത്രമല്ല 2 ട്വന്റി20 സെഞ്ച്വറികളും ഒരു അർത്ഥ സെഞ്ചുറിയും ലീഗിൽ റിസ്വി നേടി.

Scroll to Top