2017 ലായിരുന്നു അന്നത്തെ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയും ഹെഡ് കോച്ച് അനിൽ കുംബ്ലെയും തമ്മിൽ പ്രശ്നങ്ങൾ രൂപപ്പെട്ടത്. ഇപ്പോഴിതാ ഈ അടുത്തിടെ പുറത്തിറങ്ങിയ പുസ്തകത്തിലൂടെ അന്നത്തെ വിവാദങ്ങൾക്ക് വഴിവച്ച കാര്യത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേറ്റേഴ്സ് ചെയർമാനായിരുന്ന വിനോദ് റായ്. ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും വിവാദപരമായ അധ്യായങ്ങളിൽ ഒന്നാണ് വിരാട് കോലിയും അനിൽ കുംബ്ലെയും തമ്മിലുള്ള പ്രശ്നം.
വിനോദ് റായിയുടെ വാക്കുകളിലൂടെ.. “ക്യാപ്റ്റനുമായും ടീം മാനേജ്മെൻ്റുമായും ഞാൻ നടത്തിയ സംഭാഷണങ്ങളിൽ കുംബ്ലെ വലിയ അച്ചടക്കക്കാരനായിരുന്നുവെന്നും അതുകൊണ്ട് തന്നെ ടീമംഗങ്ങൾ അദ്ദേഹത്തിൽ സന്തുഷ്ടരല്ലെന്നും അറിയാൻ സാധിച്ചു. ഈ വിഷയത്തിൽ ഞാൻ വിരാട് കോഹ്ലിയോട് സംസാരിച്ചു. അനിൽ കുംബ്ലെ പ്രവർത്തിക്കുന്ന രീതിയിൽ യുവതാരങ്ങൾ ഭയത്തിലാണെന്ന് കോഹ്ലി പറഞ്ഞു.
യു കെയിൽ നിന്നും മടങ്ങിയെത്തിയ അനിൽ കുംബ്ലെയുമായി ഞങ്ങൾ ദീർഘനേരം സംസാരിച്ചു. ഈ സംഭവവികാസങ്ങളിൽ അദ്ദേഹം അസ്വസ്ഥനായിരുന്നു. തന്നോട് അന്യായമായി പെരുമാറിയെന്നും ഒരു ക്യാപ്റ്റനോ ടീമിനോ ഇത്രയധികം പ്രാധാന്യം നൽകേണ്ടതില്ലയെന്നും അദ്ദേഹം പറഞ്ഞു. ടീമിൽ അച്ചടക്കവും പ്രൊഫഷണലിസവും കൊണ്ടുവരേണ്ടത് പരിശീലകൻ്റെ കടമയാണെന്നും സീനിയർ എന്ന നിലയിൽ തൻ്റെ കാഴ്ച്ചപാടുകൾ മറ്റുള്ളവർ മാനിക്കണമെന്നായിരുന്നു അദ്ദേഹത്തിൻ്റെ പക്ഷം. ”- വിനോദ് റായ് പറഞ്ഞു.
2017 ഐസിസി ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ പരാജയപ്പെട്ടതോടെയാണ് അനിൽ കുംബ്ലെ ഇന്ത്യൻ പരിശീലക സ്ഥാനം രാജിവെച്ചത്. പാക്കിസ്ഥാനോട് ആയിരുന്നു അന്ന് ഇന്ത്യ പരാജയപ്പെട്ടത്. നിലവിൽ ഇന്ത്യൻ പ്രീമിയർ ലീഗിൽ പഞ്ചാബ് കിംഗ്സ് ഹെഡ് കോച്ചാണ് അനിൽ കുംബ്ലെ.