ഓപ്പണറായി സഞ്ജു, മുൻ നിരയിൽ സൂര്യയും തിലകും. ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യയുടെ സാധ്യത ഇലവൻ.

ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം ഇന്ത്യയ്ക്ക് മുൻപിലുള്ള വലിയ കടമ്പ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ട്വന്റി20 പരമ്പരയാണ്. സീനിയർ താരങ്ങളെ ഒഴിവാക്കി യുവതാരങ്ങളെ അണിനിരത്തിയാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയിൽ കുട്ടിക്രിക്കറ്റിന്റെ പരമ്പരയ്ക്കായി പുറപ്പെടുന്നത്. പരമ്പരയിലെ ഇന്ത്യയുടെ ഏറ്റവും ശക്തമായ ട്വന്റി20 ഇലവണെ പരിശോധിക്കാം.

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ട്വന്റി20 പരമ്പരയിൽ മലയാളി താരം സഞ്ജു സാംസൺ ഓപ്പണറായി തന്നെ കളിക്കേണ്ടതുണ്ട്. അഭിഷേക് ശർമയും സഞ്ജു സാംസണുമാവും ദക്ഷിണാഫ്രിക്കയിൽ ഇന്ത്യയുടെ ഇന്നിംഗ്സ് ഓപ്പൺ ചെയ്യുക. ബംഗ്ലാദേശിനെതിരെ നടന്ന അവസാന ട്വന്റി20 മത്സരത്തിൽ ഒരു തകർപ്പൻ സെഞ്ചുറി നേടിയ സഞ്ജുവിനെ ഇന്ത്യ ഓപ്പണറായി തന്നെ ദക്ഷിണാഫ്രിക്കക്കെതിരെ പരിഗണിക്കും എന്ന കാര്യം ഉറപ്പാണ്. ശേഷം മൂന്നാം നമ്പറിൽ ഇന്ത്യയുടെ യുവതാരമായ തിലക് വർമ കളിക്കാനാണ് സാധ്യത. നാലാം നമ്പറിൽ നായകൻ സൂര്യകുമാർ യാദവ് കളിക്കും.

ശേഷം ശക്തമായ ഒരു മധ്യനിരയാണ് ഇന്ത്യക്കുള്ളത്. അഞ്ചാം നമ്പറിൽ ഇന്ത്യ പരിഗണിക്കുന്നത് ഹർദിക് പാണ്ട്യയെ തന്നെയാവും. ശേഷം ആറാം നമ്പരിൽ ഇന്ത്യയ്ക്കായി റിങ്കൂ സിംഗ് മൈതാനത്ത് എത്തണം. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി20 പരമ്പരയിൽ ഇന്ത്യയ്ക്കുള്ളത് 3 ഓൾറൗണ്ടർമാരാണ്. ഹർദിക് പാണ്ഡ്യയും അക്ഷർ പട്ടേലും ഇതിൽ ഉൾപ്പെടും. അതിനാൽ തന്നെ അക്ഷർ പട്ടേലാണ് ഏഴാം നമ്പറിൽ ഇന്ത്യയ്ക്കായി മൈതാനത്ത് എത്തേണ്ട താരം. ശേഷം യുവതാര രമൺദ്വീപ് സിംഗിനും എട്ടാം നമ്പരിൽ അവസരം ലഭിക്കാൻ സാധ്യതയുണ്ട്.

പേസ് നിരയിലേക്ക് ഇന്ത്യ പരിഗണിക്കുന്നത് അർഷദീപ് സിംഗിനെയും ആവേശ് ഖാനെയുമായിരിക്കും. ദക്ഷിണാഫ്രിക്കൻ സാഹചര്യത്തിൽ മികവ് പുലർത്താൻ ഇരു ബോളർമാർക്കും സാധിക്കും. മറുവശത്ത് വരുൺ ചക്രവർത്തി ടീമിന്റെ സ്പിന്നറായി എത്താനാണ് സാധ്യത. രവി ബിഷണോയെ ഇന്ത്യ ആദ്യ മത്സരങ്ങളിൽ നിന്നെങ്കിലും മാറ്റി നിർത്താൻ സാധ്യതയുണ്ട്. ഇത്തരത്തിൽ ഒരു ശക്തമായ ടീമിനെയാവും ഇന്ത്യ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ പരമ്പരയിൽ അണിനിരത്താൻ ശ്രമിക്കുക.

ബംഗ്ലാദേശിനെതിരായ ട്വന്റി20 പരമ്പര 3-0 എന്ന നിലയിൽ സ്വന്തമാക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇറങ്ങുന്നത്. എന്നാൽ ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയിൽ പരാജയം നേരിട്ടത് ഗംഭീറിനെ അടക്കം വലിയ രീതിയിൽ ബാധിച്ചിട്ടുണ്ട്.

Previous articleസ്പിന്നർമാരെ കാണുമ്പോൾ ഇന്ത്യൻ മുൻനിരയ്ക്ക് മുട്ടിടിക്കുന്നു. ആത്മവിശ്വസം എവിടെയെന്ന് മുൻ താരം.
Next articleസീനിയർ താരങ്ങൾക്ക് കൂച്ചുവിലങ്ങിട്ട് ഇന്ത്യ. പരിശീലനത്തിൽ എല്ലാവരും പങ്കെടുക്കണമെന്ന് നിർദ്ദേശം.