സഞ്ജു അഫ്ഗാനെതിരെ അഞ്ചാം നമ്പറിൽ കളിക്കും. റിങ്കുവും ജയിസ്വാളും ടീമിൽ. പ്ലെയിങ് ഇലവൻ ഇങ്ങനെ..

അഫ്ഗാനിസ്ഥാനെതിരെ നടക്കുന്ന 3 ട്വന്റി20 മത്സരങ്ങളടങ്ങിയ പരമ്പരയ്ക്കുള്ള ഇന്ത്യൻ സ്ക്വാഡിനെ പ്രഖ്യാപിക്കുകയുണ്ടായി. സീനിയർ താരങ്ങളായ വിരാട് കോഹ്ലിയും രോഹിത് ശർമയും ട്വന്റി20 ടീമിലേക്ക് തിരികെ എത്തിയിരിക്കുന്നു എന്നതാണ് സ്ക്വാഡിന്റെ ഏറ്റവും വലിയ പ്രത്യേകത. ഇരുവരും അവസാനമായി ട്വന്റി20 മത്സരം കളിച്ചത് 2022ലായിരുന്നു. ശേഷം ഒരു വർഷത്തിന് ശേഷമാണ് ഇരുവരും കുട്ടി ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നത്.

ഇതോടൊപ്പം മലയാളി താരം സഞ്ജു സാംസനെയും ഇന്ത്യ തങ്ങളുടെ ട്വന്റി20 സ്ക്വാഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ലോകകപ്പിന് മുന്നോടിയായി നടക്കുന്ന മത്സരമായതിനാൽ തന്നെ സഞ്ജുവിന് വലിയ സാധ്യതകളാണ് മുൻപിലുള്ളത്. അഫ്ഗാനിസ്ഥാനെതിരായ ട്വന്റി20 മത്സരങ്ങളിൽ ഇന്ത്യ അണിനിരത്താൻ സാധ്യതയുള്ള പ്ലെയിങ് ഇലവനെ പരിശോധിക്കാം.

ഋതുരാജ് പരിക്കിന്റെ പിടിയിലായതിനാൽ തന്നെ ഇന്ത്യയ്ക്കായി പരമ്പരയിൽ ഓപ്പണിങ് ഇറങ്ങുക രോഹിത് ശർമയും ജയസ്വാളുമായിരിക്കും. ഇടങ്കൈ- വലംകൈ കോമ്പിനേഷൻ ഏറ്റവും മികച്ച രീതിയിൽ പരമ്പരയിൽ ഉപയോഗിക്കാൻ ഇന്ത്യ ശ്രമിക്കും. ഒപ്പം മൂന്നാമനായി ക്രീസിലെത്തുക ശുഭമാൻ ഗില്ലായിരിക്കും. മൂന്നാം നമ്പരിൽ കളിച്ച് വലിയ പരിചയമുള്ള താരമാണ് ഗിൽ. നാലാം നമ്പറിൽ സാധാരണയായി കളിക്കുന്ന സൂര്യകുമാർ യാദവിന് പരിക്കേറ്റിട്ടുണ്ട്. ഈ സാഹചര്യത്തിൽ വിരാട് കോഹ്ലി ഇന്ത്യക്കായി നാലാം നമ്പറിൽ കളിക്കാനാണ് സാധ്യത. ഏതു ബാറ്റിംഗ് പൊസിഷനിലും മികവ് പുലർത്താൻ സാധിക്കുന്ന താരമാണ് കോഹ്ലി.

അഞ്ചാം നമ്പരിൽ ഇന്ത്യക്കായി മൈതാനത്തിറങ്ങാൻ സാധ്യതയുള്ള താരം സഞ്ജു സാംസൺ തന്നെയാണ്. ഇന്ത്യൻ നിരയിൽ ആദ്യ ചോയ്സ് വിക്കറ്റ് കീപ്പറായി തന്നെയാണ് സഞ്ജുവിനെ പരിഗണിച്ചിരിക്കുന്നത്. മറ്റൊരു വിക്കറ്റ് കീപ്പറായ ജിതേഷ് ശർമയെ സ്ക്വാഡിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും, സഞ്ജുവിന്റെ സമീപകാല ഫോം അനുസരിച്ച് ടീമിൽ ഇടം ലഭിക്കാൻ സാധ്യത വളരെ കൂടുതലാണ്. അങ്ങനെയെങ്കിൽ സഞ്ജു സാംസൺ അഞ്ചാം നമ്പറിലും ഫിനിഷർ റിങ്കു സിംഗ് ആറാം നമ്പറിലും കളിക്കും.

കഴിഞ്ഞ മത്സരങ്ങളിലൊക്കെയും മികവ് പുലർത്തുന്നതിനാൽ തന്നെ റിങ്കു സിംഗ് പ്ലെയിങ് ഇലവണിൽ ഉൾപ്പെടുമെന്ന കാര്യത്തിൽ സംശയമില്ല. ഇവർക്കൊപ്പം ഓൾറൗണ്ടർ അക്ഷർ പട്ടേലാണ് ഏഴാം നമ്പരിൽ കളിക്കാൻ സാധ്യത. ഇന്ത്യയുടെ സ്റ്റാർ സ്പിന്നർ രവീന്ദ്രൻ ജഡേജയുടെ വിടവ് നികത്താൻ അക്ഷറിന് സാധിച്ചേക്കും.

ഇന്ത്യയ്ക്കായി എട്ടാം നമ്പറിൽ ഇറങ്ങുക സ്പിന്നർ കുൽദീവ് യാദവ് ആയിരിക്കും. ഇന്ത്യൻ പിച്ചുകളിൽ എല്ലായിപ്പോഴും എതിർ ടീമിന് ഭീഷണി സൃഷ്ടിച്ചിട്ടുള്ള താരമാണ് കുൽദീപ്. അതുകൊണ്ടു തന്നെ രവി ബിഷണോയെ പുറത്തിരുത്തി കുൽദീപിനെ ഇന്ത്യ തങ്ങളുടെ ടീമിൽ ഉൾപ്പെടുത്താനാണ് സാധ്യത. പേസ് നിരയിൽ ഇന്ത്യയ്ക്കായി അർഷദീപ് സിംഗും,ആവേഷ് ഖാനും, മുകേഷ് കുമാറും ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇവരിൽ മുകേഷ് കുമാറിന്റെ ബോളിംഗ് പ്രകടനം ഇന്ത്യയെ സംബന്ധിച്ച് വളരെ നിർണ്ണായകമാണ്. എന്തായാലും ട്വന്റി20 ലോകകപ്പിന് മുമ്പുള്ള വലിയ തയാറെടുപ്പിലേക്കാണ് ഇന്ത്യ പോകുന്നത്. ഈ പരമ്പരയിൽ മികച്ച പ്രകടനം പുറത്തെടുക്കുന്ന താരങ്ങൾക്ക് ട്വന്റി20 ലോകകപ്പിൽ കളിക്കാൻ വലിയ അവസരമാണ് മുമ്പിലുള്ളത്.

Previous articleമൂന്നാമതൊരു ടെസ്റ്റ്‌ ഇന്ത്യക്കെതിരെ വേണ്ടിയിരുന്നു. ട്വന്റി20 ക്രിക്കറ്റ് ടെസ്റ്റിന്റെ ഭംഗി നശിപ്പിക്കുന്നുവെന്ന് ഡിവില്ലിയേഴ്സ്.
Next articleകോഹ്ലിയും രോഹിതും തിരിച്ചെത്തി, പക്ഷേ കെഎൽ രാഹുലെവിടെ? ട്വന്റി20യിലെ ‘രാഹുൽ അധ്യായം’ അവസാനിക്കുന്നോ??