മൂന്നാമതൊരു ടെസ്റ്റ്‌ ഇന്ത്യക്കെതിരെ വേണ്ടിയിരുന്നു. ട്വന്റി20 ക്രിക്കറ്റ് ടെസ്റ്റിന്റെ ഭംഗി നശിപ്പിക്കുന്നുവെന്ന് ഡിവില്ലിയേഴ്സ്.

ABD

ഇന്ത്യയുടെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയെ വിമർശിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ദക്ഷിണാഫ്രിക്കൻ താരം എബി ഡിവില്ലിയെഴ്സ്. ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യ രണ്ട് ടെസ്റ്റ് മത്സരങ്ങൾ അടങ്ങുന്ന പരമ്പരയായിരുന്നു കളിച്ചത്. ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്ക വിജയം കണ്ടപ്പോൾ രണ്ടാം മത്സരത്തിൽ ഇന്ത്യ തിരിച്ചു വരികയായിരുന്നു.

എന്നാൽ പരമ്പരയിൽ മൂന്നാമതൊരു ടെസ്റ്റ് ഇല്ലാതെ വന്നത് തന്നെ വളരെ നിരാശപ്പെടുത്തി എന്നാണ് ഡിവില്ലിയെഴ്സ് പറയുന്നത്. ഇത്തരത്തിൽ പരമ്പരകൾ നടത്തുന്നത് ടെസ്റ്റ് ക്രിക്കറ്റിന് ഗുണം ചെയ്യില്ല എന്നാണ് ഡിവില്ലിയേഴ്സ് കരുതുന്നത്. മികച്ച ടീമുകളെ കണ്ടു പിടിക്കാൻ ഇത്തരം ചെറിയ പരമ്പരകൾ സഹായിക്കില്ലയെന്നും ഡിവില്ലിയേഴ്സ് പറയുകയുണ്ടായി.

ഒപ്പം ദക്ഷിണാഫ്രിക്ക തങ്ങളുടെ ട്വന്റി20 ലീഗിന് കൂടുതൽ പ്രാധാന്യം നൽകുന്നുവെന്നും ഡിവില്ലിയേഴ്സ് പറഞ്ഞു. ഈ സാഹചര്യത്തിലും ടെസ്റ്റ് ക്രിക്കറ്റിനെ അതിന്റേതായ രീതിയിൽ പരിഗണിക്കേണ്ടത് ആവശ്യമാണ് എന്ന് ഡിവില്ലിയേഴ്സ് കരുതുന്നു. “പരമ്പരയിൽ മൂന്നാമതൊരു ടെസ്റ്റ് ഇല്ലാതിരുന്നത് എന്നെ വളരെ നിരാശപ്പെടുത്തി. ലോകത്താകമാനം നടക്കുന്ന ട്വന്റി20 ക്രിക്കറ്റിനെയാണ് ഇക്കാര്യത്തിൽ പഴിക്കാൻ സാധിക്കുക.

എന്നാൽ ഈ പഴി ആർക്കുമേൽ ചാർത്തണമെന്ന് എനിക്കറിയില്ല. എന്നിരുന്നാലും ചില കാര്യങ്ങൾ തെറ്റായിയാണ് തോന്നുന്നത്. എല്ലാ ടീമുകളും പരസ്പരം നന്നായി മത്സരിക്കുകയും, മികച്ച ടീമിനെ തിരഞ്ഞെടുക്കാൻ സാധിക്കുകയും ചെയ്യണമെങ്കിൽ പല കാര്യങ്ങളിലും ഇനിയും മാറ്റങ്ങൾ ആവശ്യമാണ്.”- ഡിവില്ലിയേഴ്സ് തന്റെ യൂട്യൂബ് ചാനലിൽ പറയുന്നു.

See also  "രോഹിത് ഭായിക്ക് ഞങ്ങൾ അനുജന്മാർ. ടീമിൽ എല്ലാവർക്കും അദ്ദേഹത്തെ ഇഷ്ടമാണ് "- ധ്രുവ് ജൂറൽ തുറന്ന് പറയുന്നു.

ന്യൂസിലാൻഡിനെതിരെയാണ് ദക്ഷിണാഫ്രിക്ക അടുത്ത ടെസ്റ്റ് പരമ്പര കളിക്കുന്നത്. എന്നാൽ അതേസമയം തന്നെ സൗത്താഫ്രിക്കൻ ട്വന്റി20 ലീഗ് നടത്തുന്നതിനാൽ, തങ്ങളുടെ രണ്ടാം നിരയെയാണ് ഈ ടെസ്റ്റ് പരമ്പരക്കായി ദക്ഷിണാഫ്രിക്ക നിശ്ചയിച്ചിരിക്കുന്നത്. ഇതേ സംബന്ധിച്ച് ഡിവില്ലിയേഴ്സ് സംസാരിക്കുകയുണ്ടായി.

“ഇത്തരമൊരു ടീം ന്യൂസിലാൻഡിനെതിരെ കളിക്കാൻ ഇറങ്ങുമ്പോൾ വലിയ ഷോക്ക് തന്നെയാണ് ഉണ്ടായിരിക്കുന്നത്. ക്രിക്കറ്റ് ലോകത്തെ മുഴുവനായും ഞെട്ടിച്ച സ്ക്വാഡ് സെലക്ഷൻ ആയിരുന്നു അത്. ടെസ്റ്റ് ക്രിക്കറ്റ് സമ്മർദ്ദത്തിലാണ് എന്നതിന് ഇതിലും വലിയ തെളിവ് ആവശ്യമില്ല. ഇപ്പോൾ ഏകദിന ക്രിക്കറ്റ് പോലും ട്വന്റി20 ക്രിക്കറ്റിന്റെ ചുറ്റുമാണ് നടക്കുന്നത്.”- ഡിവില്ലിയേഴ്സ് കൂട്ടിച്ചേർത്തു.

ജനുവരി 10നാണ് ദക്ഷിണാഫ്രിക്കൻ ട്വന്റി20 ലീഗ് ആരംഭിക്കുന്നത്. ആദ്യ മത്സരത്തിൽ ജോബർഗ് സൂപ്പർ കിംഗ്സ് സൺറൈസേഴ്സ് ഈസ്റ്റേൺ കേപ്പിനെ നേരിടും. ദക്ഷിണാഫ്രിക്കയുടെ മുൻനിര താരങ്ങളൊക്കെയും ഈ ടൂർണമെന്റിനായുള്ള തയ്യാറെടുപ്പിലാണ്. ഈ സാഹചര്യത്തിലാണ് വരാനിരിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്ക് ദക്ഷിണാഫ്രിക്ക തങ്ങളുടെ രണ്ടാം നിരയെ അയച്ചിരിക്കുന്നത്. മുൻപും ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റിൽ നിന്ന് ഇത്തരം പ്രവണതകൾ ഉണ്ടായിരുന്നു. ക്രിക്കറ്റ് ബോർഡിനെ സാമ്പത്തികമായി ഭദ്രമാക്കാനാണ് ഇത്തരം നീക്കം എന്നാണ് എക്സ്പെർട്ടുകളുടെ വിലയിരുത്താൻ.

Scroll to Top