നിലവിൽ ഇന്ത്യൻ ക്രിക്കറ്റിൽ ഏറ്റവുമധികം അവഗണനകൾ അനുഭവിക്കുന്ന ഒരു ക്രിക്കറ്ററാണ് പൃഥ്വി ഷാ. ആഭ്യന്തര ക്രിക്കറ്റിൽ സമീപകാലത്ത് മികവാർന്ന പ്രകടനങ്ങൾ കാഴ്ചവെച്ചിട്ടും ഇന്ത്യൻ ടീമിനായി കളിക്കാൻ പൃഥ്വി ഷായ്ക്ക് അവസരങ്ങൾ ലഭിച്ചിരുന്നില്ല. 2021ൽ ശ്രീലങ്കക്കെതിരായ ട്വന്റി20യിലായിരുന്നു പൃഥ്വി ഷാ അവസാനമായി ഇന്ത്യയ്ക്ക് വേണ്ടി കളിച്ചത്. ശേഷം സമീപസമയത്ത് ന്യൂസിലാൻഡിനെതിരെ പരമ്പരയിൽ ഇന്ത്യ ഷായെ സ്ക്വാഡിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ ടീമിൽ ഇടം പിടിക്കാൻ ഷായ്ക്ക് സാധിച്ചില്ല. ഏകദിന പരമ്പരയിൽ ഇരട്ട സെഞ്ച്വറി നേടിയ ശുഭമാൻ ഗില്ലിനെയാണ് ഇന്ത്യ അന്ന് പരിഗണിച്ചത്. ഇത്തരത്തിൽ ഇന്ത്യൻ ടീമിൽ അവസരങ്ങൾ ലഭിക്കാത്തതിനെപ്പറ്റി പൃഥ്വി ഷാ സംസാരിക്കുകയുണ്ടായി.
ഇന്ത്യൻ ടീമിൽ കളിക്കാൻ സാധിക്കാത്തതിൽ തനിക്ക് ഖേദമില്ല എന്നാണ് പൃഥ്വി ഷാ പറയുന്നത്. “എപ്പോൾ കളിപ്പിക്കണം എപ്പോൾ കളിപ്പിക്കേണ്ട എന്നത് ഇന്ത്യൻ ടീം മാനേജ്മെന്റിന്റെ തീരുമാനം തന്നെയാണ്. ഞാൻ അതിനെ ബഹുമാനിക്കുന്നു. എന്തെന്നാൽ ഒരുപക്ഷേ എനിക്ക് പകരം മറ്റൊരു കളിക്കാരൻ കൂടുതൽ അവസരങ്ങൾ അർഹിക്കുന്നുണ്ടാവും. എനിക്കതിൽ ഖേദമില്ല. ഞാൻ അവസരങ്ങൾക്കായി ഇനിയും കാത്തിരിക്കും. കാരണം ഇന്ത്യൻ ടീമിനായി ഒരുപാട് കാര്യങ്ങൾ എനിക്ക് നേടിയെടുക്കാനുണ്ട്.”- പൃഥ്വി ഷാ പറയുന്നു.
“എന്തായാലും ഇന്ത്യയുടെ സ്ക്വാഡിൽ തിരിച്ചെത്താൻ സാധിച്ചതിലും , കളിക്കാരെ കാണാൻ സാധിച്ചതിലും, അവരോടൊപ്പം പരിശീലനത്തിൽ ഏർപ്പെടാൻ സാധിച്ചതിലും എനിക്ക് വളരെ സന്തോഷമുണ്ട്. ഞാൻ അത് നന്നായി ആസ്വദിച്ചു. എനിക്ക് അവസരം ലഭിച്ചില്ലെങ്കിലും തിരിച്ചുവരവിനുള്ള സാധ്യത നൽകിയത് വലിയ കാര്യമാണ്.”- പൃഥ്വി ഷാ കൂട്ടിച്ചേർക്കുന്നു.
“ഞാൻ റൺസ് നേടാൻ തന്നെയാണ് ശ്രമിക്കുന്നത്. നേടുന്നത് മതിയാവില്ല എന്ന് തോന്നുമ്പോൾ ഞാൻ വീണ്ടും സ്കോർ കണ്ടെത്തും. ശേഷം ഞാൻ 379 റൺസ് ഒരു മത്സരത്തിൽ നേടിയിരുന്നു. ഈ പ്രകടനങ്ങൾ ആവർത്തിക്കാൻ തന്നെയാണ് എന്റെ ശ്രമം.”- പൃഥ്വി ഷാ പറഞ്ഞുവയ്ക്കുന്നു.