ക്രിക്കറ്റിൽ പേസ് ബോളർമാരുടെ എക്കാലത്തെയും വലിയ ആയുധമാണ് റിവേഴ്സ് സ്വിങ്ങിങ് പന്തുകൾ. ഒരു ബാറ്ററെ കുഴപ്പിക്കാൻ റിവേഴ്സ് സ്വിങ് പന്തുകളെക്കാൾ മികച്ചതായി മറ്റൊന്നുമില്ല. ക്രിക്കറ്റ് ചരിത്രത്തിൽ എല്ലാ രാജ്യങ്ങളിലെയും ബോളർമാർ റിവേഴ്സ് സ്വിങ് ബോളുകൾക്കായി തങ്ങളുടെ പരമാവധി നൽകിയിട്ടുള്ളവരാണ്.
ഇമ്രാൻ ഖാൻ, വസീം അക്രം, വഖാർ യൂനിസ് തുടങ്ങിയവരാണ് ഇത്തരം ബോളുകളുടെ ഏറ്റവും വലിയ അംബാസിഡർമാർ. എന്നാൽ നിലവിൽ ഏകദിനങ്ങളിലും മറ്റും രണ്ടു പുതിയ പന്തുകൾ ഉപയോഗിക്കുന്നതിനാൽ തന്നെ ബോളർമാർക്ക് അത്ര മികച്ച രീതിയിൽ റിവേഴ്സ് സിംഗ് ലഭിക്കുന്നില്ല. എന്നാൽ മുൻപ് പാക്കിസ്ഥാൻ താരങ്ങളടക്കം റിവേഴ്സ് സ്വിങ് ലഭിക്കാനായി പന്തിൽ കൃത്രിമം കാട്ടിയിരുന്നു എന്ന് വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം പ്രവീൺ കുമാർ.
മുൻപ് എല്ലാവരും റിവേഴ്സ് സ്വിങ് ലഭിക്കുന്നതിനായി പന്തിൽ കൃത്രിമം കാട്ടിയിരുന്നുവെന്നും, പാക്കിസ്ഥാൻ താരങ്ങൾ അത് വളരെ വലിയ രീതിയിൽ ചെയ്തിരുന്നു എന്നുമാണ് പ്രവീൺകുമാർ പറഞ്ഞിരിക്കുന്നത്. ഇന്നത്തെ അത്രമാത്രം സാങ്കേതികത അന്ന് ഇല്ലാത്തതിനാൽ തന്നെ ഇത് വളരെ അനായാസകരമായിരുന്നു എന്ന് പ്രവീൺ പറയുന്നു.
പാക്കിസ്ഥാൻ ബോളർമാരൊക്കെയും ഇത് നിരന്തരം പ്രയോഗിച്ചിരുന്നു എന്നാണ് പ്രവീണിന്റെ പ്രസ്താവന. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രവീൺ കുമാർ ഇക്കാര്യം പറഞ്ഞത്. പല സമയത്തും അവർ പന്തിന്റെ ഒരുവശമാണ് സ്ക്രാച്ച് ചെയ്യാറുള്ളതെന്നും, ശേഷം അത് നന്നായി ഉപയോഗിക്കാൻ അറിയാവുന്ന ബോളർക്ക് പന്ത് നൽകുകയാണ് ചെയ്യുന്നതെന്നും പ്രവീൺ സൂചിപ്പിച്ചു.
“എല്ലാവരും ഇത്തരം കാര്യങ്ങൾ ചെറുതായി ചെയ്യാറുണ്ട്. എന്നാൽ പാക്കിസ്ഥാൻ ബോളർമാർ പൂർണമായും കൃത്രിമത്വം കാണിക്കുന്നു. അതിനെപ്പറ്റി ഞാൻ ഒരുപാട് കേട്ടിട്ടുണ്ട്. ഇപ്പോൾ ക്രിക്കറ്റ് മൈതാനത്ത് എല്ലായിടത്തും ക്യാമറകളുണ്ട്. എന്നാൽ നേരത്തെ അങ്ങനെ ആയിരുന്നില്ല. എല്ലാവർക്കും ഇത്തരം കാര്യങ്ങൾ പൂർണമായും അറിയാമായിരുന്നു. ബോളർമാർ കൃത്യമായി പന്തിന്റെ ഒരുവശത്ത് സ്ക്രാച്ച് ഉണ്ടാക്കും.”
“ശേഷം ഇത്തരം കാര്യങ്ങൾ നന്നായി അറിയാവുന്ന ഒരു ബോളർക്ക് പന്ത് നൽകും. നന്നായി റിവേഴ്സ് സ്വിങ് ചെയ്യാൻ സാധിക്കുന്ന ബോളർക്ക് ഇത്തരത്തിൽ സ്ക്രാച്ച് ചെയ്ത പന്ത് നൽകിയാൽ അവർക്ക് മത്സരത്തിൽ ഒരുപാട് മെച്ചമുണ്ടാക്കാൻ സാധിക്കും. ഇതേ സംബന്ധിച്ച് അവർ ഒരുപാട് പഠിച്ചിട്ടുമുണ്ട്”- പ്രവീൺ കുമാർ പറയുന്നു.
പ്രവീൺ കുമാറിന്റെ ഈ പ്രസ്താവനകൾ വലിയ ഞെട്ടൽ തന്നെയാണ് ക്രിക്കറ്റ് ലോകത്ത് ഉണ്ടാക്കിയിരിക്കുന്നത്. പാക്കിസ്ഥാൻ ബോളർമാർക്ക് എതിരെയാണ് പ്രവീൺ പൂർണമായും ആഞ്ഞടിച്ചിരിക്കുന്നത്. പാകിസ്താന്റെ ഇതിഹാസ ബോളർമാരൊക്കെയും റിവേഴ്സ് സ്വിങ് കൊണ്ട് ശ്രദ്ധ നേടിയവരായിരുന്നു. എല്ലായിപ്പോഴും അവരുടെ ഗോ ടു ബോള്‍ റിവേഴ്സ് സ്വിങ് പന്ത് തന്നെയായിരുന്നു. അതിനാൽ പ്രവീണിന്റെ പ്രസ്താവനയെ സംബന്ധിച്ചുള്ള സംശയങ്ങൾ ഒരുപാട് വർധിച്ചിരിക്കുകയാണ്. വരും ദിവസങ്ങളിലും ഇതൊരു ചർച്ചയായി മാറാൻ സാധ്യതയുണ്ട്.