ഉത്തർപ്രദേശിനെ സമനിലയിൽ കുരുക്കി കേരളം. കേരളത്തിന് ആശ്വാസ റിസൾട്ട്.

sanjusamson 1704590816

രഞ്ജി ട്രോഫിയിലെ കേരളവും ഉത്തർപ്രദേശും തമ്മിൽ നടന്ന മത്സരം സമനിലയിൽ അവസാനിച്ചു. മത്സരത്തിന്റെ നാലാം ദിവസം ഉത്തർപ്രദേശ് മികച്ച ബാറ്റിംഗ് പ്രകടനവുമായി പിടിമുറുക്കിയെങ്കിലും കേരളം തിരിച്ചുവന്ന് സമനിലയിൽ മത്സരം അവസാനിപ്പിക്കുകയായിരുന്നു. മത്സരത്തിന്റെ നാലു ദിവസവും കൃത്യമായ ആധിപത്യം പുലർത്തിയാണ് ഉത്തർപ്രദേശ് മികവ് പുലർത്തിയത്. കേരള ബാറ്റിങ് നിരയിൽ സഞ്ജു സാംസൺ അടക്കമുള്ള താരങ്ങൾ ഉണ്ടായിട്ടും ഉത്തർപ്രദേശിനെതിരെ മത്സരത്തിന്റെ ഭൂരിഭാഗം നിമിഷങ്ങളിലും പിടിച്ചുനിൽക്കാൻ കേരളത്തിന് സാധിച്ചില്ല. അതിനാൽ തന്നെ സമനില എന്നത് കേരളത്തിന് വലിയ ആശ്വാസമാണ് ഉണ്ടാക്കിയിരിക്കുന്നത്.

മത്സരത്തിൽ ടോസ് നേടിയ ഉത്തർപ്രദേശ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ഇന്നിങ്സിൽ ഉത്തർപ്രദേശിനായി റിങ്കു സിംഗും ധ്രുവ് ജൂറലുമാണ് ബാറ്റിംഗിൽ തിളങ്ങിയത്. റിങ്കു മത്സരത്തിൽ 92 റൺസ് നേടിയപ്പോൾ, ജൂറൽ 63 റൺസാണ് നേടിയത്. ഇരുവരുടെയും മികവിൽ ആദ്യ ഇന്നിങ്സിൽ 302 റൺസ് സ്വന്തമാക്കാൻ ഉത്തർപ്രദേശിന് സാധിച്ചു.

കേരളത്തിനായി നിധീഷ് 3 വിക്കറ്റുകൾ സ്വന്തമാക്കി. മറുപടി ബാറ്റിംഗിനിറങ്ങിയ കേരളത്തിന് തുടക്കം മുതൽ പണി പാളി. നായകൻ സഞ്ജു സാംസണടക്കം മികച്ച തുടക്കങ്ങൾ മുതലാക്കാതെ മടങ്ങിയതോടെ കേരളം പതുങ്ങി. എന്നാൽ 74 റൺസ് നേടിയ വിഷ്ണു വിനോദ് കേരളത്തിനായി ക്രീസിൽ പിടിച്ചുനിന്നു. ഇങ്ങനെ കേരളം ആദ്യ ഇന്നിങ്സിൽ 243 എന്ന സ്കോർ സ്വന്തമാക്കുകയായിരുന്നു.

Read Also -  "സഞ്ജു ലോകത്തിലെ ഒന്നാം നമ്പർ ബാറ്ററാവും", അന്ന് ഗംഭീർ പറഞ്ഞു. പക്ഷേ ഇന്ന് സഞ്ജുവിനെ ഗംഭീർ ഒഴിവാക്കി.

രണ്ടാം ഇന്നിങ്സിൽ ബാറ്റിംഗ് ആരംഭിച്ച ഉത്തർപ്രദേശിനായി മുൻനിരയിലുള്ള മുഴുവൻ ബാറ്റർമാരും മികവ് പുലർത്തി. ആദ്യ ഇന്നിങ്സിൽ നിന്ന് വിപരീതമായി രണ്ടാം ഇന്നിങ്സിൽ ഉത്തർപ്രദേശിന്റെ ബാറ്റർമാർ അഴിഞ്ഞാടുന്നതാണ് കാണാൻ സാധിച്ചത്. നായകൻ ആര്യൻ ജൂയൽ മത്സരത്തിൽ 115 റൺസാണ് സ്വന്തമാക്കിയത്.

ഒപ്പം മൂന്നാമനായി എത്തിയ പ്രിയം ഗർഗും സെഞ്ച്വറി സ്വന്തമാക്കിയതോടെ ഉത്തർപ്രദേശ് 323ന് 3 എന്ന നിലയിൽ ഇന്നിംഗ്സ് ഡിക്ലയർ ചെയ്തു. വലിയൊരു വിജയലക്ഷം തന്നെയായിരുന്നു കേരളത്തിന് മുൻപിൽ ഉണ്ടായിരുന്നത്. അതിനാൽ തന്നെ മത്സരം സമനിലയിലാക്കാനാണ് കേരളം ശ്രമിച്ചത്.

തുടക്കത്തിൽ വിക്കറ്റ് നഷ്ടമായെങ്കിലും കേരളത്തിനായി രണ്ടാം ഇന്നിംഗ്സിൽ രോഹൻ കുന്നുമ്മൽ പിടിച്ചുനിന്നു. രണ്ടാം ഇന്നിങ്സിൽ കേരളം 72 റൺസാണ് നേടിയത്. 2 വിക്കറ്റുകൾ മാത്രമാണ് കേരളത്തിന് നഷ്ടമായത്. ഈ സാഹചര്യത്തിൽ മത്സരം സമനിലയിൽ അവസാനിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു. എന്തായാലും കേരളത്തിനെ സംബന്ധിച്ച് ആശ്വാസകരമായ ഒരു മത്സരഫലം തന്നെയാണ് ഉണ്ടായിരിക്കുന്നത്. വരും മത്സരങ്ങളിൽ പിഴവുകൾ നികത്തി ശക്തമായി തിരിച്ചുവരവ് നടത്തി മത്സരത്തിൽ വിജയം സ്വന്തമാക്കാനാവും കേരളം ശ്രമിക്കുക.

Scroll to Top