സ്റ്റാറായി ദീപക് ചഹാർ :ധോണി എഫക്ട് മാത്രമെന്ന് മുൻ താരം

ഇന്ത്യൻ ക്രിക്കറ്റ്‌ ആരാധകർ എക്കാലവും ഓർത്തിരിക്കുന്ന ഒരു ജയമാണ് ലങ്കക്ക് എതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യൻ ടീം സ്വന്തമാക്കിയത്. മൂന്ന് വിക്കറ്റ് ജയം കരസ്ഥമാക്കിയ ഇന്ത്യൻ ടീം പരമ്പരയും സ്വന്തമാക്കിയപ്പോൾ ബാറ്റിംഗിലെ മിന്നും പ്രകടനത്താൽ ഇന്ന് ആരാധകരിലും ഒപ്പം സോഷ്യൽ മീഡിയയിലും സ്റ്റാറായി മാറി കഴിഞ്ഞത് ഫാസ്റ്റ് ബൗളർ ദീപക് ചഹാർ തന്നെയാണ്. മത്സരത്തിൽ 82 പന്തിൽ നിന്നും 69 റൺസ് അടിച്ചെടുത്ത താരം ടീം ഇന്ത്യയെ തോൽ‌വിയിൽ നിന്നും ചരിത്ര വിജയത്തിലേക്കാണ് നയിച്ചത്. പല തരം ബൗളിംഗ് പ്രകടനങ്ങൾ മുൻപ് ദീപക് ചഹാർ കാഴ്ചവെച്ചിട്ടുണ്ട് എങ്കിലും താരം ആദ്യമായിട്ടാണ് ബാറ്റിങ്ങിൽ ഇന്ത്യൻ ടീം രക്ഷകനായി എത്തുന്നത്.താരത്തിന്റെ ഈ പ്രകടനത്തെ ഐപിൽ ടീമായ ചെന്നൈ സൂപ്പർ കിങ്സുമായും ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിയുമായും ഇപ്പോൾ താരതമ്യം ചെയ്യുകയാണ് ആരാധകരും ഒപ്പം ക്രിക്കറ്റ്‌ ലോകവും.

നിലവിൽ ചെന്നൈ സൂപ്പർ കിങ്‌സ് താരം കൂടിയായ ദീപക് ചഹാർ ഫിനിഷിങ്ങിലെ ഈ മികവ് ധോണിയിൽ നിന്നുമാണ് പഠിച്ചത് എന്ന് ആരാധകർ പലരും തുറന്ന് പറയുമ്പോൾ ധോണിയുടെ ഉപദേശങ്ങൾ ദീപക് ചഹാറിന് ലങ്കക്ക് എതിരെ വളരെ സഹായകമായിട്ടുണ്ട് എന്നാണ് മുൻ താരങ്ങളുടെയടക്കം അഭിപ്രായം. ഈ വിഷയത്തിൽ ധോണിയെ അഭിനന്ദിച്ചും ഒപ്പം ദീപക് ചഹാറിന്റെ ബാറ്റിങ് മികവിനെ വാനോളം പുകഴ്ത്തിയും അഭിപ്രായം വിശദമാക്കുകയാണ് മുൻ ഇന്ത്യൻ താരം മുഹമ്മദ്‌ കൈഫ്‌

ലോകത്തിലെ ഏറ്റവും മികച്ച ഫിനിഷർ ബാറ്റ്‌സ്മാനൊപ്പം കളിച്ചിട്ടുള്ള എല്ലാ അനുഭവവും ദീപക്കിന്റെ ബാറ്റിങ്ങിൽ കാണുവാൻ സാധിച്ചെന്ന് പറഞ്ഞ കൈഫ്‌ രണ്ടാം ഏകദിനത്തിൽ ധോണിയുടെ എഫക്ട് കാണുവാൻ കഴിഞ്ഞിട്ടുണ്ട് എന്നും വ്യക്തമാക്കി.ആഭ്യന്തര ക്രിക്കറ്റ്‌ മത്സരങ്ങളിൽ അടക്കം ബാറ്റിങ് മികവ് മുൻപ് പല തവണ പുറത്തെടുത്തിട്ടുള്ള ദീപക് ചഹാറിനെ എട്ടാം നമ്പറിൽ ഭൂവിക്ക് മുൻപായി ബാറ്റിംഗിന് അയക്കാനുള്ള നിർണായക തീരുമാനം കൈകൊണ്ടത് കോച്ച് രാഹുൽ ദ്രാവിഡായിരുന്നു.പല ആരാധകരും രാഹുൽ ദ്രാവിഡിനെയും വാനോളം പുകഴ്ത്തിയിരുന്നു.

“എക്കാര്യത്തിലും കൃത്യതയുള്ള മികച്ച ഒരു പോരാളിയാണ് താനെന്ന് ദീപക് ചഹാർ ഒരൊറ്റ ഇന്നിങ്സിലൂടെ തന്നെ തെളിയിച്ചു. ലോകത്തെ ഏറ്റവും മികച്ച ഫിനിഷർക്ക് ഒപ്പം കളിച്ചിട്ടുള്ള വളരെ വലിയ അനുഭവവും ആത്മവിശ്വാസവും അവനിൽ കാണുവാൻ സാധിക്കും.എല്ലാ വെല്ലുവിളികളെയും പ്ലാനിംങ്ങിൽ നേരിട്ട അവൻ അഭിനന്ദനങ്ങൾ അർഹിക്കുന്നു” മുഹമ്മദ്‌ കൈഫ്‌ അഭിപ്രായം വിശദമാക്കി

Previous articleഅവന്റെ നേട്ടങ്ങൾ കോഹ്ലിക്കും രോഹിത്തിനും പിറകിലായി ഒളിക്കപെടുന്നു :വൻ കണ്ടെത്തലുമായി വസീം ജാഫർ
Next articleആദ്യ വിദേശ സൈനിങ്ങ് ; സൂപ്പര്‍ താരത്തെ സ്വന്തമാക്കി കേരളാ ബ്ലാസ്റ്റേഴ്സ്.