ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റ് മത്സരം ഇന്ത്യ വിജയിച്ചിരുന്നു. ക്രിസ്തുമസ് ദിനത്തിൽ മൂന്ന് വിക്കറ്റിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. മുൻനിര ബാറ്റ്സ്മാൻമാർ എല്ലാവരും നിരാശപ്പെടുത്തിയ മത്സരത്തിൽ ആദ്യം പരാജയം മണത്ത ഇന്ത്യയെ അശ്വിനും ശ്രേയസ് അയ്യരും കൂടിയാണ് വിജയത്തിൽ എത്തിച്ചത്.
മത്സരത്തിൽ വിജയിച്ചെങ്കിലും ഇപ്പോൾ രൂക്ഷമായ വിമർശനങ്ങൾ ഉയർത്തിക്കൊണ്ട് രംഗത്തെത്തുകയാണ് ഇന്ത്യൻ ആരാധകർ. പരമ്പരയിൽ മികച്ച പ്രകടനം പുറത്തെടുത്ത ശ്രേയസ് അയ്യരിനെ തഴഞ്ഞ് ചേതേശ്വർ പൂജാരക്ക് പ്ലേയർ ഓഫ് ദി സീരീസ് നൽകിയതാണ് ആരാധകരെ ചൊടിപ്പിച്ചത്. ആദ്യ മത്സരത്തിൽ മാത്രമാണ് പുജാരക്ക് മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചിരുന്നത്. ആദ്യ ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ 90 റൺസും, രണ്ടാമത്തെ ഇന്നിങ്സിൽ 102 റൺസും താരം നേടിയിരുന്നു. എന്നാൽ നിർണായകമായ രണ്ടാമത്തെ ടെസ്റ്റിലെ ചിത്രത്തിൽ പോലും താരത്തെ കണ്ടില്ല.
രണ്ടാമത്തെ ടെസ്റ്റിൽ 24,6 എന്നിങ്ങനെയാണ് താരം നേടിയത്. എന്നാൽ ആദ്യത്തെ ടെസ്റ്റിലെ ആദ്യ ഇന്നിംഗ്സിൽ 86 റൺസ് നേടിയ ശ്രേയസ് അയ്യരിന് രണ്ടാമത്തെ ഇന്നിംഗ്സിൽ ബാറ്റ് ചെയ്യാനുള്ള അവസരം ലഭിച്ചിരുന്നില്ല. രണ്ടാമത്തെ ടെസ്റ്റിൽ ഇന്ത്യയുടെ മുൻനിര ബാറ്റ്സ്മാൻമാർ എല്ലാവരും തകർന്നടിഞ്ഞപ്പോൾ പന്തിന്റെ കൂടെ ഇന്ത്യക്ക് ഭേദപ്പെട്ട സ്കോർ കണ്ടെത്താൻ സഹായിച്ചത് ശ്രേയസ് അയ്യർ ആയിരുന്നു. ആദ്യ ഇന്നിങ്സിൽ 86 റൺസ് നേടിയാണ് താരം പുറത്തായത്.
രണ്ടാമത്തെ ഇന്നിംഗ്സിൽ അശ്വിവിനെ കൂട്ടുപിടിച്ച് നിർണായകമായ 71 റൺസിന്റെ കൂട്ടുകെട്ടും താരം ഉണ്ടാക്കി.46 പന്തുകളിൽ നിന്ന് 29 റൺസ് ആണ് താരം നേടിയത്.അശ്വിൻ 42 റൺസ് ആണ് നേടിയത്. എന്നാൽ കൂടുതൽ റൺസ് നേടിയതിൻ്റെ അടിസ്ഥാനത്തിൽ അവാർഡ് പുജാരക്ക് നൽകുകയായിരുന്നു.