ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ ട്വന്റി20 പരമ്പര ഇന്ന് വിശാഖപട്ടണത്ത് ആരംഭിക്കുകയാണ്. 5 ട്വന്റി20 മത്സരങ്ങൾ അടങ്ങിയ പരമ്പരയാണ് ഇന്ത്യ ഓസ്ട്രേലിയക്കെതിരെ കളിക്കാൻ തയ്യാറാവുന്നത്. സൂര്യകുമാർ യാദവിനെയാണ് ഇന്ത്യ പരമ്പരയിൽ നായകനായി തിരഞ്ഞെടുത്തിരിക്കുന്നത്. മാത്രമല്ല ലോകകപ്പിൽ മികച്ച പ്രകടനം പുറത്തെടുത്ത സീനിയർ താരങ്ങൾക്കൊക്കെയും ഇന്ത്യ പരമ്പരയിൽ വിശ്രമം അനുവദിക്കുകയും ചെയ്തിട്ടുണ്ട്.
യുവ താരങ്ങളുമായി ഓസ്ട്രേലിയക്കെതിരെ കളിക്കാൻ ഇറങ്ങുന്ന സൂര്യകുമാർ യാദവ് തങ്ങളുടെ മനോഭാവത്തെപ്പറ്റി സംസാരിക്കുകയുണ്ടായി. തെല്ലും ഭയമില്ലാതെ മത്സരത്തെ നേരിടാനാണ് യുവതാരങ്ങളോട് താൻ നിർദ്ദേശിച്ചിരിക്കുന്നത് എന്ന് സൂര്യ പറഞ്ഞു.
“ട്വന്റി 20 ലോകകപ്പ് മനസ്സിൽ വച്ചുകൊണ്ടാണ് ഞങ്ങൾ കളിക്കാൻ തയ്യാറാവുന്നത്. അതുവരെ കളിക്കുന്ന എല്ലാ മത്സരങ്ങളും ഞങ്ങളെ സംബന്ധിച്ച് വളരെ പ്രാധാന്യമുള്ളതാണ്. അതിനാൽ തന്നെ ടീമിലെ താരങ്ങൾക്കുള്ള സന്ദേശം വളരെ വ്യക്തമാണ്. ഭയമില്ലാത്ത കളിക്കുക, ടീമിനെ വിജയിക്കാൻ ആവശ്യമായതൊക്കെയും ചെയ്യുക. ഐപിഎൽ മത്സരങ്ങളിൽ ഈ താരങ്ങളൊക്കെയും അത്തരത്തിൽ കളിക്കാറുണ്ട്.”
”മാത്രമല്ല കഴിഞ്ഞ സമയങ്ങളിൽ ഒരുപാട് ആഭ്യന്തര മത്സരങ്ങളും കളിക്കാൻ ഇവർക്ക് അവസരം ലഭിച്ചിട്ടുണ്ട്. നിലവിൽ നമ്മുടെ യുവതാരങ്ങളൊക്കെയും മികച്ച ഫോമിലാണുള്ളത്. മൈതാനത്തെത്തി എല്ലാവരും കൂടുതൽ സമയം ആസ്വദിക്കാനാണ് ശ്രമിക്കേണ്ടത്. സ്ഥിരമായി എന്താണോ അവർ ചെയ്യുന്നത്, അതുതന്നെ ചെയ്യാനാണ് ഞാൻ നിർദ്ദേശിച്ചിരിക്കുന്നത്.”- സൂര്യകുമാർ പറയുന്നു.
ഒപ്പം ലോകകപ്പ് ഫൈനൽ മത്സരത്തിലെ പരാജയം ഇന്ത്യൻ ടീമിനെ വലിയ രീതിയിൽ നിരാശയിലാക്കിയിട്ടുണ്ട് എന്നും സൂര്യകുമാർ പറയുകയുണ്ടായി. അതിൽ നിന്ന് തിരികെ വരാൻ താരങ്ങൾക്ക് അല്പം സമയം ആവശ്യമാണെന്നും സൂര്യ പറഞ്ഞു. “അത് വളരെ പ്രയാസകരമാണ്. താരങ്ങൾക്കൊക്കെയും അല്പം സമയം ആവശ്യമാണ്. ഒരു പ്രഭാതത്തിൽ എഴുന്നേറ്റ് കഴിഞ്ഞ ദിവസം ഉണ്ടായതൊക്കെയും മറക്കാൻ സാധിക്കില്ല. ലോകകപ്പ് ഒരു ദൈർഘ്യമേറിയ ടൂർണമെന്റ് ആയിരുന്നു. ഞങ്ങൾക്ക് അതിൽ വിജയം സ്വന്തമാക്കണമായിരുന്നു.”- സൂര്യകുമാർ യാദവ് കൂട്ടിച്ചേർത്തു.
“എന്നിരുന്നാലും ആ പരാജയത്തിൽ നിന്ന് ഞങ്ങൾക്ക് സഞ്ചരിച്ചേ പറ്റൂ. നിലവിൽ ട്വന്റി20 സ്കാഡിൽ ഞങ്ങൾക്കുള്ളത് ഒരു മികച്ച ടീം തന്നെയാണ്. പുതിയ വെല്ലുവിളി ഏറ്റെടുത്ത് കൊണ്ട് തന്നെ മുന്നോട്ട് പോകാനായി ഞങ്ങൾ ശ്രമിക്കുന്നു. ലോകകപ്പ് പ്രയാണം ആലോചിക്കുമ്പോൾ ചെറിയ നിരാശയുണ്ട് എന്നത് വസ്തുതയാണ്. എന്നിരുന്നാലും ഞങ്ങൾക്ക് അതൊരു മികച്ച ക്യാമ്പയിൻ തന്നെയായിരുന്നു.”
”ഇന്ത്യൻ ജനങ്ങളും ഞങ്ങളുടെ കുടുംബവുമൊക്കെ ഞങ്ങൾ കളിച്ച രീതിയിൽ ഒരുപാട് അഭിമാനം കൊള്ളുന്നു. എല്ലാ താരങ്ങൾക്കും മൈതാനത്ത് പ്രകടനങ്ങൾ പുറത്തെടുക്കാൻ സാധിച്ചു. ടൂർണമെന്റിലൂടനീളം പോസിറ്റീവായാണ് ഞങ്ങൾ മത്സരത്തെ നോക്കി കണ്ടത്. അതിനാൽ തന്നെ ഞങ്ങൾക്ക് അഭിമാനമുണ്ട്.”- സൂര്യകുമാർ പറഞ്ഞു വെക്കുന്നു.