രാജസ്ഥാനെ സംബന്ധിച്ച് വളരെ നിർണായകമായ മത്സരമായിരുന്നു പഞ്ചാബ് കിംഗ്സിനെതിരെ നടന്നത്. മത്സരത്തിൽ പരാജയപ്പെട്ടിരുന്നുവെങ്കിൽ രാജസ്ഥാന്റെ മുഴുവൻ പ്ലേയോഫ് പ്രതീക്ഷകളും അസ്തമിച്ചേനെ. എന്നാൽ മത്സരത്തിൽ നാലു വിക്കറ്റുകളുടെ ഉഗ്രൻ വിജയം രാജസ്ഥാൻ സ്വന്തമാക്കുകയുണ്ടായി. മത്സരത്തിൽ ടോസ് നേടിയ രാജസ്ഥാൻ ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ശേഷം പഞ്ചാബിനെ 187 എന്ന സ്കോറിൽ ഒതുക്കാൻ രാജസ്ഥാന് സാധിച്ചു. മാത്രമല്ല മത്സരത്തിൽ രണ്ടു പന്തുകൾ ബാക്കിനിൽക്കെ രാജസ്ഥാൻ നാലു വിക്കറ്റുകളുടെ വിജയവും സ്വന്തമാക്കി. എന്നാൽ മത്സരത്തിനിടെ രാജസ്ഥാൻ താരം ഹെറ്റ്മെയറും പഞ്ചാബ് താരം കരനും തമ്മിലുണ്ടായ വാക്പോരാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്.
മത്സരത്തിൽ രാജസ്ഥാൻ ഇന്നിങ്സിലെ പതിനേഴാം ഓവറിലാണ് സംഭവം തുടങ്ങിയത്. പതിനേഴാം ഓവർ സാം കരനായിരുന്നു എറിഞ്ഞത്. ഓവറിലെ അഞ്ചാം പന്തിൽ ഒരു ബൗൺസറാണ് കരൻ എറിഞ്ഞത്. എന്നാൽ അത് ഹെറ്റ്മെയറുടെ ബാറ്റിൽ കൊണ്ടുവെന്ന് തോന്നിയ അമ്പയർ ഔട്ട് വിളിക്കുകയുണ്ടായി. ശേഷം ഹെറ്റ്മെയർ അത് റിവ്യൂവിന് വിടുകയും നോട്ടൗട്ട് ആണെന്ന് തെളിയുകയും ചെയ്തു. എന്നാൽ ആദ്യം അമ്പയർ ഔട്ട് വിളിച്ചയുടൻ തന്നെ സാം കരൻ ഹെറ്റ്മെയറുടെ അടുത്തെത്തുകയും എന്തോ പറയുകയും ചെയ്തു. ഇരു താരങ്ങളും തമ്മിൽ സംസാരിച്ച വിഷയത്തെ സംബന്ധിച്ച് വ്യക്തത പുറത്തുവന്നിട്ടില്ല.
അടുത്ത പന്തിൽ ഒരു സ്ട്രെയിറ്റ് ഷോട്ടിനാണ് ഹെറ്റ്മെയർ ശ്രമിച്ചത്. പക്ഷേ പന്ത് സാം കരന്റെ കയ്യിൽ എത്തുകയായിരുന്നു. ശേഷം ഇവർ തമ്മിലുള്ള ഉടക്ക് വർദ്ധിക്കുകയും ചെയ്തു. പിന്നീട് മത്സരത്തിന്റെ പത്തൊമ്പതാം ഓവറിൽ സാം കരനെതിരെ ഒരു ബൗണ്ടറി നേടാൻ ഹെറ്റ്മെയർക്ക് സാധിച്ചിരുന്നു. ഒരു സുന്ദരമായ ഷോട്ട് തന്നെയായിരുന്നു ഹെറ്റ്മെയരുടെ ബാറ്റിൽ നിന്ന് വന്നത്. ആ ഷോട്ട് കളിച്ച ശേഷം ഹെറ്റ്മെയർ അതേ പോസിൽ തന്നെ പിച്ചിലൂടെ ഓടുകയും ചെയ്തു. ഇത് കരനെ വളരെ ചൊടിപ്പിക്കുകയുണ്ടായി. മത്സരത്തിൽ 28 പന്തുകൾ നേരിട്ട ഹെറ്റ്മെയർ 46 റൺസ് ആണ് നേടിയത്.
മത്സരശേഷം മൈതാനത്തുണ്ടായ ഈ സംഭവത്തെ പറ്റി ഹെറ്റ്മെയർ സംസാരിച്ചു. “എതിർ ടീമിന്റെ കളിക്കാരൻ നമ്മളോട് ഇത്തരത്തിൽ സംസാരിക്കുന്നത് വലിയൊരു സംഭവം തന്നെയാണ്. ഇത് സാധാരണയായി സംഭവിക്കാറില്ല. എന്തായാലും ഇന്നത്തെ സംഭവങ്ങളിൽ ഞാൻ നല്ല സന്തോഷത്തിലാണ്. കരന്റെ സംസാരവും പ്രവർത്തിയും എനിക്ക് കൂടുതൽ ഊർജ്ജം നൽകി. അത് എനിക്ക് മികച്ച രീതിയിൽ കളിക്കാൻ വളരെ സഹായകരമായി മാറി.”- ഹെറ്റ്മെയർ പറഞ്ഞു.