ലങ്കക്ക് എതിരായ ടെസ്റ്റ് പരമ്പരയും തൂത്തുവാരി അനേകം നേട്ടങ്ങൾക്ക് അവകാശികളായിരിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം. ബാംഗ്ലൂർ ടെസ്റ്റിൽ മൂന്നാം ദിനം ശ്രീലങ്കയെ വളരെ അധികം ആധികാരികമായി തോൽപ്പിച്ച രോഹിത് ശർമ്മയും സംഘവും ടി :20 പരമ്പരയിലും നേരത്തെ വൈറ്റ് വാഷ് നേടിയിരുന്നു. അതേസമയം പരമ്പരയിൽ ഗംഭീര ബാറ്റിങ് പ്രകടനം പുറത്തെടുത്ത വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ റിഷാബ് പന്തിന് വാനോളം പ്രശംസകൾ നൽകുകയാണ് ക്രിക്കറ്റ് ലോകം. പരമ്പരയിൽ ആകെ 185 റൺസ് അടിച്ച റിഷാബ് പന്ത് ബാംഗ്ലൂർ ടെസ്റ്റിലെ രണ്ടാം ഇന്നിങ്സിൽ അതിവേഗ അർദ്ധ സെഞ്ച്വറിയും നേടി.28 ബോളിൽ നിന്നും ഫിഫ്റ്റി അടിച്ച റിഷാബ് പന്ത് ഒരു ഇന്ത്യക്കാരന്റെ ടെസ്റ്റിലെ ഏറ്റവും വേഗതയാർന്ന ഫിഫ്റ്റിക്കും അർഹനായി.
മൂന്ന് ഫോർമാറ്റിലും നിലവിൽ ഇന്ത്യൻ ടീമിന്റെ പ്രധാനപ്പെട്ട ഭാഗമായി മാറി കഴിഞ്ഞ റിഷാബ് പന്ത് തന്റെ കരിയറിന്റെ വളർച്ചയെ കുറിച്ച് പറയുകയാണ് ഇപ്പോൾ. മുൻപ് താൻ അനേകം പിഴവുകൾ കരിയറിലുടനീളം നടത്തിയിരുന്നതായി പറഞ്ഞ റിഷാബ് പന്ത് താൻ എല്ലാ കാര്യങ്ങളും ഇപ്പോൾ പഠിക്കുകയാണെന്നും തുറന്ന് പറഞ്ഞു. ബാംഗ്ലൂർ പിച്ചിൽ ബാറ്റ് ചെയ്യാൻ വളരെ പ്രയാസമായിരുന്നതായി പറഞ്ഞ റിഷാബ് പന്ത് അതിവേഗം റൺസ് നേടുകയെന്നത് പ്രധാന പ്ലാനായി തന്നെയാണ് താൻ എത്തിയതെന്നും വിശദമാക്കി.
“ബാറ്റിംഗിലും വിക്കെറ്റ് കീപ്പിംങ്ങിലും ഞാൻ ഒരുപോലെ തിളങ്ങാനായി നോക്കാറുണ്ട്. അതേ… കരിയറിൽ ഞാൻ അനേകം പിഴവുകൾ വരുത്തിയിട്ടുണ്ട്. ഓരോ ദിവസവും അതിനാൽ തന്നെ ഞാൻ ഇപ്പോൾ പാഠങ്ങൾ പഠിച്ചാണ് മുന്നേറുന്നത്.ആദ്യകാലത്ത് ഞാൻ അനേകം കാര്യങ്ങൾ ഒരേ സമയം ചിന്തിച്ചിരുന്നു. എന്നാൽ ഇന്ന് ഞാൻ എന്റെ പ്ലാനുകൾ മാത്രമാണ് നോക്കി പോകുന്നത്. അതും പ്രകടനം വളരെ ഏറെ മെച്ചപ്പെടുത്താൻ എന്നെ സഹായിച്ചിട്ടുണ്ട്.” റിഷാബ് പന്ത് തുറന്ന് പറഞ്ഞു.