ലോകക്രിക്കറ്റിൽ ഏറ്റവും തിളക്കമുള്ള പ്രകടനങ്ങൾ കാഴ്ചവെക്കുന്ന സ്റ്റാർ പാകിസ്ഥാൻ ബൗളർ മുഹമ്മദ് ആമീർ ആഴ്ചകൾ മുൻപാണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപനം അവിചാരിതമായി നടത്തിയത്.പാക് ടീമിലെ ഏറ്റവും അപകടകാരിയായ ഫാസ്റ്റ് ബൗളർ തന്റെ ക്രിക്കറ്റിലേക്കുള്ള രണ്ടാം വരവിൽ ഏറെ നേട്ടങ്ങൾ സ്വന്തമാക്കി മുന്നേറവേയാണ് പെട്ടന്നുള്ള വിരമിക്കൽ പ്രഖ്യാപിച്ചത്.പാകിസ്ഥാൻ ക്രിക്കറ്റ് ടീമിൽ തനിക്ക് അർഹമായ പ്രാധാന്യം ഇപ്പോൾ ലഭിക്കുന്നില്ലയെന്നും ആമീർ മുൻപ് വിമർശനം ഉന്നയിച്ചിരുന്നു.
എന്നാൽ ഇപ്പോൾ പാകിസ്ഥാൻ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം വൈകാതെ ക്രിക്കറ്റിലെ വിരമിക്കൽ തീരുമാനം താരം പിൻവലിക്കാനാണ് സാധ്യത.അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരികെ വരുവാനുള്ള സാധ്യതകൾ താരം തന്നെ തുറന്ന് പറഞ്ഞതായിട്ടാണ് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.പാക് ടീം മാനേജ്മെന്റിന്റെ നടപടികളിൽ താരം ചില തിരുത്തൽ നടപടികൾ ആവശ്യമായി ഉന്നയിച്ചുവെന്നാണ് സൂചന.പാകിസ്ഥാൻ ക്രിക്കറ്റ് ടീം സി.ഇ.ഒ വസീം ഖാനുമായി താൻ നിരന്തരം വിശദമായ ചർച്ചകൾ നടത്തുകയാണെന്ന് പറഞ്ഞ മുഹമ്മദ് ആമീർ വിചാരിക്കുന്നത് പോലെ എല്ലാ കാര്യങ്ങളും മുൻപോട്ട് പോയാൽ തിരികെ പാക് ടീമിൽ തന്നെ കാണാം എന്നും തുറന്ന് പറഞ്ഞു.
നേരത്തെ 29കാരനായ ആമീർ ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച ശേഷം ബ്രിട്ടീഷ് പൗരത്വം അടക്കം നേടി ഐപിഎല്ലിൽ കളിക്കാനുള്ള ശ്രമങ്ങൾ ശക്തമാക്കിയിരുന്നു. ആമീറിനെ പോലെ ഒരു താരം വരാനിരിക്കുന്ന ടി:ട്വന്റി ലോകകപ്പ് മുൻനിർത്തി പാകിസ്ഥാൻ ടീമിലേക്ക് തിരികെ വരണമെന്നാണ് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ പ്ലാൻ. അമീർ മികച്ച ഒരു താരവും ഒപ്പം അദ്ദേഹം നൽകുന്ന സേവനം പാകിസ്ഥാൻ ടീമിനും അതീവ നിർണായകമാണെന്നും വസീം ഖാൻ വിശദീകരിച്ചത് ചർച്ചയായിരുന്നു.