അവൻ പ്രതിഭയാണ് ടെസ്റ്റിലും :ഇംഗ്ലണ്ടിൽ തിളങ്ങും -പ്രവചനവുമായി ആകാശ് ചോപ്ര

ക്രിക്കറ്റ്‌ ആരാധകർ ഏവരും വളരെയേ റെ ആവേശത്തോടെ കാത്തിരിക്കുന്നത് വരാനിരിക്കുന്ന ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിനായിട്ടാണ്. പ്രഥമ ടെസ്റ്റ് ലോകകപ്പ് കിരീടം ആരാകും സ്വന്തം ടീമിനായി ഉയർത്തുന്ന നായകനെന്ന ചർച്ച ക്രിക്കറ്റ്‌ ലോകത്ത് സജീവമാണ് ഇപ്പോൾ. തുല്യ ശക്തികളായ കിവീസ് ടീമും ഇന്ത്യൻ സംഘവും പരസ്പരം ജൂൺ പതിനെട്ടിന് ഫൈനലിൽ ഏറ്റുമുട്ടുമ്പോൾ എല്ലാ ക്രിക്കറ്റ്‌ കണ്ണുകളും 2 ടീമിലെയും ബാറ്റ്സ്മാന്മാരുടെ പ്രകടനത്തിലാണ്. ഫൈനലിനുള്ള പിച്ചിൽ പേസ് ബൗളർമാർ അധിപത്യം സ്ഥാപിക്കുമെന്ന വാർത്തകൾ വ്യാപകമാണേലും ഇരു ടീമിലെയും ബാറ്റ്സ്മാന്മാർ പരിശീലനത്തിലാണ്

ഇന്ത്യൻ ബാറ്റിംഗ് നിരയിലെ പ്രധാനപ്പെട്ട ഒരു താരമാണ് രോഹിത് ശർമ. ഓപ്പണിങ് ജോഡിയിൽ നിന്നും മികച്ചൊരു തുടക്കം ഇന്ത്യൻ ടീം മാനേജ്മെന്റ് വളരെയേറെ പ്രതീക്ഷിക്കുന്നുണ്ട്.അതിവേഗം റൺസ് കണ്ടെത്തുമെന്ന് ആരാധകർ പ്രതീക്ഷ പ്രകടിപ്പിക്കുന്ന ഓപ്പണർ രോഹിത്തിനെ കുറിച്ച് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര പങ്കുവെച്ച അഭിപ്രായമാണ് ക്രിക്കറ്റ്‌ പ്രേമികളിൽ ചർച്ചയായി മാറുന്നത്.ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ വളരെ മികച്ച സ്ഥിരതയാർന്ന പ്രകടനങ്ങൾ കാഴ്ചവെച്ച രോഹിത്തിന് നിർണായക ഫൈനലിലും തിളങ്ങുവാൻ സാധിക്കും എന്ന് ചോപ്ര പ്രവചിക്കുന്നു.

ഇംഗ്ലണ്ടിൽ ആദ്യമായി ടെസ്റ്റിൽ ഓപ്പണിങ് റോളിൽ എത്തുന്ന രോഹിത്തിനെ കുറിച്ച് യാതൊരു ആശങ്കക്കും സാഹചര്യമില്ല എന്ന് ചോപ്ര പറയുന്നു. “അവന്റെ കഴിവ് നമുക്ക് എല്ലാം അറിയാം. ടീമും അവനിൽ വിശ്വസിക്കുന്നുണ്ട്. 2019ലെ ഏകദിന ലോകകപ്പ് ടൂർണമെന്റിൽ ഇംഗ്ലണ്ട് മണ്ണിൽ രോഹിത് നേടിയത് 5 മികച്ച സെഞ്ച്വറികളാണ്. അത്തരത്തിൽ മിന്നും ബാറ്റിംഗ് പുറത്തെടുത്ത അവന് വരുന്ന ഇംഗ്ലണ്ടിലെ ടെസ്റ്റ് മത്സരങ്ങളിൽ വളരെ എളുപ്പത്തിൽ രണ്ടോ മൂന്നോ സെഞ്ച്വറി വരെ നേടാൻ കഴിയും. നമുക്ക് വരുന്ന ഇംഗ്ലണ്ട് പര്യടനത്തിൽ രോഹിത്തിന്റെ ബാറ്റിൽ നിന്നും വലിയ സെഞ്ച്വറികൾ തന്നെ പ്രതീക്ഷിക്കാം.”ചോപ്ര അഭിപ്രായം വിശദീകരിച്ചു.