ന്യൂസിലന്‍റിനെതിരെയുള്ള ടി20 പരമ്പരയിലെ ആദ്യ പോരാട്ടത്തില്‍ തകര്‍പ്പന്‍ വിജയവുമായി പാക്കിസ്ഥാന്‍. പാക്കിസ്ഥാന്‍ ഉയര്‍ത്തിയ 183 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ന്യൂസിലന്‍റ് 94 റണ്‍സില്‍ പുറത്തായി. 88 റണ്‍സിന്‍റെ വിജയമാണ് ലാഹോറില്‍ നടന്ന മത്സരത്തില്‍ പാക്കിസ്ഥാന്‍ സ്വന്തമാക്കിയത്.
പവര്‍പ്ലേയില്‍ മികച്ച തുടക്കമാണ് ന്യൂസിലന്‍റിന് ലഭിച്ചത്. ബാബര്‍ അസമിനേയും (9) റിസ്വാനേയും (8) പുറത്താക്കി ആദം മില്‍നേ ഗംഭീര തുടക്കം നല്‍കി. തകര്‍ച്ചയില്‍ നിന്നും രക്ഷിച്ചത് ആയൂബും (28 പന്തില്‍ 47) ഫഖര്‍ സമാനും (34 പന്തില്‍ 47) ചേര്‍ന്നാണ്.
2 ന് 30 എന്ന നിലയില്‍ നിന്നും ഇരുവരും ചേര്‍ന്ന് 100 കടത്തി. എന്നാല്‍ 3 ഓവറിനിടയില്‍ 4 വിക്കറ്റുകള്‍ വീണതോടെ പാക്കിസ്ഥാന്‍ 131 ന് 6 എന്ന നിലയിലായി. ഇമാദ് (16) ഫഹീം അഷറഫ് (22) റൗഫ് (11) എന്നിവരുടെ ചെറിയ പോരാട്ടം ടീമിനെ 182 എന്ന സ്കോറിലേക്ക് എത്തിച്ചു. ഷഡബ് ഖാന്‍, ഇഫ്ത്തിക്കര്‍ അഹമ്മദ്, ഷഹീന്‍ എന്നിവരെ പുറത്താക്കി മാറ്റ് ഹെന്‍റി ഹാട്രിക്കും സ്വന്തമാക്കി.
മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലന്‍റിനു പവര്‍പ്ലേയില്‍ തന്നെ 3 വിക്കറ്റുകള്‍ നഷ്ടമായി. പിന്നീട് ഒരു തിരിച്ചു വരവ് ന്യൂസിലന്‍റിനു സാധ്യമായില്ല. 34 റണ്‍സുമായി ചാപ്മാന്‍ ടീമിന്‍റെ ടോപ്പ് സ്കോററായി. പാക്കിസ്ഥാന്‍ ബോളര്‍മാര്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തതോടെ ന്യൂസിലന്‍റ് 15.3 ഓവറില്‍ 94 റണ്‍സില്‍ എല്ലാവരും പുറത്തായി. 4 വിക്കറ്റുമായി റൗഫാണ് ന്യൂസിലന്‍റിനെ തകര്‍ത്തത്.
ഇമാദ് വസീം 2 വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഷഹീന്‍, സമന്‍ ഖാന്‍, ഫഹീം അഷറഫ്, ഷഡബ് ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. പരമ്പരയിലെ അടുത്ത മത്സരം ഏപ്രില്‍ 15 നാണ്.