പാക്കിസ്ഥാന്‍ മണ്ണില്‍ അടിയോടടി. തകര്‍പ്പന്‍ വിജയവുമായി ഇംഗ്ലണ്ട്

പാക്കിസ്ഥാനെതിരെയുള്ള ടി20 പരമ്പരയിലെ ആറാം മത്സരത്തില്‍ ഇംഗ്ലണ്ടിനു വിജയം. പാക്കിസ്ഥാന്‍ ഉയര്‍ത്തിയ 170 റണ്‍സ് വിജയലക്ഷ്യം വെടിക്കെട്ട് പ്രകടനത്തോടെ ഇംഗ്ലണ്ട് 2 വിക്കറ്റ് നഷ്ടത്തില്‍ 14.3 ഓവറില്‍ നേടിയെടുത്തു. പരമ്പരയില്‍ ഇരു ടീമും ഒപ്പത്തിനൊപ്പമെത്തി. അര്‍ദ്ധസെഞ്ചുറിയുമായി തിളങ്ങിയ ഫില്‍പ്പ് സാള്‍ട്ടാണ് വിജയമൊരുക്കിയത്

വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിനായി ഓപ്പണര്‍മാരായ ഫിലിപ്പ് സാള്‍ട്ടും – അലക്സ് ഹെയ്ല്‍സും മികച്ച തുടക്കമാണ് നല്‍കിയത്. അലക്സ് ഹെയ്ല്‍സ് (12 പന്തില്‍ 27) നാലാം ഓവറില്‍ പുറത്താകുമ്പോള്‍ ഇംഗ്ലണ്ട് സ്കോര്‍ ബോര്‍ഡില്‍ 55 റണ്‍സുണ്ടായിരുന്നു.

വിക്കറ്റ് വീണപ്പോഴും ഫിലിപ്പ് സാള്‍ട്ട് ആക്രമണ ബാറ്റിംഗ് അഴിച്ചുവിട്ടപ്പോള്‍ ഇംഗ്ലണ്ട് 7 ഓവറില്‍ 100 കടന്നു. 15ാം ഓവറില്‍ ഇംഗ്ലണ്ട് വിജയം കണ്ടെത്തുമ്പോള്‍ ഫില്‍ സാള്‍ട്ട് 41 പന്തില്‍ 13 ഫോറും 3 സിക്സും സഹിതം 87 റണ്‍സ് നേടി. മലാന്‍ (18 പന്തില്‍ 26) ഡക്കറ്റ് (16 പന്തില്‍ 26) എന്നിവര്‍ മികച്ച പിന്തുണ നല്‍കി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ നിശ്ചിത 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സാണ് നേടിയത്. 59 പന്തില്‍ 87 റണ്‍സുമായി ക്യാപ്റ്റന്‍ ബാബര്‍ അസം പുറത്താകാതെ നിന്നപ്പോള്‍ 31 റണ്‍സെടുത്ത ഇഫ്തീഖര്‍ അഹമ്മദ് മാത്രമാണ് പിന്തുണ നല്‍കിയത്. ഇംഗ്ലണ്ടിനായി സാം കറനും ഡേവിഡ് വില്ലിയും രണ്ട് വിക്കറ്റ് വീതമെടുത്തു.

Previous articleഇന്ത്യന്‍ ടീമിലേക്ക് ഞാന്‍ തിരിച്ചുവരും. പ്രതീക്ഷയുമായി വരുണ്‍ ചക്രവര്‍ത്തി
Next articleറെക്കോഡ് ബുക്കില്‍ പേര് എഴുതിചേര്‍ക്കല്‍ തുടരുന്നു. ഇത്തവണ വിരാട് കോഹ്ലിക്ക് ഒപ്പം