ഏഷ്യ കപ്പിലെ ത്രില്ലിങ്ങ് പോരാട്ടത്തില്‍ അഫ്ഗാനെ തോല്‍പ്പിച്ച് പാക്കിസ്ഥാന്‍ ഫൈനലില്‍ എത്തി. അഫ്ഗാന്‍ ഉയര്‍ത്തിയ 130 റണ്‍സ് വിജയലക്ഷ്യം 9 വിക്കറ്റ് നഷ്ടത്തില്‍ 19.2 ഓവറില്‍ പാക്കിസ്ഥാന്‍ മറികടന്നു. അവസാന ഓവറില്‍ തുടര്‍ച്ചയായ രണ്ട് സിക്സ് പറത്തിയാണ് നസീം ഷാ പാക്കിസ്ഥാനെ വിജയിപ്പിച്ചത്. ഫൈനലില്‍ ശ്രീലങ്കയാണ് എതിരാളികള്‍.
വിജയലക്ഷ്യവുമായി ഇറങ്ങിയ പാക്കിസ്ഥാന് രണ്ടാം പന്തില്‍ തന്നെ ബാബര്‍ അസം ഗോള്‍ഡന്‍ ഡക്കായി. ഫഖര്‍ സമാനും (5) റണ്ണൗട്ടായതോടെ പാക്കിസ്ഥാന്‍ 18 ന് 2 എന്ന നിലയിലായി. മുഹമ്മദ് റിസ്വാന്‍ (20) ഇഫ്തികര്‍ അഹമ്മദ് (30) ഷഡബ് ഖാന്‍ (36) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം നടത്തിയെങ്കിലും കൃത്യമായ ഇടവേളയില്‍ അഫ്ഗാന്‍ വിക്കറ്റ് വീഴ്ത്തി.
അവസാന ഓവറുകളില്‍ ക്രീസില്‍ അസീഫ് അലി ഉണ്ടായിരുന്നെങ്കിലും 19ാം ഓവറില്‍ പുറത്തായത് പാക്കിസ്ഥാനു തിരിച്ചടി നല്‍കി. അവസാന ഓവറില്‍ വിജയിക്കാന്‍ 11 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. പതിനൊന്നാമനായ നസീം ഷാ, അവസാന ഓവറിലെ ആദ്യ രണ്ട് പന്തുകള്‍ തുടര്‍ച്ചയായ സികസ് കടത്തി പാക്കിസ്ഥാനെ ഫൈനലില്‍ എത്തിച്ചു.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാന്‍ നിശ്ചിത 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 129 റണ്‍സാണ് നേടിയത്. തുടക്കത്തില്‍ ഹസ്റത്തുള്ളയും (21) ഗുര്‍ബാസും (17) അതിവേഗം മികച്ച തുടക്കമാണ് നല്‍കിയത്. ഇരുവരുടേയും വിക്കറ്റിനു ശേഷം പാക്കിസ്ഥാന്‍ തിരിച്ചെത്തി.
35 റണ്‍സ് എടുത്ത ഇബ്രാഹിം സര്‍ദാന്‍ ആണ് അഫ്ഗാന്റെ ടോപ് സ്കോറര്‍ ആയത്. പാകിസ്താനായി ഹാരിസ് റഹൂഫ് 2 വിക്കറ്റും നസീം ഷാം, ഹസ്നൈന്‍, നവാസ്, ഷദബ് ഖാന്‍ എന്നിവര്‍ ഒരോ വിക്കറ്റ് വീതവും വീഴ്ത്തി.