ലോകക്രിക്കറ്റിലെ ആവേശഭരിതമായ മത്സരങ്ങൾ പിറന്നത് ഇന്ത്യയും പാക്കിസ്ഥാനും നേർക്കുനേർ പോരാടിയപ്പോഴായിരുന്നു. ലോക ക്രിക്കറ്റിനെ തന്നെ ആവേശത്തിലാഴ്ത്തിയ ഇന്ത്യ-പാകിസ്ഥാൻ മത്സരങ്ങൾ ക്രിക്കറ്റിലെ ഒരു പ്രത്യേക ബ്രാൻഡ് തന്നെയാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ പ്രശ്നങ്ങൾ മൂലം ദ്വിരാഷ്ട്രപരമ്പരകൾ നടക്കുന്നില്ലെങ്കിലും ഇന്ത്യയും പാകിസ്ഥാനും ഇപ്പോഴും ഐസിസി ടൂർണമെന്റുകളിൽ ഏറ്റുമുട്ടാറുണ്ട്. എന്നാൽ മുൻപ് ഇന്ത്യ-പാകിസ്ഥാൻ ദ്വിരാഷ്ട്ര പരമ്പരകളിലും നടന്നിരുന്നു. ഈ സാഹചര്യത്തിൽ ഇന്ത്യൻ ടീമിലെ ഏറ്റവും അപകടകാരിയായ ബാറ്ററെപറ്റി സംസാരിക്കുകയാണ് മുൻ പാക്കിസ്ഥാൻ താരം അബ്ദുൽ റസാക്ക്. സച്ചിൻ ടെണ്ടുൽക്കറെക്കാളും അപകടകാരിയായിരുന്ന ഒരു ഇന്ത്യൻ ബാറ്റർ ഉണ്ടായിരുന്നു എന്നാണ് റസാക്ക് പറയുന്നത്.
റസാക്കിന്റെ അഭിപ്രായത്തിൽ വീരേന്ദർ സേവാഗാണ് ഇന്ത്യയുടെ അന്നത്തെ ലൈനപ്പിലെ ഏറ്റവും അപകടകാരിയായ ബാറ്റർ. “വീരേന്ദർ സേവാഗായിരുന്നു ഏറ്റവും അപകടകാരിയായ കളിക്കാരൻ. അതിനുശേഷമാണ് സച്ചിൻ ടെണ്ടുൽക്കർ. പാക്കിസ്ഥാൻ സച്ചിനെതിരെയും സേവാഗിനെതിരെയും ഒരുപാട് പ്ലാനുകൾ ഉപയോഗിച്ചിരുന്നു. ഞങ്ങൾ പ്രധാനമായും കണക്കുകൂട്ടിയിരുന്നത് ഈ രണ്ടു വിക്കറ്റുകൾ വീഴുകയാണെങ്കിൽ മത്സരം വിജയിക്കുമെന്ന് തന്നെയായിരുന്നു. ബോളിഗിൽ ഞങ്ങൾ പ്രധാനമായും പ്ലാൻ ചെയ്തിരുന്നത് സഹീർ ഖാനെതിരെയാണ്. ഒപ്പം ഇർഫാൻ പത്താനും ആ സമയത്ത് മികച്ചുനിന്നു. ഹർഭജൻ സിംഗും ഭീഷണി ഉണ്ടാക്കിയിരുന്നു. ഇവരൊക്കെയാണ് വലിയ മത്സരങ്ങളിൽ ഇന്ത്യയ്ക്കായി മികച്ച പ്രകടനങ്ങൾ നടത്തിയ ക്രിക്കറ്റർമാർ.”- റസാക്ക് പറഞ്ഞു.
ഇതോടൊപ്പം സച്ചിൻ, സേവാഗ്, യുവരാജ് എന്നിവർക്കെതിരെ പാകിസ്ഥാൻ പലപ്പോഴായി ഉപയോഗിച്ച പ്ലാനുകളെപറ്റിയും റസാക്ക് സംസാരിക്കുകയുണ്ടായി. “മധ്യനിരയിൽ ഞങ്ങൾക്ക് ഭയമുണ്ടായിരുന്നത് യുവരാജിനെയായിരുന്നു. സച്ചിൻ, സേവാഗ്, യുവരാജ് എന്നിവരായിരുന്നു ഞങ്ങളുടെ ലിസ്റ്റിലുള്ള വലിയ പേരുകൾ. ഇവരെ പുറത്താക്കുമ്പോൾ ഞങ്ങൾ കരുതിയിരുന്നത് ഞങ്ങൾ വലിയ വിക്കറ്റുകൾ നേടി എന്ന് തന്നെയാണ്. പാക്കിസ്ഥാൻ ഇവർക്കെതിരെ വലിയ രീതിയിൽ പ്ലാൻ ചെയ്യുമായിരുന്നു. ഇവർക്കെതിരെ ഏതുതരം ബോളുകൾ എറിയണം, എങ്ങനെ ഫീൽഡ് ക്രമീകരിക്കണം, ഏത് ഏരിയയിൽ ബോൾ ചെയ്യണം, ഏതൊക്കെ ബോളർമാർ എറിയണം ഇങ്ങനെയുള്ള കാര്യങ്ങളൊക്കെയും ഞങ്ങൾ പ്ലാൻ ചെയ്തിരുന്നു. അതേപോലെതന്നെ ഞങ്ങളുടെ ബാറ്റർമാർ സഹീറിനും ഹർഭജനും ഇർഫാനുമെതിരെ വലിയ പ്ലാനുകൾ രൂപീകരിക്കുമായിരുന്നു.”- റസാക്ക് കൂട്ടിച്ചേർക്കുന്നു.
സച്ചിനും സേവാഗിനും വളരെ വലിയ റെക്കോർഡുകളായിരുന്നു പാക്കിസ്ഥാനെതിരെ ഉണ്ടായിരുന്നത്. 69 ഏകദിനങ്ങളിൽ നിന്ന് സച്ചിൻ പാകിസ്ഥാനെതിരെ നേടിയത് 2526 റൺസാണ്. പാക്കിസ്ഥാനെതിരെ 31 ഏകദിനങ്ങൾ കളിച്ചിട്ടുള്ള സേവാഗിന്റെ സമ്പാദ്യം 1071 റൺസായിരുന്നു. ആ സമയത്ത് ലോകക്രിക്കറ്റിലെ എല്ലാ ടീമുകളുടെയും പേടിസ്വപ്നം തന്നെയായിരുന്നു സച്ചിൻ-സേവാഗ് ഓപ്പണിംഗ് ജോഡി.