തുടർച്ചയായി 4 ട്വന്റി20കളിൽ പൂജ്യനായി പാകിസ്ഥാൻ താരം. സൂര്യകുമാറിന്റെ നാണക്കേടിന്റെ റെക്കോർഡും മറികടന്നു.

നാണക്കേടിന്റെ റെക്കോർഡ് കയ്യടക്കി പാക്കിസ്ഥാൻ സൂപ്പർ താരം അബ്ദുള്ള ഷെഫീഖ്. ട്വന്റി20 ക്രിക്കറ്റിൽ  തുടർച്ചയായി 4 ഇന്നിങ്സുകളിൽ പൂജ്യനായി പുറത്തായാണ് ഷഫീഖ് നാണക്കേടിന്റെ റെക്കോർഡ് തീർത്തത്. ഇതാദ്യമായാണ് ഒരു കളിക്കാരൻ അന്താരാഷ്ട്ര ട്വന്റി20 മത്സരങ്ങളിൽ തുടർച്ചയായി നാല് ഇന്നിങ്സുകളിൽ പൂജ്യനായി മടങ്ങുന്നത്. അഫ്ഗാനിസ്ഥാനെതിരായ രണ്ടാം ട്വന്റി20 മത്സരത്തിൽ ഗോൾഡൻ ഡക്കായി മടങ്ങിയാണ് ഷെഫീഖ് ഈ റെക്കോർഡ് തീർത്തത്.

ഇതിനുമുമ്പ് ന്യൂസിലാൻഡിനെതിരെ ആയിരുന്നു അവസാനമായി ഷെഫീക്ക് ട്വന്റി20 മത്സരം കളിച്ചത്. 2020ൽ കളിച്ച തന്റെ അവസാന രണ്ട് മത്സരങ്ങളിലും ഷെഫീക്ക് പൂജ്യനായി മടങ്ങുകയുണ്ടായി. ഹാമിൽട്ടനിൽ നടന്ന മത്സരത്തിലും ഓക്ലാണ്ടിൽ നടന്ന മത്സരത്തിലും ഷെഫീക്ക് റൺസൊന്നും എടുക്കാതെ കൂടാരം കയറുകയായിരുന്നു. ശേഷം പാക്കിസ്ഥാൻ ഷെഫീക്കിനെ തങ്ങളുടെ ടീമിൽ നിന്ന് ഒഴിവാക്കുകയുണ്ടായി. പിന്നീട് മൂന്ന് വർഷങ്ങൾക്കുശേഷം ആയിരുന്നു ഷെഫീക്ക് പാകിസ്ഥാൻ ടീമിലേക്ക് തിരികെയെത്തിയത്. തിരികെയെത്തിയുള്ള ആദ്യ മത്സരത്തിൽ അഫ്ഗാനിസ്ഥാനെതിരെ ഷെഫീക്ക് പൂജ്യനായി മടങ്ങി. ശേഷമാണ് ഇപ്പോൾ രണ്ടാം മത്സരത്തിലും പൂജ്യനായി റെക്കോർഡ് സൃഷ്ടിച്ചത്. ഇതോടെ ഷെഫീക്കിന്റെ ട്വന്റി20 അന്താരാഷ്ട്ര കരിയർ ചോദ്യചിഹ്നമായി നിൽക്കുന്നു.

സാമൂഹ്യ മാധ്യമങ്ങളിലടക്കം ആരാധകർ ഷെഫീഖിന്റെ ഈ നാണക്കേടിന്റെ റെക്കോർഡ് സൂര്യകുമാർ യാദവുമായാണ് താരതമ്യം ചെയ്യുന്നത്. ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിൽ തുടർച്ചയായി മൂന്നു മത്സരങ്ങളിലും സൂര്യകുമാർ യാദവ് ഗോൾഡൻ ഡക്കായി പുറത്തായിരുന്നു. ഏകദിന ക്രിക്കറ്റ് ചരിത്രത്തിൽ തന്നെ ആദ്യമായിയായിരുന്നു ഒരു ക്രിക്കറ്റർ പരമ്പരയിലെ എല്ലാ മത്സരങ്ങളിലും ഗോൾഡൻ ഡക്കായി പുറത്താവുന്നത്. ആ സംഭവത്തിന് തൊട്ടു പിന്നാലെയാണ് ഷെഫീക്കിന്റെ ഈ പൂജ്യം റെക്കോർഡും പിറന്നിരിക്കുന്നത്.

പാക്കിസ്ഥാന്റെ അഫ്ഗാനിസ്ഥാനെതിരായ 20-20 പരമ്പരയിലേക്ക് കടന്നുവന്നാൽ വളരെ നാടകീയമായ മുഹൂർത്തങ്ങളാണ് ഉണ്ടായിരിക്കുന്നത്. ശക്തരായ പാകിസ്താനെ ആദ്യ രണ്ട് ട്വന്റി20 മത്സരങ്ങളിലും പരാജയപ്പെടുത്താൻ അഫ്ഗാനിസ്ഥാന് സാധിച്ചിട്ടുണ്ട്. ഇതോടെ പാക്കിസ്ഥാനെതിരെ തങ്ങളുടെ ആദ്യ ട്വന്റി20 പരമ്പരയും അഫ്ഗാനിസ്ഥാൻ നേടിയിരിക്കുകയാണ്. പരമ്പരയിലെ അവസാന മത്സരം ഇന്ന് ഷാർജയിലാണ് നടക്കുന്നത്.

Previous articleപുതിയ ക്യാപ്റ്റനെ തീരുമാനിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്.
Next articleആദ്യമത്സരത്തിൽ ഡക്കായി പുറത്ത്. ശേഷം റെയ്‌ന ധവാന് നൽകിയ തകർപ്പൻ ഉപദേശം.