ആദ്യമത്സരത്തിൽ ഡക്കായി പുറത്ത്. ശേഷം റെയ്‌ന ധവാന് നൽകിയ തകർപ്പൻ ഉപദേശം.

dhawan debut

ഇന്ത്യൻ ക്രിക്കറ്റിനായി ഒരുപാട് സംഭാവനകൾ നൽകിയിട്ടുള്ള ക്രിക്കറ്ററാണ് ഓപ്പണർ ശിഖർ ധവാൻ. കഴിഞ്ഞ സമയങ്ങളിൽ മോശം പ്രകടനങ്ങൾ മൂലം ഇന്ത്യൻ ടീമിന് പുറത്തേക്ക് പോയെങ്കിലും ശിഖർ ധവാൻ നൽകിയ സംഭാവനകൾ ഒരിക്കലും ഇന്ത്യയ്ക്ക് മറക്കാൻ സാധിക്കില്ല. തന്റെ അരങ്ങേറ്റ മത്സരത്തിൽ പൂജ്യത്തിലാണ് ശിഖർ ധവാൻ കൂടാരം കയറിയത്. അന്ന് നിരാശനായി മടങ്ങിയപ്പോൾ തന്റെ സഹതാരമായ സുരേഷ് റെയ്ന നൽകിയ അവിസ്മരണീയമായ ഉപദേശത്തെ പറ്റി ശിഖർ ധവാൻ പറയുകയുണ്ടായി

ഓസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിലായിരുന്നു ശിഖർ ധവാൻ തന്റെ അരങ്ങേറ്റം കുറിച്ചത്. “ഏതൊരു യുവ ക്രിക്കറ്ററെ സംബന്ധിച്ചും ഇന്ത്യൻ ടീമിനായി കളിക്കുക എന്നത് വലിയൊരു സ്വപ്നം തന്നെയാണ്. എന്റെ അരങ്ങേറ്റ മത്സരത്തിന്റെ ആ രാത്രിയിൽ ഞാൻ ഉറങ്ങിയിരുന്നില്ല. പിറ്റേന്ന് രാവിലെ തന്നെ ഞാൻ എഴുന്നേൽക്കുകയും ചെയ്തു. എന്നാൽ അന്ന് മത്സരം മഴമൂലം പൂർണമായി ഉപേക്ഷിക്കുകയാണ് ഉണ്ടായത്. പക്ഷെ രണ്ടാം മത്സരത്തിൽ വിശാഖപട്ടണത്ത് എനിക്ക് അരങ്ങേറ്റം കുറിക്കാൻ അവസരം ലഭിച്ചു. ഞാൻ ഇന്ത്യക്കായി ആദ്യമായി ബാറ്റേന്തി. പക്ഷേ മത്സരത്തിന്റെ രണ്ടാമത്തെ ഓവറിൽ തന്നെ ഞാൻ ബൗൾഡായി മടങ്ങുകയായിരുന്നു. മത്സരത്തിൽ ഒരു സെഞ്ച്വറി ലക്ഷ്യം വച്ചിറങ്ങിയ എനിക്ക് പൂജ്യനായി ഡഗൗട്ടിലേക്ക് മടങ്ങേണ്ടി വന്നു.”- ശിഖർ ധവാൻ പറയുന്നു.

See also  പന്ത് - മക്ഗര്‍ക്ക് അറ്റാക്കിൽ ഡൽഹി 🔥🔥 ലക്‌നൗവിനെ 6 വിക്കറ്റിന് മുട്ടുകുത്തിച്ചു.
dhawan

“ആ സമയത്ത് പവലയനിൽ ഉണ്ടായിരുന്നത് സുരേഷ് റെയ്നയാണ്. ആ സമയത്ത് റെയ്‌ന ഒരു സീനിയർ കളിക്കാരനായിരുന്നു. അദ്ദേഹം എന്റെ അടുത്തുവന്ന് ഇങ്ങനെ പറഞ്ഞു-‘ഞാനും പൂജ്യത്തിന് പുറത്തായിട്ടുണ്ട്. എം എസ് ധോണി പോലും റൺസ് ഒന്നും എടുക്കാതെ പുറത്തായിരുന്നു. ഇതൊരു ഭാഗ്യ പൂജ്യമായി എടുക്കണം.’ ഇതുകേട്ട് ഞാൻ ചിരിക്കാൻ തുടങ്ങി. ശേഷം എനിക്ക് ടീമിൽ ഇനിയെന്നാണ് ഒരു അവസരം ലഭിക്കുക എന്നതിനെപ്പറ്റി ഞാൻ ആലോചിച്ചു തുടങ്ങി. കാരണം ആ സമയത്ത് സേവാഗും ഗംഭീറും തങ്ങളുടെ പ്രതാപ കാലത്തായിരുന്നു ബാറ്റ് ചെയ്തിരുന്നത്.”- ധവാൻ കൂട്ടിച്ചേർക്കുന്നു.

2011ലെ വിൻഡീസിനെതിരായ ഇന്ത്യയുടെ പര്യടനത്തിനു ശേഷമായിരുന്നു ഏകദിന ടീമിൽ നിന്ന് ധവാനേ മാറ്റിനിർത്തിയത്. എന്നാൽ 2013ൽ ഒരു വലിയ തിരിച്ചുവരവ് നടത്താൻ ധവാന് സാധിച്ചു. ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ ആ വർഷം മികവാർന്ന പ്രകടനമായിരുന്നു ധവാൻ കാഴ്ചവച്ചത്. അത്തരത്തിൽ ധവാൻ ഇനിയും ഇന്ത്യൻ ടീമിലേക്ക് തിരിച്ചുവരവ് നടത്തും എന്ന പ്രതീക്ഷയിലാണ് ആരാധകർ.

Scroll to Top