ഈ ഇന്ത്യയുടെ മുമ്പിൽ പാകിസ്ഥാനൊക്കെ മുട്ടുവിറയ്ക്കും. പാക് താരം തന്നെ പറയുന്നു.

india vs pakistan

2023 ഏകദിന ലോകകപ്പിൽ ഇന്ത്യൻ ടീമിനെ പരാജയപ്പെടുത്തുക എന്നത് വലിയ പ്രയാസമുള്ള കാര്യമാണ് എന്ന് തുറന്നു പറഞ്ഞുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് പാക്കിസ്ഥാൻ താരം മുഹമ്മദ് ആമിർ. ഇന്ത്യയെ തങ്ങളുടെ നാട്ടിൽ പരാജയപ്പെടുത്തുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമാണെന്ന് ആമിർ പറയുന്നു. മാത്രമല്ല 2023 ഏകദിന ലോകകപ്പിൽ ഇന്ത്യ തന്നെയാണ് ഫേവറേറ്റുകൾ എന്ന് ആമിർ ആവർത്തിക്കുകയാണ്. ഇന്ത്യൻ സാഹചര്യത്തിൽ കിരീടമുയർത്താൻ ഏറ്റവും സാധ്യതയുള്ള ടീം ഇന്ത്യ തന്നെയാണെന്ന് ആമിർ അംഗീകരിക്കുന്നു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ആമിർ ഇക്കാര്യം പറഞ്ഞത്.

“ഇന്ത്യയിലാണ് മത്സരം നടക്കുന്നത് എന്നതിനാൽ ഇന്ത്യ തന്നെയാണ് ലോകകപ്പിലെ ഏറ്റവും വലിയ ഫേവറേറ്റുകൾ. ഇന്ത്യക്കെതിരെ ഏത് ടീം കളിച്ചാലും അവർ തങ്ങളുടെ 110% കഠിനപ്രയത്നവും കൊടുക്കേണ്ടിവരും. അവരുടെ തട്ടകത്തിൽ ഇന്ത്യ എപ്പോഴും അപകടകരമായ ഒരു ടീം തന്നെയാണ്. മാത്രമല്ല ഇന്ത്യയിൽ മത്സരം വിജയിക്കുക എന്നത് മറ്റു ടീമുകൾക്ക് അത്ര അനായാസ ജോലിയല്ല.

മ്മൾ ഓസ്ട്രേലിയയിലാണ് കളിക്കുന്നതെങ്കിൽ അവിടെ എല്ലാ ടീമുകളും അവർക്കെതിരെ പ്രതിസന്ധിയിലാവും. അതേപോലെ തന്നെയാണ് ഇന്ത്യയിൽ കളിക്കുമ്പോഴും. എല്ലാ ടീമുകളും ഇന്ത്യക്കെതിരെ പ്രതിസന്ധിയിലാവും. അതുകൊണ്ടുതന്നെ ഇത്തവണത്തെ ലോകകപ്പ് നേടാൻ ഏറ്റവും സാധ്യതയുള്ള ടീം ഇന്ത്യ തന്നെയാണ്.”- ആമിർ പറയുന്നു.

Read Also -  കേരളത്തിന്റെ ഐപിഎൽ വരുന്നു, ടീമിനെ സ്വന്തമാക്കാന്‍ സഞ്ജു.

ഇതോടൊപ്പം ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ദ്വിരാഷ്ട്ര പരമ്പരകൾ നടത്തേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും ആമിർ സംസാരിക്കുകയുണ്ടായി. “ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ദ്വിരാഷ്ട്ര പരമ്പരകൾ ഉണ്ടാവേണ്ടതുണ്ട്. പാക്കിസ്ഥാൻ ഇന്ത്യയിലും ഇന്ത്യ പാകിസ്ഥാനിലും ദ്വിരാഷ്ട്ര പരമ്പരകൾ കളിക്കാൻ തയ്യാറാവണം. ഇക്കാര്യത്തെപ്പറ്റി ഈ രണ്ട് ടീമുകളോട് ചോദിക്കുമ്പോഴും അവർ പറയുന്നത് ഗവൺമെന്റ് തീരുമാനിക്കട്ടെ എന്നാവും. എന്നാൽ ആരാധകരുടെ ആഗ്രഹം ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ ദ്വിരാഷ്ട്ര പരമ്പരകൾ നടക്കണം എന്നതാണ്. കളിക്കാരിലുപരി ആരാധകരാണ് അതിനായി ഏറ്റവും കാത്തിരിക്കുന്നത്.”- ആമിർ കൂട്ടിച്ചേർത്തു.

ഒക്ടോബർ അഞ്ചിനാണ് 2023 ഏകദിന ലോകകപ്പ് ആരംഭിക്കുന്നത്. ശേഷം ഒക്ടോബർ എട്ടിന് ഇന്ത്യ തങ്ങളുടെ ആദ്യ മത്സരത്തിൽ ഓസ്ട്രേലിയക്കെതിരെ മൈതാനത്തിറങ്ങും. ഇതിന് ശേഷമാണ് ഇന്ത്യ പാകിസ്ഥാനെതിരെ പോരാടുന്നത്. ഒക്ടോബർ 14ന് അഹമ്മദാബാദിലാണ് ലോകകപ്പിലെ ഇന്ത്യ- പാകിസ്ഥാൻ പോരാട്ടം നടക്കുന്നത്.

ഇതിനുമുമ്പ് ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ ഏറ്റുമുട്ടിയത് 2023 ഏഷ്യാകപ്പ് സൂപ്പർ 4 റൗണ്ടിലായിരുന്നു. അന്ന് ഒരു വമ്പൻ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. അതിന് പകരം വീട്ടാനുള്ള തയ്യാറെടുപ്പിലാണ് പാക്കിസ്ഥാൻ ടീം.

Scroll to Top